വളപട്ടണം‘സ്നേക് പാർക്ക്’;പെരുമ്പാമ്പ് പെരുകിയ വളപട്ടണത്ത് നാട്ടുകാർ ‘പാമ്പുപിടിത്ത’ക്കാരായി
text_fieldsകണ്ണൂർ: പെരുമ്പാമ്പ് പെരുകിയ വളപട്ടണത്ത് നാട്ടുകാർ ഏറെയും പാമ്പുപിടിത്തക്കാരായി മാറി. മുമ്പൊക്കെ പെരുമ്പാമ്പിനെ കാണുമ്പോൾ പിടികൂടാൻ ചിറക്കലിൽനിന്നും പാപ്പിനിശ്ശേരിയിൽനിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നത് കാത്തിരിക്കുകയായിരുന്നു പതിവ്. ഇപ്പോൾ നാട്ടുകാർ തന്നെ പിടികൂടി ചാക്കിലാക്കി വനം ഉദ്യോഗസ്ഥരെ ഏൽപിക്കുകയാണ്. ആറുമാസത്തിനിടെ 20ഓളം പെരുമ്പാമ്പുകളെയാണ് വളപട്ടണം പരിസരങ്ങളിൽനിന്ന് പിടികൂടിയത്. ഏറ്റവുമൊടുവിൽ വ്യാഴാഴ്ച രാവിലെ തങ്ങൾ വയലിലെ വ്യവസായി ടി.വി. അബ്ദുൽ മജീദ് ഹാജിയുടെ വീട്ടുവളപ്പിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെയാണ് പിടികൂടിയത്. മുൻ പഞ്ചായത്ത് അംഗം സി. ഹനീഫയാണ് പാമ്പിനെ പിടികൂടിയത്. ഒരാഴ്ച മുമ്പ് വളപട്ടണം പെട്രോൾ പമ്പിൽ ‘പാമ്പുപിടിത്തം’ നടത്തിയ ആളുടെ കഴുത്തിൽ പെരുമ്പാമ്പ് ചുറ്റിയ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴുത്തിൽ വരിഞ്ഞുമുറുക്കി, ജീവനുതന്നെ ഭീഷണിയായ പാമ്പിനെ എടുത്തുമാറ്റി ഇയാളെ രക്ഷിച്ചത് പെട്രോൾ പമ്പിലെ ജീവനക്കാരനായ ഇതരസംസ്ഥാനക്കാരനാണ്.
പ്രദേശത്തെ ഇടവഴികളിലും വീട്ടുപറമ്പിലുമെല്ലാം പതിവുകാഴ്ചയായതോടെയാണ് നാട്ടുകാർക്ക് ഇതിനോടുള്ള ഭയം ഒരുപരിധി വരെ മാറിയത്. എന്നാൽ, കോഴിക്കൂടുകളിൽ കയറി കോഴികളെ പിടികൂടുന്നതും മറ്റും പതിവായിരിക്കുകയാണ്. കോഴികൾക്ക് പുറമെ വളർത്തുമൃഗങ്ങൾക്കും ഇവ ഭീഷണിയാകുന്നതായി നാട്ടുകാർ പറയുന്നു. ജനസാന്ദ്രതയേറെയുള്ള പ്രദേശത്ത് പാമ്പുകൾ പെരുകിയതോടെ ചെറിയ കുട്ടികളെയും മറ്റും വിദ്യാലയങ്ങളിലേക്ക് വിടുന്ന രക്ഷിതാക്കൾ ഭീതിയിലാണ്.
2018ലെ പ്രളയത്തിൽ വളപട്ടണം പുഴ കവിഞ്ഞതിന് ശേഷമാണ് ഇവിടെ പെരുമ്പാമ്പുകളെ കൂടുതൽ കണ്ടുതുടങ്ങിയത്. പ്രളയത്തിൽ ഒഴുകിയെത്തിയ പാമ്പുകൾ പെറ്റുപെരുകി വർധിച്ചതായിരിക്കാമെന്നാണ് വനംവകുപ്പ് ഉദ്യേഗസ്ഥർ പറയുന്നത്. വളപട്ടണത്തെ കോട്ടയുടെ ഇരുഭാഗങ്ങളിലും കളരിവാതുക്കൽ ക്ഷേത്രപരിസരം, മന്ന ഖബർസ്ഥാൻ, തങ്ങൾ വയൽ എന്നിവയുടെ പരിസരങ്ങളിലാണ് പെരുമ്പാമ്പ് ശല്യം കൂടുതൽ. ഖബർസ്ഥാൻ 15 ഏക്കറും കളരിവാതുക്കൽ ക്ഷേത്ര പരിസരം 30 ഏക്കറും വ്യാപിച്ചുകിടക്കുകയാണ്. കൂടാതെ പുഴയുടെ ഇരുകരകളിലും വ്യാപിച്ചുകിടക്കുന്ന കണ്ടൽക്കാടുകളുമുണ്ട്. പാമ്പുകൾക്ക് പെറ്റുപെരുകാൻ പറ്റിയ സാഹചര്യമാണുള്ളത്. പാമ്പിന് പുറമെ ഉടുമ്പുകളും മുള്ളൻ പന്നികളും പെരുകിയിട്ടുണ്ടെന്നും വനംവകുപ്പ് അടക്കമുള്ള അധികൃതർ ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നും പ്രദേശത്തെ പരിസ്ഥിതി പ്രവർത്തകനായ കെ.പി. അദീബ് റഹ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.