മാടായിയിൽ സി.പി.എമ്മിനും മാട്ടൂലിൽ ലീഗിനും തിരിച്ചടി
text_fieldsപഴയങ്ങാടി: ത്രിതല തെരഞ്ഞെടുപ്പിൽ മാടായിയിൽ ലീഗിെൻറ മികച്ച പ്രകടനത്തിൽ സി.പി.എമ്മിെൻറ അടവുനയം തകർന്നപ്പോൾ മാട്ടൂലിൽ എസ്.ഡി.പി.ഐയുടെ മിന്നുംപ്രകടനത്തിൽ ലീഗിന് തിരിച്ചടി.
1960 മുതൽ ലീഗുകാർ മാത്രം പ്രസിഡൻറായ മാടായി പഞ്ചായത്തിൽ ഇപ്രാവശ്യം ഭരണമാറ്റം ലക്ഷ്യമിട്ടാണ് സി.പി.എം തെരഞ്ഞെടുപ്പിനിറങ്ങിയതെങ്കിലും സ്വതന്ത്രരടക്കം കഴിഞ്ഞ ഭരണസമിതിയിൽ ആറ് അംഗങ്ങളുണ്ടായ പാർട്ടിക്ക് ഇത്തവണ ഒരു സ്വതന്ത്രയടക്കം നാല് വാർഡുകളിൽ മാത്രമാണ് ജയിക്കാനായത്.
20 വാർഡുകളുള്ള പഞ്ചായത്തിൽ ആറ് വാർഡുകളിൽ മാത്രമാണ് സി.പി.എം സ്വന്തം ചിഹ്നത്തിൽ മത്സരിച്ചത്. മൂന്നു വാർഡുകളിൽ വിജയിച്ചു. എട്ട് വാർഡുകളിൽ സ്വതന്ത്ര ചിഹ്നങ്ങളിൽ മത്സരിച്ച പാർട്ടിക്ക് ഒരു വാർഡിൽ മാത്രമാണ് ജയിക്കാനായത്, ഒന്നാം വാർഡിൽ. ഇവിടെയാകട്ടെ ലീഗിലെതന്നെ ചിലർ പാരയായതാണ് ഇടതുസ്വതന്ത്രക്ക് തുണയായത്. കഴിഞ്ഞതവണ വാർഡ് 14ൽ ലീഗ് സ്ഥാനാർഥി കായിക്കാരൻ സഹീദിനെതിരെ മത്സരിച്ച വിമത സ്ഥാനാർഥി മമ്മസൻ അശ്റഫിനെ പരസ്യമായി പിന്തുണച്ച് സി.പി.എം ജയിപ്പിച്ചിരുന്നു.
എന്നാൽ, ഇക്കുറി ലീഗ്, മാടായി പഞ്ചായത്തിെൻറ പ്രസിഡൻറാക്കാൻ ലക്ഷ്യമിട്ട് വാർഡ് 16ൽ മത്സരിപ്പിച്ച കായിക്കാരൻ സഹീദിനെതിരെ മമ്മസൻ അശ്രഫ് തന്നെ വീണ്ടും സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. ഈ വാർഡിലും, വെൽെഫയർ പാർട്ടി മത്സരിച്ച വാർഡ് പതിമൂന്നിലുമടക്കം അഞ്ച് വാർഡുകളിൽ സി.പി.എം വിമതരെ പിന്തുണെച്ചങ്കിലും പിന്തുണ പരസ്യമാക്കിയാൽ നഷ്ടമുണ്ടാകുമെന്ന ഭീതിയിൽ രഹസ്യമാക്കി അടവുനയം പയറ്റിയതോടെ ഇവിടെ സി.പി.എമ്മിനു മുഖം നഷ്ടമായെന്നു മാത്രമല്ല ഒരാളെ പോലും ജയിപ്പിക്കാനുമായില്ല.
അടവുനയത്തിന് കനത്ത തിരിച്ചടിയായി വെൽെഫയർ പാർട്ടിയുടെ ജമീല ടീച്ചർ ജയിച്ചു കയറിയത് മാടായി പഞ്ചായത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഭൂരിപക്ഷമായ 460നാണ്. പാർട്ടി പ്രവർത്തകരെയടക്കം സ്വതന്ത്രചിഹ്നത്തിൽ മത്സരിപ്പിച്ചതും സി.പി.എമ്മിന് വിനയായി. ബ്രാഞ്ച് സെക്രട്ടറിയെ സ്വതന്ത്രനായി മത്സരിപ്പിച്ച അടവുനയത്തിന് ലഭിച്ചത് വൻ പ്രഹരമായിരുന്നു. തോറ്റത് 700 വോട്ടുകൾക്ക്. മാടായി പഞ്ചായത്തിലെ റെക്കോഡ് ഭൂരിപക്ഷമാണ് ലീഗ് സ്ഥാനാർഥി കെ.എം. അബ്ദുസ്സമദിന് ലഭിച്ചത്.
കഴിഞ്ഞ തവണ മാടായി പഞ്ചായത്തിൽ യു.ഡി.എഫിെൻറ 14 സീറ്റുകളിൽ കോൺഗ്രസിനു നാലും ലീഗിനു പത്തുമാണ് ലഭിച്ചത്്. ഇത്തവണ ലീഗ് 11 വാർഡുകളിലും കോൺഗ്രസ് മൂന്ന് വാർഡുകളിലുമാണ് ജയിച്ചത്. യു.ഡി.എഫ് പിന്തുണയിൽ വെൽെഫയർ പാർട്ടിയും ഒരു വാർഡ് സ്വന്തമാക്കി.
1955 മുതൽ ലീഗിെൻറ കുത്തകയായ മാട്ടൂൽ ജില്ലയിൽ ഇടതുമുന്നണിക്ക് ഒരംഗം പോലുമില്ലാത്ത പഞ്ചായത്താണ്. ലീഗിെൻറ പൊന്നാപുരം കോട്ടയായി അറിയപ്പെടുന്ന മാട്ടൂൽ പഞ്ചായത്തിൽ കഴിഞ്ഞ തവണയാണ് 10ാം വാർഡ് എസ്.ഡി.പി.ഐ പിടിച്ചെടുത്തത്. ആ വാർഡ് തിരിച്ചു പിടിക്കാനിറങ്ങിയ ലീഗിന് ഇക്കുറിയും എസ്.ഡി.പി.ഐയോട് അടിയറവ് പറയേണ്ടി വന്നു. ഒന്നാം വാർഡും 11ാം വാർഡും പിടിച്ച് എസ്.ഡി.പി.ഐ ഒന്നിൽനിന്ന് മൂന്നിലേക്ക് ഗ്രാഫ് ഉയർത്തുകയും ചെയ്തു.
ഒരു വാർഡാകട്ടെ, ഏതാനും വോട്ടുകൾക്കാണ് എസ്.ഡി.പി.ഐക്ക് നഷ്ടമായത്. യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥി വാർഡ് 12ൽ ജയിച്ചുകയറിയത് ഒരു വോട്ടിെൻറ ഭൂരിപക്ഷത്തിലും. വാർഡ് 15ൽ സി.പി.എമ്മും വാർഡ് മൂന്നിൽ എൻ.സി.പി സ്വതന്ത്ര ചിഹ്നത്തിലും വാർഡ് 14 ൽ എൽ.ഡി.എഫ് സ്വതന്ത്രനും ജയിച്ചുകയറി. കഴിഞ്ഞ തവണ 10 വാർഡുകളുണ്ടായ ലീഗ് ഏഴിലേക്കും ആറ് വാർഡുകളുണ്ടായ കോൺഗ്രസ് നാലിലേക്കും കൂപ്പുകുത്തി.
ഇതോടെ മുസ്ലിം ലീഗ് മാട്ടൂലിൽ കടുത്ത സമ്മർദത്തിലാണിപ്പോൾ. ഘടകകക്ഷി രീതിയിൽനിന്ന് ഭിന്നമായി പ്രസിഡൻറ്, വൈസ് പ്രസിഡൻറ് പദവികളെല്ലാം സ്വന്തമാക്കി വെക്കുന്ന രസതന്ത്രം ഇനി ലീഗിന് ഇവിടെ നടക്കില്ല. കോൺഗ്രസിെൻറ വിലപേശലിനു ലീഗിനു നിന്നുകൊടുക്കേണ്ടി വന്നില്ലെങ്കിൽ രാഷ്ട്രീയ സമവാക്യം മാറാനാണ് സാധ്യത. ഇതിനിടെ സി.പി.എം, എസ്.ഡി.പി.ഐ രഹസ്യധാരണയുണ്ടായതായി ആരോപണമുയർന്നിട്ടുണ്ട്.
സി.പി.എം സ്വതന്ത്രൻ ഒരു വോട്ടിന് തോറ്റ വാർഡിൽ എസ്.ഡി.പി.ഐക്ക് സ്ഥാനാർഥിയുണ്ടായില്ലെന്നതും എസ്.ഡി.പി.ഐ ജയിച്ച വാർഡ് 11ൽ കഴിഞ്ഞതവണ എൽ.ഡി.എഫ് ഏഴ് വോട്ടിെൻറ വ്യത്യാസത്തിലാണ് തോറ്റതെങ്കിൽ, ഇത്തവണ 46 വോട്ടിൽ എസ്.ഡി.പി.ഐ ജയിച്ചുകയറുകയും എൽ.ഡി.എഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തെത്തിയതും എസ്.ഡി.പി.ഐ, എൽ.ഡി.എഫ് ധാരണക്ക് തെളിവായി യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.