ആക്രമണകാരികളായ നായ്ക്കളെ പാർപ്പിക്കാൻ ഷെൽട്ടർ ഹോമുകൾ
text_fieldsകണ്ണൂർ: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആക്രമണകാരികളായ നായ്ക്കളെ താൽക്കാലികമായി പാർപ്പിക്കുന്നതിനുള്ള ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് തദ്ദേശ സ്വയം ഭരണ ജോ. ഡയറക്ടർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. തെരുവുനായ്ക്കളെ പിടികൂടാൻ കഴിവുള്ളവരുടെ അഭാവം തടസ്സമാകുന്നുണ്ടെന്നും അത് പരിഹരിക്കാൻ നായ്ക്കളെ പിടിക്കാൻ തയാറാവുന്ന എല്ലാവർക്കും ജില്ല പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേർന്ന് പരിശീലനം നൽകുമെന്നും ജോ. ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.
ചമ്പാട് വെസ്റ്റ് യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി മുഹമ്മദ് റഫാൻ റഹീസിനെ ജൂൺ എട്ടിന് തെരുവുനായ്ക്കൾ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് തദ്ദേശ സ്വയം ഭരണ ജോ. ഡയറക്ടർ (കണ്ണൂർ) ഇക്കാര്യം അറിയിച്ചത്. കുട്ടിയുടെ പരിക്ക് ഭേദമാവാൻ നാലു മാസം വേണ്ടി വരുമെന്നും ഇത് പൂർവസ്ഥിതിയിലാകാത്ത പക്ഷം പ്ലാസ്റ്റിക് സർജറി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ജില്ലയിൽ പടിയൂർ -കല്യാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന എ.ബി.സി സെന്റർ മാത്രമാണ് പ്രവർത്തനക്ഷമമെന്ന് പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു. പുതുതായിട്ട് എ.ബി.സി സെന്ററുകൾ സ്ഥാപിക്കാൻ സ്ഥലം നിശ്ചയിച്ചിട്ടുണ്ട്. ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതിന് അനുമതി തേടി ജില്ല പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരത്തിനായി സുപ്രീംകോടതിയുടെ നിർദേശാനുസരണം രൂപവത്കരിക്കപ്പെട്ട മൂന്നംഗ സിരിജഗൻ കമ്മിറ്റിയെ സമീപിക്കാവുന്നതാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. മുഹമ്മദ് റഫാൻ റഹീസിന്റെ മാതാവ് എൻ.പി. ഷാമില സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.