വീട്ടുമുറ്റത്ത് താമരപ്പൂ വിരിഞ്ഞ ആഹ്ലാദത്തിൽ സീമ
text_fieldsകണിച്ചാർ (കണ്ണൂർ): ജോലിത്തിരക്കിനിടയിൽ മറ്റൊന്നിനും നേരമില്ലെന്ന് പരിതപിക്കുന്നവർക്ക്, കണിച്ചാർ സ്വദേശിനി സീമ വീട്ടുമുറ്റത്ത് നട്ടുപരിപാലിക്കുന്ന ചെടികളെ കുറിച്ചറിയുന്നത് ഒരുപക്ഷേ പ്രചോദനമായി തീർന്നേക്കാം. 500ഓളം ഇനത്തിൽ പെട്ട ചെടികളാണ് സീമ നട്ടുപരിപാലിക്കുന്നത്.
എന്നാൽ, സീമക്ക് ഏറെ സന്തോഷം നൽകുന്നത്, ഒരു വർഷം മുമ്പ് ഓൺലൈൻ വഴി വാങ്ങിയ താമര വിത്ത് നട്ടുപരിപാലിച്ച് അതിൽ പൂവിരിഞ്ഞതാണ്. കേരളത്തിൽ, പ്രത്യേകിച്ച് മലയോര മേഖലയിൽ തന്നെ വളരെ അപൂർവമായി കാണപ്പെടുന്ന താമരപ്പൂ കാണാൻ നിരവധി ആളുകളാണ് സീമയുടെ വീട്ടിലെത്തുന്നത്.
നെടുംപറമ്പ് സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരിയായ സീമ ചെറുപ്പം മുതലേ ചെടികൾ നട്ടുപരിപാലിക്കുന്നതിൽ ആഭിമുഖ്യം പുലർത്തിയിരുന്നു. ജോലിത്തിരക്കിനിടയിൽ രാവിലെയും വൈകീട്ടും ലഭിക്കുന്ന ഒഴിവുസമയവും അവധി ദിവസങ്ങളുമാണ് ചെടി പരിപാലനത്തിനായി ഉപയോഗിക്കുന്നത്.
ഭർത്താവ് സന്തോഷും മറ്റു കുടുംബാംഗങ്ങളും മികച്ച പിന്തുണയാണ് നൽകുന്നത്. വിവിധ തരത്തിലുള്ള ഓർക്കിഡുകൾ, ഇൻഡോർ പ്ലാൻറ് ഇനമായ അഗ്ലോമിയ, കലാത്തിയ, സിംഗോണിയം, സി.സി പ്ലാൻറ് എന്നിവ കൂടാതെ വിവിധതരം 10 മണി ചെടികൾ, ബോഗൻവില്ല, പെന്നിവേർട്ട്, കലൊടിയ, പേൺസ്, ടർട്ടിൽവൈൻ, കലേഡിയം, ട്രസീന എന്നീ ഇനത്തിൽപെട്ട നിരവധി ചെടികളാണ് സീമയുടെ പൂന്തോട്ടത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.