കുളങ്ങൾ ഏഴ്; സംരക്ഷിക്കാനാരുമില്ല
text_fieldsശ്രീകണ്ഠപുരം: വേനൽ തീവ്രതയേറിയിട്ടും മലയോരങ്ങളിൽ ജലക്ഷാമം തുടങ്ങിയിട്ടും ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ എവിടെയും നടപടിയില്ല. നിടിയേങ്ങയെന്ന കൊച്ചുഗ്രാമത്തിൽ മാത്രം ഏഴ് കുളങ്ങളുണ്ട്. അവയെല്ലാം ജലസമ്പത്തുകൊണ്ട് അനുഗൃഹീതവുമാണ്.
എന്നാൽ ഒന്നുപോലും സംരക്ഷിക്കാൻ അധികൃതർ തയാറല്ല. വേനലിൽ ഏറ്റവുമധികം കുടിനീർ ക്ഷാമമനുഭവിക്കുന്ന പ്രദേശം കൂടിയാണ് നിടിയേങ്ങ. കിണറുകളിൽ വെള്ളം വറ്റുന്നതോടെ വീട്ടുകാർ കുളിക്കാനും കുടിക്കാനും വരെ ആശ്രയിക്കുന്നത് ചില കുളങ്ങളെയാണ്. ഇത്രമാത്രം കുളങ്ങൾ ജലസമ്പത്തുമായി ഉണ്ടായിട്ടും അവ സംരക്ഷിക്കാൻ അധികൃതർ തയാറാവുന്നില്ല. ശ്രീകണ്ഠപുരം നഗരസഭയിലാണ് നിടിയേങ്ങ പ്രദേശം.
നിടിയേങ്ങ ചുഴലി ഭഗവതി ക്ഷേത്രപരിസരം, വില്ലേജ് ഓഫിസ് പരിസരം, സ്വാമിമഠം ഭാഗം, പുതിയ ഭഗവതി കാവ് പരിസരം എന്നിവിടങ്ങളിൽ ഓരോന്നും താഴത്തു വയലിൽ മൂന്ന് കുളങ്ങളുമാണുള്ളത്. വർഷങ്ങൾ പഴക്കമുള്ള ഈ കുളങ്ങൾ അടിഭാഗത്ത് അതി മനോഹരമായി കെട്ടിയൊരുക്കിയ കാഴ്ചയും വേനൽക്കാലത്ത് വെള്ളം കുറയുമ്പോൾ കാണാനുണ്ട്. കാലപ്പഴക്കത്താൽ പടവുകളും മറ്റും പൊട്ടി നശിച്ചു തുടങ്ങി. ഒപ്പം കുളങ്ങളിൽ മണ്ണും മാലിന്യവും നിറഞ്ഞ കാഴ്ചയുമുണ്ട്. ചില കുളങ്ങൾ സ്വകാര്യ വ്യക്തികൾ കൈയടക്കിയതായും ആക്ഷേപമുയർന്നിട്ടുണ്ട്. ഏഴ് കുളങ്ങളുണ്ടായിട്ടും ഇവിടത്തെ കുട്ടികൾക്ക് നീന്തൽ പരിശീലനം പോലും നൽകുന്നില്ല. നല്ല കുടിവെള്ള പദ്ധതിയും കുളങ്ങളെ ബന്ധിപ്പിച്ച് നടപ്പാക്കുന്നില്ല. മുങ്ങി മരണങ്ങളും മറ്റും വർധിക്കുന്ന സാഹചര്യത്തിൽ കുളങ്ങൾ നവീകരിച്ച് നീന്തൽ പരിശീലനവും കുളിക്കാനുള്ള സൗകര്യങ്ങളും ഒരുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. മികച്ച നീരുറവയുള്ള കുളങ്ങളെ സംരക്ഷിച്ച് ജനങ്ങൾക്ക് ഉപയോഗപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാലത്തെ അതിജീവിച്ച കുളങ്ങളാണ് നിടിയേങ്ങയിലുള്ളത്. പലതിനും ചരിത്ര പ്രാധാന്യമുണ്ട്.
നവീകരിച്ച് പടവു കെട്ടിയാൽ ഏറെ ഗുണകരമാകുമെന്നും പ്രകൃതി സ്നേഹിയും സാമൂഹിക പ്രവർത്തകനുമായ പുതിയപുരയിൽ രവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.