ഷീ ലോഡ്ജ് തയാറാകുന്നു; രാത്രിയിൽ സ്ത്രീകൾക്ക് സുരക്ഷിത മേൽക്കൂര
text_fieldsകണ്ണൂർ: ടൗണിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത പാർപ്പിടമൊരുക്കാൻ കോർപറേഷനും. ജില്ല പഞ്ചായത്തിനു പിന്നാലെ ഷീ ലോഡ്ജ് സൗകര്യമൊരുക്കുകയാണ് കോർപറേഷനും. കണ്ണൂർ കാൽടെക്സിലാണ് രാത്രിയിൽ സ്ത്രീകൾക്ക് താമസസൗകര്യമൊരുക്കാൻ മൂന്നു നിലകളുള്ള ഷീ ലോഡ്ജ് കോർപറേഷൻ ഒരുക്കുന്നത്.
കോർപറേഷന്റെ 101 ദിന കർമ പരിപാടികളിൽ ഉൾപ്പെടുത്തി കംഫർട്ട് സ്റ്റേഷനായി നിർമാണം തുടങ്ങിയ കെട്ടിടമാണ് പിന്നീട് ഷീ ലോഡ്ജ് സംവിധാനത്തിനായി ഒരുക്കുന്നത്. ഒരു മാസത്തിനകം നിർമാണം പൂർത്തിയാക്കി തുറന്നുകൊടുക്കാനുള്ള തയാറെടുപ്പുകളാണ് നടത്തുന്നത്.
താമസവും ഭക്ഷണവും ഒരുക്കി ചെറിയ തുക ഈടാക്കിയാണ് സ്ത്രീകൾക്ക് താമസസൗകര്യമൊരുക്കുക. മൂന്നു നിലകളിൽ ആദ്യഘട്ടത്തിൽ 25 പേർക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കും.
തുടർന്ന് രണ്ടാംഘട്ടത്തിൽ ഡോർമെറ്ററി അടക്കം കൂടുതൽ സൗകര്യമൊരുക്കും. രാത്രികാലങ്ങളിൽ നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത പാർപ്പിടമൊരുക്കാൻ ജില്ല പഞ്ചായത്ത് നേരത്തേ ഷീ ലോഡ്ജ് പദ്ധതിക്ക് തുടക്കമിട്ടിരുന്നു. ഇതിനുപിന്നാലെ ഈ മാതൃക പിന്തുടർന്ന് കോർപറേഷനും രംഗത്തെത്തുകയായിരുന്നു.
വനിത ഘടകം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണപ്രവർത്തനങ്ങൾക്കായി അരക്കോടി രൂപയാണ് കോർപറേഷൻ അനുവദിച്ചത്. താമസ, ഭക്ഷണ സൗകര്യത്തിന് പുറമെ ഫിറ്റ്നസ് സൗകര്യത്തിനായി ജിം സൗകര്യവും കേന്ദ്രത്തിൽ ഒരുക്കും. നിർമാണം പൂർത്തിയായാൽ ടെൻഡർ ക്ഷണിച്ച് വനിതാ സഹകരണ സംഘങ്ങൾക്കടക്കം നടത്തിപ്പ് ചുമതല നൽകാനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.