തലശ്ശേരി ടൗണിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലിനജലം റോഡിലേക്ക്
text_fieldsതലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിലെ മുനിസിപ്പാലിറ്റി ശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലിജന ജലം റോഡിലേക്ക്. ആറു മാസത്തെ അടച്ചിടലിനൊടുവിൽ കഴിഞ്ഞ ജൂൺ 22 നാണ് ശൗചാലയം തുറന്നത്. ഒന്നര മാസം കൊണ്ടാണ് ടാങ്ക് നിറഞ്ഞ് മലിന ജലം പുറത്തേക്കൊഴുകാൻ തുടങ്ങിയത്. പരിസരത്തെ ദുർഗന്ധം അസഹനീയമായി. നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് നടുവിലാണ് ശൗചാലയം പ്രവർത്തിക്കുന്നത്.
വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലത്താണ് സെപ്റ്റിക് ടാങ്കുള്ളത്. ശനിയാഴ്ച വൈകീട്ട് ടാങ്ക് നിറഞ്ഞ് ദുർഗന്ധം അസഹ്യമായതോടെയാണ് ജനം ശ്രദ്ധിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ഡിസംബറിൽ ടാങ്ക് പെട്ടെന്ന് നിറഞ്ഞ് പുറത്തേക്കൊഴുകാൻ തുടങ്ങിയപ്പോഴാണ് ശൗചാലയം ആറ് മാസത്തോളം അടച്ചിട്ടത്. മഴക്കാലമായിട്ടും ശങ്ക മാറ്റാൻ ജനങ്ങൾ പ്രയാസപ്പെടുന്നതിനെ തുടർന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ അംഗങ്ങൾ തന്നെ കടുത്ത പ്രതിഷേധമുയർത്തിയ സാഹചര്യത്തിലാണ് ജൂൺ 22 ന് സ്വകാര്യ വ്യക്തിയെ നടത്തിപ്പ് ചുമതല ഏൽപിച്ച് ശൗചാലയം വീണ്ടും തുറന്നത്.
വൈകിയാണെങ്കിലും ഇത് തുറന്നുകിട്ടിയതിന്റെ ആശ്വാസത്തിലായിരുന്നു സമീപത്തെ വ്യാപാരികളും നഗരത്തിലെത്തുന്നവരും. പേ സംവിധാനത്തിലാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും വേവ്വേറെയായി ശൗചാലയം പ്രവർത്തിക്കുന്നത്. ടാങ്ക് നിറഞ്ഞുകവിഞ്ഞ് മലിനജലം പുറത്തേക്കൊഴുകാൻ തുടങ്ങിയ സാഹചര്യത്തിൽ ശൗചാലയം വീണ്ടും അടച്ചിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ജനം. പലയിടങ്ങളിൽ നിന്ന് നഗരത്തിൽ എത്തുന്നവർ പ്രാഥമികാവശ്യങ്ങൾക്കായി പലപ്പോഴും വലയുകയാണ്. നഗരത്തിൽ പുതിയ ബസ് സ്റ്റാൻഡിലാണ് നഗരസഭയുടെ മറ്റു ശൗചാലയങ്ങൾ ഉള്ളത്. നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി ഭൂരിഭാഗമാളുകളും എത്തുന്നത് പഴയ ബസ് സ്റ്റാൻഡിലാണ്.
ആളുകൾ സദാസമയവും കടന്നുപോകുന്ന വഴിയിൽ കംഫർട്ട് സ്റ്റേഷൻ സ്ഥാപിച്ചത് തുടക്കത്തിൽ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.
ആദ്യം സ്ഥാപിച്ചിരുന്ന സെപ്റ്റിക് ടാങ്ക് പെട്ടെന്ന് നിറയുന്ന സാഹചര്യമുണ്ടായപ്പോഴാണ് വലിയ കുഴിയെടുത്ത് പിന്നീട് ശൗചാലയം പ്രവർത്തനം തുടങ്ങിയത്. രണ്ട്, അഞ്ച്, പത്ത് രൂപ നിരക്കിലാണ് ശൗചാലയത്തിൽ ആവശ്യങ്ങൾക്ക് ഈടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.