സെനറ്റ് നാമനിർദേശം; കോൺഗ്രസ് –ആർ.എസ്.എസ് ബന്ധത്തിന്റെ തെളിവ് -ടി.വി. രാജേഷ്
text_fieldsകണ്ണൂർ: സർവകലാശാല സെനറ്റിലെ നാമനിർദേശം കോൺഗ്രസ് -ആർ.എസ്.എസ് ഒത്തുകളിയുടെ തെളിവാണെന്ന് സി.പി.എം ജില്ല ആക്ടിങ് സെക്രട്ടറി ടി.വി. രാജേഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വിവിധ മേഖലകളിലെ പ്രഗത്ഭരെയുൾപ്പെടുത്തി വൈസ് ചാൻസലർ നൽകിയ പട്ടികയിലെ രണ്ട് പേരെയൊഴികെ മറ്റുള്ളവരെ തള്ളി ചാൻസലർ നിയമനം നൽകിയവരിൽ ഏഴ് കോൺഗ്രസുകാരും ആറ് ആർ.എസ്.എസുകാരുമാണ്. സർവകലാശാലകളെ കാവിവത്കരിക്കാൻ പ്രവർത്തിക്കുന്ന ഗവർണർക്ക് ഡി.സി.സി ജനറൽ സെക്രട്ടറി, കോൺഗ്രസ് അധ്യാപക സംഘടന നേതാവ്, കെ.എസ്.യു നേതാവ് തുടങ്ങിയവരുടെ പട്ടിക എങ്ങനെ ലഭിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കണം.
സർവകലാശാല നൽകിയ പാനൽ അട്ടിമറിച്ച് ചാൻസലർ നിർദേശിച്ചവരുടെ യോഗ്യത ബി.ജെ.പി -കോൺഗ്രസ് ബന്ധം മാത്രമാണ്. പട്ടികയിൽ ഇടംപിടിച്ച കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കെ. സുധാകരന്റെ ഉറ്റ അനുയായികളാണ്. പട്ടിക കൈമാറിയത് കോൺഗ്രസിലെ സംഘി നേതാവായ സുധാകരനാണെന്നാണ് വ്യക്തമാകുന്നത്. പട്ടിക കൈമാറിയില്ലെന്ന് പറയുന്ന കോൺഗ്രസ് നേതൃത്വം സെനറ്റംഗങ്ങളായി നിർദേശിക്കപ്പെട്ടവർക്കെതിരെ നടപടിയെടുക്കാൻ തയാറുണ്ടോയെന്നും വ്യക്തമാക്കണമെന്നും ടി.വി. രാജേഷ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.