വനിതകളേ വരൂ...
text_fieldsകണ്ണൂർ: ഒടുവിൽ കോർപറേഷൻ നിർമിച്ച ഷീ ലോഡ്ജ് പ്രവർത്തന സജ്ജമായി. ഉദ്ഘാടനം ചെയ്ത് ഒരുവർഷമടുക്കുന്നതിനിടെയാണ് ഷീ ലോഡ്ജ് പൂർണമായും പ്രവർത്തന സജ്ജമായി സ്ത്രീകൾക്കായി തുറന്നുനൽകുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നെത്തി കണ്ണൂർ നഗരത്തിൽ ജോലി ചെയ്യുന്നതും രാത്രികാലങ്ങളിൽ എത്തിപ്പെടുന്നവർക്കും ആശ്വാസമായാണ് കോർപറേഷൻ ഷീ ലോഡ്ജ് നിർമിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ അന്നത്തെ മേയർ ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തനം തുടങ്ങിയിരുന്നില്ല. പൂർണ സജ്ജമാകാതെ ഉദ്ഘാടനം ചെയ്തതോടെയായിരുന്നു പ്രവർത്തനം അനന്തമായി നീണ്ടത്.
കാൽടെക്സ് ഗാന്ധി സർക്കിളിനടുത്ത് സന്നിധാൻ-തെക്കീബസാർ റോഡിലാണ് ഷീ ലോഡ്ജ്. കോർപറേഷൻ വനിത ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപ കെട്ടിടത്തിനും ഫർണിച്ചർ- ലിഫ്റ്റ് എന്നിവക്ക് 29 ലക്ഷവും ചെലവഴിച്ചാണ് ഷീ ലോഡ്ജ് നിർമിച്ചത്.
നഗരത്തെ സ്ത്രീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച ഷീ ലോഡ്ജ് കെട്ടിടത്തിന് 336 സ്ക്വയർ മീറ്ററാണ് വിസ്തീർണം. രണ്ടു നില കെട്ടിടത്തിൽ 45 ബെഡ്ഡുകളാണ് സജീകരിച്ചിരിക്കുന്നത്. ഇതിൽ 10 എണ്ണം രാത്രികാലങ്ങളിൽ പെട്ടെന്ന് നഗരത്തിൽ എത്തുന്നവർക്കായി മാറ്റിവെക്കും. രണ്ട്, നാലു പേർക്ക് താമസിക്കാൻ കഴിയുന്ന ഡോർമട്രിയായാണ് ഉപയോഗിക്കാനാകുക. മൂന്ന് ഒറ്റ റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഭക്ഷണം ഉൾപ്പെടെ ഒരുമാസത്തെ താമസത്തിന് 6000 രൂപയും ഭക്ഷണം ഇല്ലാതെ താമസത്തിന് മാത്രമായി 3000 രൂപയുമാണ് നിരക്ക്.
ഭക്ഷണം ഉൾപ്പെടെ ഒരു ദിവസത്തെ താമസത്തിന് 400 രൂപയും ഭക്ഷണം ഇല്ലാതെ ഒരു ദിവസത്തെ താമസത്തിന് 200 രൂപയുമാണ് ഈടാക്കുക. വിശാലമായ െഡെനിങ് ഹാൾ, വായനാമുറി, ഓപൺ ടെറസ്, കിച്ചൺ തുടങ്ങിയവും ഷീ ലോഡ്ജിൽ ഒരുക്കിയിട്ടുണ്ട്.
കണ്ണൂർ വിമൻസ് ഇംപ്രൂവ്മെന്റ് കോഓപറേറ്റിവ് സൊസൈറ്റിക്കാണ് ഷീ ലോഡ്ജിന്റെ നടത്തിപ്പ് ചുമതല. ഇതിനോടകം തന്നെ ബുക്കിങ്ങുകൾക്കായി നിരവധി പേർ വിളിക്കുന്നതായി മേയർ മുസ് ലിഹ് മഠത്തിൽ അറിയിച്ചു. പഠനത്തിനും ജോലിക്കുമായി എത്തിയ ഒട്ടേറെപേരാണ് കണ്ണൂർ നഗരത്തിലുള്ളത്. പലർക്കും കുറഞ്ഞ നിരക്കിൽ താമസ സൗകര്യം ലഭിക്കാത്ത സ്ഥിതിയുണ്ട്. അവർക്ക് കോർപറേഷന്റെ ഷീ ലോഡ്ജ് ഏറെ സഹായകമാകുമെന്നും മേയർ പറഞ്ഞു.
ബുക്കിങ്ങിന്: 8921231406, 94004 00339.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.