ഷംന തസ്നീം; ദുരന്ത സ്മരണകൾക്ക് അഞ്ചാണ്ട്
text_fieldsഉരുവച്ചാൽ: കളമശ്ശേരി മെഡിക്കൽ കോളജിൽ പഠിക്കവേ ചികിത്സ പിഴവ് കാരണം മരിച്ച ഉരുവച്ചാൽ ശിവപുരം അയിഷാസിൽ അബൂട്ടിയുടെ മകൾ ഷംന തസ്നീമിെൻറ ദുരന്ത സ്മരണകൾക്ക് ഇന്നേക്ക് അഞ്ചാണ്ട്. നിസ്സാര പനിക്ക് ചികിത്സ തേടിയ ഷംനക്ക് താൻ പഠിക്കുന്ന സ്ഥാപനത്തിലെ മെഡിക്കൽ വിഭാഗം തലവൻ കുത്തിവെക്കാൻ നിർദേശിച്ചത് ചിലരിലെങ്കിലും അപകടം വരുത്താൻ സാധ്യതയുള്ള മരുന്നായിരുന്നു.
സ്വാഭാവികമായും എടുക്കേണ്ട മുൻകരുതൽ ഇല്ലാതെ നടത്തിയ കുത്തിവെപ്പോടെ ശ്വാസം നിലച്ചുപിടഞ്ഞാണ് ഷംന മരിച്ചത്. മകളുടെ മരണത്തിന് കരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷ വാങ്ങിനൽകാൻ നിയമത്തിെൻറ എല്ലാ വാതിലുകളും മുട്ടിത്തളർന്ന പിതാവ് അബൂട്ടിയും പിന്നീട് ഹൃദയാഘാതം മൂലം മരിച്ചു.
ആദ്യം കളമശ്ശേരി പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. പ്രത്യക്ഷത്തിൽ തന്നെ, കുറ്റം ചെയ്തുവെന്ന് ബോധ്യപ്പെട്ട് സസ്പെൻഷൻ ലഭിച്ച ഡോക്ടർമാർക്കെതിരെ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. അബൂട്ടിയുടെ മരണത്തോടെ ഇഴഞ്ഞുനീങ്ങിയ, നീതിക്കുവേണ്ടിയുള്ള പോരാട്ടം നിലച്ചു പോകാതെ നോക്കാൻ കൃഷ്ണയ്യർ ഫോറം ഫോർ ജസ്റ്റിസ് പോലുള്ള സന്നദ്ധ സംഘടനകളുടെ സാന്നിധ്യം കുടുംബത്തിന് സഹായങ്ങളുമായി ഇപ്പോഴും മുന്നിലുണ്ട്. നിലവിലുള്ള ക്രിമിനൽ കേസിന് പുറമെ ഒരുകോടി നഷ്ടപരിഹാരം തേടിയുള്ള മാതാവ് ശരീഫയുടെ ഹരജി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.