ഒറ്റവർഷം, 1000 ടൺ പുനരുപയോഗ പ്ലാസ്റ്റിക്; കണ്ണൂർ ഒന്നാമത്
text_fieldsകണ്ണൂർ: പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ശേഖരിക്കുന്നത് കണ്ണൂര്‍ ജില്ലയിലെ ഹരിത കര്‍മസേന. കഴിഞ്ഞ ഒരുവര്‍ഷം 1002 ടണ്‍ പ്ലാസ്റ്റിക്കാണ് ഹരിത കർമസേന ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയത്. ഒരു മാസം ശരാശരി 85 മുതല്‍ 100 ടണ്‍ വരെയാണ് ശേഖരിക്കുന്നത്. പെരളശ്ശേരി, എരഞ്ഞോളി, കതിരൂര്‍, ചെമ്പിലോട്, കരിവെള്ളൂർ-പെരളം, കണ്ണപുരം, മയ്യില്‍, മുണ്ടേരി ഗ്രാമപഞ്ചായത്തുകളില്‍നിന്നും ആന്തൂര്‍ നഗരസഭയില്‍ നിന്നുമാണ് കൂടുതലായും പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ശേഖരിച്ചത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കാണ് കൂടുതലായും ലഭിച്ചത്. എൽ.ഡി പ്ലാസ്റ്റിക്കും പാല് പാക്കറ്റുകളും സംഭരിച്ചു. ഒരുവര്‍ഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഫണ്ടും ഇതിന്റെ ഭാഗമായി ജില്ലയിലെ ഹരിത കര്‍മസേനക്ക് ക്ലീന്‍ കേരള കമ്പനി കൈമാറി.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 20 പഞ്ചായത്തുകളിലും ബെയ്ലിങ് യന്ത്രം സ്ഥാപിച്ചു. ഇതോടെ ഹരിത കര്‍മസേന കൂടുതല്‍ പ്ലാസ്റ്റിക് ശേഖരിച്ച് യന്ത്രസഹായത്തോടെ ബണ്ടിലുകളാക്കി സൂക്ഷിക്കുന്നുണ്ട്. ജില്ലയിലെ വിവിധ ആര്.ആര്.എഫില്‍ ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ കോയമ്പത്തൂരില്‍ നിന്നാണ് റീസൈക്കിള്‍ ചെയ്യുന്നത്.
കസേര, പോളിസ്റ്റര്‍ സാരി, ടാര്‍പോളിന്‍ ഷീറ്റ് പോലുള്ള ഉല്പന്നങ്ങള് നിര്‍മിക്കാനാണ് ഇവ ഉപയോഗിക്കുക. കൂടാതെ ഒന്നര മാസത്തിനിടെ പുനരുപയോഗിക്കാന്‍ കഴിയാത്ത 411 ടണ്‍ മാലിന്യവും ക്ലീന്‍ കേരള നീക്കം ചെയ്തു. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ഗാര്‍ബേജ് ആപ് കൂടിവരുന്നതോടെ ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.