'ജനസമക്ഷം സിൽവർ ലൈൻ': ജനങ്ങളുടെ പിന്തുണയോടെ പൂർത്തിയാക്കും -മന്ത്രി എം.വി. ഗോവിന്ദൻ
text_fieldsകണ്ണൂർ: സിൽവർ ലൈൻ പദ്ധതി ജനങ്ങളെ അണിനിരത്തി, ജനങ്ങളുടെ പിന്തുണയോടെ പൂർത്തിയാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാനായി സംഘടിപ്പിച്ച വിശദീകരണ യോഗം 'ജനസമക്ഷം സിൽവർ ലൈൻ' കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യകയായിരുന്നു മന്ത്രി.
ദേശീയപാത, ഗെയിൽ പൈപ്പ്ലൈൻ, മലയോര ഹൈവേ, കൂടംകുളം പദ്ധതിയിൽനിന്നുള്ള വൈദ്യുതി ലൈൻ, തീരദേശ ഹൈവേ, കിഫ്ബിയിൽനിന്നുള്ള 63,000 കോടിയുടെ വികസന പ്രവർത്തനങ്ങൾ എന്നിവ നടപ്പാക്കിയപ്പോൾ, വിമർശിച്ചവർതന്നെ പിന്നീട് അതിനുവേണ്ടി നിലകൊള്ളുന്നവരായി മാറി. പ്രകൃതി സ്നേഹികൾ ഉൾപ്പെടെ, എതിർക്കുന്നവരെ പറഞ്ഞുമനസ്സിലാക്കിയാൽ ശരിയായ നിലപാട് സ്വീകരിക്കുമെന്നതിന്റെ തെളിവാണ് തളിപ്പറമ്പിലെ വയൽക്കിളികൾ ഉൾപ്പെടെ അനുകൂലമായത്. ഇപ്പോൾ ഇത് വേണ്ട എന്ന് പറയുന്ന ചിലരോടുള്ള മറുപടി 'ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോൾ' എന്ന മുഖ്യമന്ത്രിയുടെ ചോദ്യമാണ്.
ജനസാന്ദ്രതയേറിയ കേരളത്തിൽ സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് ആക്ഷേപങ്ങൾ, അഭിപ്രായങ്ങൾ, വിമർശനങ്ങൾ, എതിർപ്പുകൾ, അനുകൂലമായ നിലപാടുകൾ എല്ലാം സമ്മിശ്രമായി ഉണ്ടാവുമെന്നത് സ്വാഭാവികമാണ്. സർക്കാറിന് ഒന്നും മറച്ചുവെക്കാനില്ലാത്തതിനാലാണ് ഡി.പി.ആർ പൊതുജനസമക്ഷം അവതരിപ്പിച്ചത്. സർക്കാറിന് കടുംപിടുത്തമില്ല. ഡി.പി.ആറിൽ പറഞ്ഞതിൽ ഒരുപാട് കാര്യത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും ജനങ്ങളുടെ താൽപര്യമനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി മുന്നോട്ടുപോവുമെന്നും മന്ത്രി വ്യക്തമാക്കി.
രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ- റെയിൽ എം.ഡി വി. അജിത്കുമാർ പദ്ധതി വിശദീകരിച്ചു. കെ-റെയിൽ പ്രോജക്ട് ആൻഡ് പ്ലാനിങ് ഡയറക്ടർ പി. ജയകുമാർ സ്വാഗതവും ജനറൽ മാനേജർ ജി. അനിൽകുമാർ നന്ദിയും പറഞ്ഞു. ഡോ. വി. ശിവദാസൻ എം.പി, എം.എൽ.എമാരായ കെ.വി. സുമേഷ്, എ.എൻ. ഷംസീർ, മുൻ എം.എൽ.എമാരായ പി. ജയരാജൻ, എം.വി. ജയരാജൻ, ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ, സമൂഹത്തിന്റെ നാനാതുറകളിൽപെട്ടവർ തുടങ്ങിയവർ സംബന്ധിച്ചു.
ഇത് സമരമല്ല; ഗുണ്ടായിസം -എം.വി. ജയരാജൻ
ജനസമക്ഷം സിൽവർ ലൈൻ' സർക്കാർ പരിപാടി അലങ്കോലപ്പെടുത്താൻ പരിശ്രമിച്ചത് വേഷംമാറിവന്ന ഗുണ്ടകളാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. കെ-റെയിൽ പദ്ധതിയെക്കുറിച്ച് തിരഞ്ഞെടുക്കപ്പെട്ട സദസ്സിന്റെ മുമ്പാകെ വിശദീകരിക്കാൻ എല്ലാ ജില്ലകളിലും മന്ത്രിമാർ പങ്കെടുത്തു നടത്തുന്ന പരിപാടിയുടെ ഭാഗമായിരുന്നു ദിനേശ് ഓഡിറ്റോറിയത്തിൽ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്ത ചടങ്ങ്.
വേഷം മാറിയെത്തിയ ഗുണ്ടകൾ ക്ഷണക്കത്ത് ലഭിച്ചവരാണെന്ന വ്യാജേന രജിസ്ട്രേഷൻ കൗണ്ടറിൽ വരുകയും മുദ്രാവാക്യം വിളിച്ച് പരിപാടി അലങ്കോലപ്പെടുത്താൻ ഇരച്ചുകയറുകയുമാണ് ചെയ്തത്. കെ-റെയിൽ പദ്ധതി സംബന്ധിച്ച വിശദീകരണ സാമഗ്രികളും കാമറയും സാനിറ്റൈസർ സ്റ്റാൻഡുകളും തകർത്തു. പൊതുമുതൽ നശിപ്പിച്ചവർ സമരക്കാരല്ല, ഒരുകാറിലെത്തിയ ഗുണ്ടകളാണ്. തിരിച്ചറിയാതിരിക്കാൻ ചിലർ ഖദർ വസ്ത്രംപോലും ഉപേക്ഷിച്ചു.
മറ്റൊരാൾ മാധ്യമ പ്രവർത്തകനാണെന്ന വ്യാജേനയാണ് ഹാളിന് അകത്തുകടന്നത്. കെ.പി.സി.സി പ്രസിഡൻറിന്റെ ആഹ്വാനമാണ് അവർ നടപ്പാക്കുന്നത്. ഇത്തരം നീക്കങ്ങൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ജനസമക്ഷം' പ്രഹസനം - ജനകീയ സമിതി
കെ-റെയിൽ അനുകൂലികളെയും സർക്കാർ അനുകൂലികളെയും മാത്രം വിളിച്ചുവരുത്തി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സർക്കാർ നടത്തുന്ന ജനസമക്ഷം പരിപാടി പ്രഹസനമാണെന്ന് കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി അഭിപ്രായപ്പെട്ടു. ജനങ്ങൾ തള്ളിക്കളഞ്ഞ ജനവിരുദ്ധ പദ്ധതി പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് നടത്തിയെടുക്കാമെന്നത് വ്യാമോഹമാണ്.
കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടത്തിയ ജനസമക്ഷം വേദിയിലേക്ക് സമരം ചെയ്ത യുവാക്കളെ, പൊലീസ് നോക്കി നിൽക്കെ മർദിച്ച അക്രമികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും സമിതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതിഷേധമുയർത്തിയവരെ കായികമായി പൊലീസിന്റെ ഒത്താശയോടുകൂടി ആക്രമിക്കുന്നതും ബലമുപയോഗിച്ച് സർവേക്കല്ല് നാട്ടുന്നതും ന്യായീകരിക്കാനാവില്ലെന്നും സമിതി ചെയർമാൻ എ.പി. ബദറുദ്ദീനും ജനറൽ കൺവീനർ അഡ്വ. പി.സി. വിവേകും പ്രസ്താവനയിൽ പറഞ്ഞു.
തിരിച്ചടിക്കാൻ നിർബന്ധിതരാകും -പി.ടി. മാത്യു
സമാധാനപരമായ ജനാധിപത്യ പ്രതിഷേധങ്ങളെ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള പിണറായിയുടെയും മാർക്സിസ്റ്റ് പാർട്ടിയുടെയും നീക്കം ജനങ്ങളുടെ പങ്കാളിത്തത്തോടെ ചെറുത്തുതോൽപിക്കുമെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. മാത്യു പ്രസ്താവനയിൽ പറഞ്ഞു. എല്ലാതരത്തിലും കേരളത്തെ സർവനാശത്തിലേക്ക് നയിക്കുന്ന കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ കേരളത്തിൽ ശക്തമായ പ്രതിരോധനിര വളർന്നുകൊണ്ടിരിക്കുകയാണ്. സർക്കാർ നയങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റിയുടെയും ജില്ല പ്രസിഡൻറ് സുധീപ് ജെയിംസിന്റെയും നേതൃത്വത്തിലുള്ള നേതാക്കളുടെ ചെറുസംഘത്തെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ഡി.വൈ.എഫ്.ഐ നേതാക്കളും ഗുണ്ടകളും നടത്തിയ നീക്കം പ്രതിഷേധാർഹമാണ്. അക്രമത്തിനു വിധേയരായ നേതാക്കളുടെ പേരിൽ കള്ളക്കേസെടുത്ത പൊലീസ് നടപടി ജനാധിപത്യത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണ് -അദ്ദേഹം പറഞ്ഞു
നിയമം സി.പി.എം കൈയിലെടുക്കുന്നത് പ്രതിഷേധാർഹം -വെൽഫെയർ പാർട്ടി
കെ-റെയിൽ വിരുദ്ധ പ്രതിഷേധങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്താൻ സി.പി.എം തീരുമാനിച്ചതിന്റെ തെളിവാണ് കണ്ണൂരിൽ പൗരപ്രമുഖരുടെ യോഗത്തിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈയേറ്റം ചെയ്ത നടപടിയെന്നും നിയമം കൈയിലെടുത്ത് ആക്രമിക്കുന്ന സി.പി.എം നിലപാട് പ്രതിഷേധാർഹമാണെന്നും വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയും കൂട്ടരും കോടികളുടെ അഴിമതിക്ക് വഴിതുറക്കുന്ന പദ്ധതി നിർത്തിവെക്കേണ്ടി വരുമോയെന്ന ഭയം മൂലമാണ്
പ്രതിഷേധക്കാരെ പാർട്ടി പ്രവർത്തകരിറങ്ങി കൈയേറ്റം ചെയ്യുന്നതെന്നും പ്രസ്താവന കുറ്റപ്പെടുത്തി. ജില്ല പ്രസിഡന്റ് സാദിഖ് ഉളിയിൽ അധ്യക്ഷത വഹിച്ചു. ഫൈസൽ മാടായി, ചന്ദ്രൻ മാസ്റ്റർ, ടി.കെ. മുഹമ്മദലി, സി.കെ. മുനവ്വിർ, ലില്ലി ജെയിംസ്, സി. മുഹമ്മദ് ഇംതിയാസ്, ടി.പി. ഇല്യാസ്, കെ.കെ. ശുഐബ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പള്ളിപ്രം പ്രസന്നൻ സ്വാഗതം പറഞ്ഞു.
പദ്ധതി ആവിഷ്കരിച്ചത് കൃത്യമായ പഠനങ്ങൾക്കുശേഷം -എം.ഡി
കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽനിന്ന് ഉയർന്നുവന്ന ആശങ്കകളും സംശയങ്ങളും തീർക്കാൻ 'ജനസമക്ഷം സിൽവർ ലൈൻ' വിശദീകരണ യോഗം സംഘടിപ്പിച്ചു. സംശയങ്ങൾക്കൊപ്പം പരിപാടിയിൽ ഉയർന്നുവന്ന സന്ദേഹങ്ങൾക്കും കെ-റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത് കുമാർ മറുപടി നൽകി. സംസ്ഥാനത്തിന്റെ വികസനത്തിന് ഗതിവേഗം നൽകുന്ന സിൽവർ ലൈൻ പദ്ധതിക്ക് എല്ലാ പിന്തുണയും യോഗത്തിൽ സംബന്ധിച്ചവർ വാഗ്ദാനം ചെയ്തു.
സിൽവർ ലൈൻ പോലുള്ള പദ്ധതികളുടെ കാര്യത്തിൽ രാജ്യത്തെ 10 സംസ്ഥാനങ്ങൾ റെയിൽവേ മന്ത്രാലയവുമായി ഇതിനകം ധാരണപത്രത്തിൽ ഒപ്പുവെച്ചതായി എം.ഡി പറഞ്ഞു. കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. ദേശീയപാത വികസനം പൂർത്തിയായാലും വാഹനപ്പെരുപ്പം നിലവിലെ രീതിയിൽ തുടർന്നാൽ 10 വർഷം കൊണ്ട് ഗതാഗതക്കുരുക്ക് ഇന്നത്തേതിനേക്കാൾ കൂടുതൽ രൂക്ഷമാകുമെന്നും എം.ഡി അറിയിച്ചു. കെ-റെയിൽ വരുന്നതോടെ യാത്രാവാഹനങ്ങളുടെയും ചരക്ക് വാഹനങ്ങളുടെയും എണ്ണം ഗണ്യമായി കുറക്കാൻ സാധിക്കും. പരിസ്ഥിതിയെ അപകടപ്പെടുത്തുന്ന കാർബൺ വാതകത്തിന്റെ അളവ് വലിയ തോതിൽ കുറക്കാനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനലുകളെ ഉപയോഗിച്ച് നേരിട്ടാല്‍ പ്രത്യാഘാതം ഗുരുതരം -അഡ്വ. മാര്ട്ടിന് ജോർജ്
പ്രതിഷേധങ്ങളെ ക്രിമിനലുകളെ ഉപയോഗിച്ച് നേരിട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്ട്ടിന് ജോർജ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി മര്‍ദിക്കുമ്പോള്‍ അക്രമികളെ നിയന്ത്രിക്കുന്നതിനുപകരം മര്‍ദനമേറ്റവരെ പിടികൂടാനായിരുന്നു പൊലീസ് വ്യഗ്രത കാണിച്ചത്. ജനകീയ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരെ ഗുണ്ടകളായി ചിത്രീകരിക്കുന്ന സി.പി.എം ജില്ല സെക്രട്ടറിയുടെ നിലപാട് പരിതാപകരമാണ്. പൊലീസിനെ ഉപയോഗിച്ച് കള്ളക്കേസെടുത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ റിമാൻഡ് ചെയ്ത നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കെ- റെയിലിനെതിരെ ഓരോ ദിവസവും വര്‍ധിച്ചുവരുന്ന ജനരോഷത്തെ ഈ രീതിയില്‍ നേരിടാനാണ് സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും നീക്കമെങ്കില്‍ ജനാധിപത്യശക്തികളുടെ കൂട്ടായ പ്രതിഷേധത്തെ നേരിടേണ്ടിവരുമെന്നും മാര്ട്ടിന് ജോര്‍ജ് മുന്നറിയിപ്പു നല്കി.
സി.പി.എം നിലപാട് കാടത്തം -മുസ്ലിം ലീഗ്
കെ-റെയിൽ പദ്ധതി വിശദീകരിക്കാൻ സർക്കാർ വിളിച്ച കണ്ണൂരിലെ പൗരപ്രമുഖരുടെ യോഗ വേദിയിൽ സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ച സി.പി.എം നിലപാട് കാടത്തമാണെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറിയും യു.ഡി.എഫ് ജില്ല കൺവീനറുമായ അഡ്വ. അബ്ദുൽ കരീം ചേലേരി പറഞ്ഞു.
പൊലീസിന്റെ സാന്നിധ്യത്തിൽ അവരുടെ ഒത്താശയോടുകൂടിയാണ് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയും സഹപ്രവർത്തകരും ആക്രമിക്കപ്പെട്ടത്. ജനാധിപത്യ അവകാശങ്ങളെ നിരാകരിക്കുന്ന സി.പി.എം ചെയ്തി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.