പരന്നൊഴുകി ജില്ല ആശുപത്രിയിലെ മലിനജലം; ദുർഗന്ധം സഹിച്ച് പരിസരവാസികൾ
text_fieldsകണ്ണൂർ: ജില്ല ആശുപത്രിയിലെ മലിനജലവും ചവിട്ടി ദുർഗന്ധവും സഹിച്ച് കഴിയാനാണ് ആയിക്കര ഹാർബറിന് സമീപത്തെ ഉപ്പാലവളപ്പ്, ദണ്ഡമാരിയമ്മൻ കോവിൽ പരിസരവാസികളുടെ ദുർവിധി.
കണ്ണൂർ ജില്ല ആശുപത്രി വളപ്പിൽനിന്ന് വരുന്ന മലിനജലം ഡി.എസ്.സി സെന്റർ വളപ്പിലൂടെ ഉപ്പാലവളപ്പ് വഴിയാണ് കടന്നുപോകുന്നത്. ഡി.എസ്.സി വളപ്പിൽ ഓടക്ക് സ്ലാബില്ലാത്തതിനാൽ മലിനജലം പരന്നൊഴുകുകയാണ്.
മഴ കനത്തതോടെ റോഡിലും വീടുകളുടെ മുറ്റത്തുമടക്കം മാലിന്യങ്ങൾ കലർന്ന വെള്ളമെത്തും. നൂറോളം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. മൂക്കുപൊത്താതെ ഇതുവഴി നടക്കാനാവില്ല. കിണറുകളിൽ മലിനജലം കലരുന്നതായും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നതായും പ്രദേശവാസികൾ പറയുന്നു. ഡി.എസ്.സി സെന്റർ വളപ്പിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ചവിട്ടേറ്റ് ഓട തകർന്ന നിലയിലാണ്. മതിലിനിടയിലൂടെ മലിനജലം പുറത്തേക്ക് ഒഴുകുകയാണ്. മഴ പെയ്താൽ ദുരിതം ഇരട്ടിക്കും.
വിദ്യാർഥികളടക്കം മലിനജലം ചവിട്ടിയാണ് പോകുന്നത്. മിക്ക വീടുകളുടെയും മുന്നിലൂടെയാണ് മലിനജലം ഒഴുകുന്നത്. ദുർഗന്ധത്താൽ ഭക്ഷണം പോലും കഴിക്കാനാവാത്ത സ്ഥിതിയാണ്. ആയിക്കര വേളാങ്കണിമാത കപ്പേളയിലും മാരിയമ്മൻ കോവിലും എത്തുന്ന വിശ്വാസികളെയും മലിനജല പ്രശ്നം വലക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ പള്ളിപ്പെരുന്നാളിനിടെ ഓട തകർന്ന് പള്ളിയുടെ മുന്നിലൂടെയാണ് മലിനജലം ഒഴുകിയത്. മഞ്ഞനിറത്തിലുള്ള ദുർഗന്ധം വമിക്കുന്ന വെള്ളവും ചവിട്ടി പോകേണ്ട ദുരവസ്ഥയായിരുന്നു വിശ്വാസികൾക്ക്. അന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അടക്കം സ്ഥലത്തെത്തി മലിനജലം പരന്നൊഴുകാതിരിക്കാൻ വലിയ പൈപ്പ് സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും നടപ്പായില്ലെന്ന് നാട്ടുകാർ പറയുന്നു. അഴുക്കുചാൽ നവീകരണത്തിന് കന്റോൺമെന്റ് അധികൃതരുടെ അനുമതി ലഭിച്ചില്ലെന്നാണ് ജില്ല പഞ്ചായത്ത് പറയുന്നത്.
മലിനജലം കെട്ടിക്കിടക്കുന്നതിനാലും ഡി.എസ്.സി വളപ്പിൽ മാലിന്യം തള്ളുന്നതിനാലും പ്രദേശത്ത് കൊതുകുശല്യവും രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.