പ്രതിഷേധം; മുഖ്യന്റെ മണ്ഡലത്തിൽ കല്ലിടൽ 'ബ്രേക്ക്'
text_fieldsകണ്ണൂർ: വ്യാപക പ്രതിഷേധത്തെ തുടർന്ന് സിൽവർലൈൻ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്താണ് സർവേ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചത്. ബുധനാഴ്ച ധർമടം പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സർവേ തുടരേണ്ടത്.
സാങ്കേതിക കാരണങ്ങളാൽ കല്ലിടൽ നിർത്തിവെച്ചതായാണ് അധികൃതർ അറിയിച്ചത്. പുനരാരംഭിക്കുന്നത് എപ്പോഴാണെന്ന് പിന്നീട് അറിയിക്കുമെന്നാണ് കെ- റെയിൽ അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ധർമടത്ത് സിൽവർലൈനിന് സർവേ കല്ലിടൽ ആരംഭിച്ചത്. എന്നാൽ, തുടക്കം മുതലേ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ ഉദ്യോഗസ്ഥരെ തടഞ്ഞതോടെ സർവേ പൂർത്തിയാക്കാനായിരുന്നില്ല. തുടർന്ന് ബുധനാഴ്ച പുനരാരംഭിക്കേണ്ട സർവേയാണ് ഇപ്പോൾ നിർത്തിവെച്ചിരിക്കുന്നത്.
തൃക്കാക്കര മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സ്വപ്നപദ്ധതിക്ക് മുഖ്യെൻറ നാട്ടിൽ നിന്ന് അപ്രതീക്ഷിതമായി ശക്തമായ പ്രതിരോധം ഉയർന്നത് പ്രതിപക്ഷം ആയുധമാക്കുമെന്നത് സർക്കാറിന് ഇപ്പോൾ തലവേദനയായിരിക്കുകയാണ്. കെ.പി.സി.സി പ്രസിഡന്‍റ് സുധാകരെൻറ നാടായ കണ്ണൂർ മണ്ഡലത്തിൽപെട്ട നടാൽ, എടക്കാട് ഭാഗത്തും സർവേക്കിടെ പ്രതിഷേധം ഉയർന്നിരുന്നു.
ജില്ലയിൽ ഏറക്കുറെ പൂർത്തിയായ സിൽവർലൈൻ കല്ലിടൽ ധർമടം, തലശ്ശേരി മണ്ഡലങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിനെ പ്രതികൂലമായി ബാധിക്കാൻ നിർത്തിവെച്ച സർവേ പാർട്ടി സമ്മേളനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് പുനരാരംഭിച്ചത്. ധർമടം പഞ്ചായത്തിലെ 10,14,15 വാർഡുകളിലും മുഴപ്പിലങ്ങാട് എട്ട്, ഒമ്പത് വാർഡുകളിലൂടെയുമാണ് സിൽവർലൈൻ പാത കടന്നുപോകുക. ഈ ഭാഗത്തെ 60ലധികം വീടുകളെ പദ്ധതി ബാധിക്കും.
കേസിൽ നിയമോപദേശം തേടി പൊലീസ്
സിൽവർലൈൻ സർവേക്കെതിരെ നടന്ന പ്രതിഷേധത്തിൽ കല്ല് പിഴുതെടുത്ത സംഭവത്തിൽ കേസ് എടുത്തതിൽ പൊലീസിന് ആശയക്കുഴപ്പം. ചാല, നടാൽ ഭാഗങ്ങളിൽ സർവേ കല്ല് പിഴുതെടുത്ത സംഭവത്തിൽ ഡി.സി.സി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് ഉൾപ്പെടെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനെതിരെയായിരുന്നു പൊലീസ് കേസെടുത്തത്. എന്നാൽ, സർവേക്കല്ല് പൊതുമുതൽ പരിധിയിൽ വരുമോ എന്ന കാര്യത്തിലാണ് പൊലീസിന് വ്യക്തതയില്ലാത്തത്. ഇതുസംബന്ധിച്ചാണ് ഇപ്പോൾ പൊലീസ് നിയമോപദേശം തേടിയിരിക്കുന്നത്.
'കെ- റെയിൽ വേണ്ട കേരളം മതി' പ്രചാരണജാഥയുമായി കോൺഗ്രസ്
'കെ- റെയിൽ പദ്ധതി ഉപേക്ഷിക്കുക, ജനങ്ങളുടെ ആശങ്കയകറ്റുക, കെ- റെയിൽ വേണ്ട കേരളം മതി' എന്ന മുദ്രാവാക്യം ഉയർത്തി ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അഡ്വ. മാർട്ടിൻ ജോർജ്ജ് നയിക്കുന്ന 'ഭരണകൂട കൈയേറ്റത്തിനെതിരെ ജനകീയ പ്രക്ഷോഭ യാത്ര' മേയ് 12,13 തീയതികളിൽ നടക്കും. 12ന് രാവിലെ ഒമ്പതിന് പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് പരിസ്ഥിതി-സാമൂഹിക പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ പഞ്ചായത്തിലെ പര്യടനത്തിനു ശേഷം ആദ്യ ദിന സമാപന സമ്മേളനം കാൽടെക്സിൽ കെ.പി.സിസി. പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യും. സാമൂഹിക പ്രവർത്തകൻ കെ.സി. ഉമേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും.
13ന് വൈകീട്ട് അഞ്ചിന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ സമാപന സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്‍റ് കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.