കാമ്പസുകളിൽ സംരക്ഷണ സേനയൊരുക്കും -കെ. സുധാകരൻ
text_fieldsകണ്ണൂർ: പാർട്ടി പ്രവർത്തകരുടെ സംരക്ഷണത്തിന് പ്രഥമ പരിഗണന നൽകുമെന്നും അക്രമങ്ങൾ ചെറുക്കാൻ സംരക്ഷണ സേനക്ക് കോൺഗ്രസ് രൂപം നൽകുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. കെ.എസ്.യു ജില്ല പ്രസിഡന്റ് എം.സി. അതുലിന്റെ ചുമതല ഏറ്റെടുക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോഷക സംഘടനകൾ ഉൾപ്പെടെയുള്ളവയുടെ അടിത്തറ ഭദ്രമാക്കുന്നതിനുള്ള നയപരിപാടികൾ ആവിഷ്കരിച്ച് പാർട്ടി നേതൃത്വം മുന്നോട്ടു പോവുകയാണ്.
ഇതിന്റെ ഭാഗമായി പ്രത്യേക സമിതികൾക്ക് രൂപം നൽകാൻ പോവുകയാണെന്നും സുധാകരൻ പറഞ്ഞു. പാർട്ടി പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾ ചെറുക്കുന്നതോടൊപ്പം തന്നെ അവരുടെ ആവശ്യങ്ങൾ മനസിലാക്കി നിർവഹിക്കുന്നതിനും പ്രാദേശികതലം മുതൽ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയും സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഭാഗമായുള്ള കേസുകൾ ഉൾപ്പെടെയുള്ളവ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും പ്രത്യേക സംവിധാനത്തിന് രൂപം നൽകിയതായും അദ്ദേഹം സൂചിപ്പിച്ചു.
മുൻ ജില്ല പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസിൽ നിന്നും എം.സി. അതുൽ ചുമതല ഏറ്റെടുത്തു. പി. മുഹമ്മദ് ഷമ്മാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, കോൺഗ്രസ് നേതാക്കളായ വി.എ. നാരായണൻ, സോണി സെബാസ്റ്റ്യൻ, പി.ടി. മാത്യു, ടി.ഒ. മോഹനൻ, സജീവ് മാറോളി, ചന്ദ്രൻ തില്ലങ്കേരി, ഡോ. ഷമാ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.