വീണ്ടും കല്ലുപറിക്കൽ, അറസ്റ്റ്
text_fieldsകണ്ണൂർ: സിൽവർലൈൻ സർവേയുടെ ഭാഗമായി ചൊവ്വാഴ്ച നിർത്തിയ കല്ലിടൽ ബുധനാഴ്ച പുനരാരംഭിച്ചു. മുഴപ്പിലങ്ങാട് ഭാഗത്ത് സർക്കാർ ഉടമസ്ഥതയിലും സ്വകാര്യ വ്യക്തികളുടെയും സ്ഥലങ്ങളിൽ കല്ലുപാകി. സ്വകാര്യസ്ഥലത്ത് കല്ലുപാകുന്നത് തടഞ്ഞ കെ-റെയിൽ വിരുദ്ധ സമിതിയും യു.ഡി.എഫ് പ്രവർത്തകരും ചേർന്ന് നാലു കല്ലുകൾ പിഴുതെറിഞ്ഞു.
കുളംബസാറിൽ പൗർണമിയിൽ ലക്ഷ്മിയുടെ വീടിന് സമീപം കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ്ചെയ്ത് മാറ്റി. മത്സ്യമാർക്കറ്റിന് പിറകിൽ നാട്ടിയ കല്ലിൽ യു.ഡി.എഫ് പ്രവർത്തകർ ആടിനെ കെട്ടി പ്രതിഷേധിച്ചു. നാട്ടുകാർക്ക് ഉപകാരമില്ലാത്ത സിൽവർലൈൻ കല്ലിടൽ ആടിനെങ്കിലും ഉപകാരപ്പെടട്ടെ എന്ന് പറഞ്ഞായിരുന്നു വേറിട്ട പ്രതിഷേധം. കഴിഞ്ഞദിവസം എടക്കാട് മേഖലയിൽ സർവേ തടഞ്ഞുണ്ടായ സംഘർഷത്തെ തുടർന്നാണ് കല്ലിടൽ നിർത്തിവെച്ചത്.
ബുധനാഴ്ച രാവിലെ എടക്കാട് പൊലീസ് സ്റ്റേഷന് സമീപം റവന്യൂഭൂമിയിലും സ്വകാര്യവ്യക്തിയുടെ സ്ഥലത്തും കല്ലിട്ടു. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പാകിയ കല്ല് പ്രതിഷേധക്കാർ പിഴുതുമാറ്റാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഉദ്യോഗസ്ഥർ റോഡിൽ മാർക്ക് ചെയ്യുമ്പോഴും പ്രതിഷേധം തുടർന്നു. പ്രതിഷേധക്കാർ വനിത പൊലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ കൈയാങ്കളിയായി.
പൊലീസുകാർ തെറിപറഞ്ഞതായും ചവിട്ടിയതായും പ്രവർത്തകരും ആരോപിച്ചു. നേതാക്കളും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതിന് പിന്നാലെയാണ് കുളംബസാറിൽ പൗർണമിയിൽ ലക്ഷ്മിയുടെ വീടിന് സമീപം കല്ലിടാനെത്തിയത്. ദേശീയപാത നിർമാണത്തിന്‍റെ ഭാഗമായി 10 വർഷം മുമ്പ് വീട് നഷ്ടമായ ലക്ഷ്മിയുടെ സ്ഥലം റോഡ് നവീകരണത്തിന്‍റെ ഭാഗമായും നഷ്ടമായിരുന്നു.
ഇതിന് പിന്നാലെയാണ് സിൽവർലൈൻ സർവേയും വരുന്നതെന്നും ഇനിയെങ്ങോട്ട് പോകുമെന്നും ലക്ഷ്മി പറഞ്ഞു. ഉടമയുടെ സമ്മതമില്ലാതെയാണ് കല്ലിടലെന്ന് ആരോപിച്ച് യു.ഡി.എഫ് പ്രവർത്തകർ സർവേ തടഞ്ഞതോടെ പൊലീസ് അറസ്റ്റ് ചെയ്തുമാറ്റി. ഡി.സി.സി സെക്രട്ടറി രാജീവൻ എളയാവൂർ, കോൺഗ്രസ് ബോക്ക് പ്രസിഡന്‍റ് സുധീഷ് മുണ്ടേരി, ജയരാജൻ കടമ്പൂർ, കെ. സുരേഷ്, സി.ഒ. രാജേഷ്, മഹാദേവൻ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഉച്ചക്ക് ശേഷം സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ സർവേ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.