താണയിൽ തലതിരിഞ്ഞ ട്രാഫിക് സിഗ്നൽ
text_fieldsകണ്ണൂർ: ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി താണയിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റ് തലതിരിഞ്ഞത് യാത്രക്കാർക്ക് ദുരിതമായി. കക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്കായി സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റാണ് വലത്തോട്ട് തിരിഞ്ഞുകിടക്കുന്നത്. വളരെ ചുരുങ്ങിയ സെക്കൻഡുകൾ മാത്രം വാഹനത്തിന് പോകാൻ ലഭിക്കുന്ന സമയത്ത് ട്രാഫിക് സിഗ്നൽ ലൈറ്റ് കാണാനാവാത്ത അവസ്ഥയിലാണ് യാത്രക്കാർ.
കക്കാട് നിന്ന് കണ്ണൂർ ഭാഗത്തേക്കും തലശ്ശേരി ഭാഗത്തേക്കും കണ്ണൂർ സിറ്റി ഭാഗത്തേക്കും പോകുന്നതിനായാണ് ട്രാഫിക് സിഗ്നൽ ലൈറ്റുള്ളത്. എന്നാൽ ഇത് കണ്ണൂർ ഭാഗത്തേക്ക് തിരിഞ്ഞുകിടക്കുകയാണ്. അശാസ്ത്രീയമായി ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചതാണ് ഈ ദുരിതത്തിന് കാരണമായത്. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ യാത്രക്കാർതന്നെ പരാതിയുമായി അധികൃതരെ ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ദേശീയപാതയിലൂടെ കടന്നുപോകുന്നത്. പ്രധാനയിടങ്ങളായ തലശ്ശേരി-കണ്ണൂരിനു പുറമേ കക്കാട്-കണ്ണൂർ സിറ്റി എന്നിവിടങ്ങളിലേക്കു കൂടി ഗതാഗതക്കുരുക്കില്ലാതെ വാഹനങ്ങൾ പോകുന്നതിന് വേണ്ടിയാണ് താണയിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. ഇതു അശാസ്ത്രീയമായി സ്ഥാപിച്ചതോടെ കക്കാട് നിന്നു വരുന്ന യാത്രക്കാർക്ക് ദുരിതയാത്രയായി മാറി. അടിയന്തരമായി സിഗ്നൽ ലൈറ്റുകൾ നേരെ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.