കൊടി സുനിയെ ആഭ്യന്തര വകുപ്പ് എൽപിക്കണമെന്ന് ഷാഫി പറമ്പിൽ
text_fieldsകണ്ണൂർ: സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് കൊടി സുനിയെ ഏൽപിക്കുകയാണ് വേണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. ജനസമക്ഷം സിൽവർ ലൈൻ പരിപാടിക്കിടെ പ്രതിഷേധിച്ചതിന് മർദനമേറ്റശേഷം പൊലീസ് അറസ്റ്റ് ചെയ്ത് സബ് ജയിലിൽ റിമാൻഡ് ചെയ്ത സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ള നേതാക്കളെ സന്ദർശിച്ചശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുപറ്റം ഗുണ്ട പ്രമുഖർ ചേർന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ചത്. ജനാധിപത്യ രീതിയിൽ സമരം നടത്തിയ ചെറുപ്പക്കാരെ ക്രൂരമായി മർദിച്ചവർ പുറത്തും മർദനമേറ്റവർ അകത്തുമാണ്. ഇതിലും നല്ലത് കൊടി സുനിaയെ ആഭ്യന്തര വകുപ്പ് ഏൽപിക്കുകയായിരുന്നു. ജനകീയ പ്രശ്നങ്ങളിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകും.
രണ്ട് കൊലക്കേസിൽ പ്രതിയായ പി. ജയരാജനിൽ നിന്ന് സമരത്തിന്റെ രീതി പഠിക്കേണ്ടതില്ല. ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് ഇവിടെ നടക്കുന്നത്. ഗുണ്ടകളെ വെച്ച് എതിർത്താലും ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതിരിക്കാനാവില്ല. ഡി.വൈ.എഫ്.ഐ നടത്തിയത് ആഭാസമാണ്. പിടിച്ചുമാറ്റേണ്ട പൊലീസ് അടിക്കാൻ പിടിച്ചുകൊടുക്കുന്നതാണ് കണ്ടത്. കെ-റെയിലിനെതിരായ സമരങ്ങളെ നേരിടാൻ പോകുന്ന രീതി ഇതാണെന്ന സന്ദേശമാണ് സി.പി.എം നൽകുന്നത്. സമരത്തെ കൈയ്യൂക്ക് കൊണ്ട് നേരിടുമെന്നാണ് സി.പി.എം പറയുന്നത്. കേരളത്തിൽ കോവിഡ് ബോംബായി സി.പി.എം മാറി. വൈറസിനെക്കാൾ ഇപ്പോൾ ഈ രോഗത്തെ പടർത്തുന്നത് സി.പി.എമ്മാണെന്നും അദ്ദേഹം ആരോപിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.