യാത്രക്കാരുടെ ശ്രദ്ധക്ക്, സോളാർ വിളക്കുകൾ തലയിൽവീഴും
text_fieldsഇരിട്ടി: തലശ്ശേരി-വളവുപാറ അന്തർ സംസ്ഥാന പാതയിൽ കെ.എസ്.ടി.പി നവീകരണ പദ്ധതിയിൽപെടുത്തി സ്ഥാപിച്ച സോളാർ വഴിവിളക്കുകൾ ഒന്നൊന്നായി നിലം പൊത്തുന്നു. നിർമാണത്തിലെ അപാകതയും ഗുണമേന്മ കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ചതുമാണ് ഇവയിൽ ഭൂരിഭാഗവും തകരാൻ കാരണം. രണ്ടു വർഷംപോലും തികയുന്നതിനുമുമ്പാണ് ലൈറ്റുകളിൽ ഭൂരിഭാഗവും മിഴിയടച്ചത്. ലൈറ്റ് സ്ഥാപിച്ചതിൽ വൻ അഴിമതി നടന്നതായി ആരോപണമുണ്ട്.
തലശ്ശേരി മുതൽ വളവുപാറ വരെയുള്ള 53 കിലോ മീറ്ററിൽ 947 സോളാർ ലൈറ്റുകളാണ് സ്ഥാപിച്ചത്. ഇതിനായി ഒമ്പത് കോടി രൂപയാണ് ചെലവഴിച്ചത്.
ഒരു വഴിവിളക്കിന് 95000 രൂപ എന്ന നിരക്കിലായിരുന്നു എസ്റ്റിമേറ്റ്. സ്ഥാപിച്ച ആദ്യ നാളുകളിൽ നന്നായി പ്രകാശിച്ചു. പിന്നെ ഒന്നൊന്നായി കണ്ണടച്ചു. ചിലത് വാഹനമിടിച്ച് തകർന്നിട്ട് ഒരുവർഷം കഴിഞ്ഞെങ്കിലും പുനഃസ്ഥാപിച്ചതുപോലുമില്ല. പൊതുമുതൽ നശിപ്പിച്ച വാഹനം കണ്ടെത്തുന്നതിനുള്ള ശ്രമം പോലും നടന്നില്ല.
സോളാർ വഴിവിളക്കിന്റെ തൂണിൽ സ്ഥാപിച്ച ബാറ്ററികൾ യാത്രക്കാരുടെ തലയിൽ വീഴാൻ പാകത്തിൽ നിൽക്കുന്നത് അപകടഭീഷണിയുയർത്തുന്നു. ബാറ്ററികൾ സ്ഥാപിച്ച സംവിധാനം തുരുമ്പെടുത്തു നശിച്ചു. ചിലയിടങ്ങളിൽ ബാറ്ററികൾ താഴെ വീണിട്ടുണ്ട്. ഇരുപതിനായിരത്തോളം രൂപ വിലവരുന്ന ബാറ്ററികൾ താഴെ വീണാൽ കാണില്ല. ബാറ്ററി മേഷണവും പോയിട്ടുണ്ട്.
സോളാർ വഴിവിളക്കുകൾ തെളിഞ്ഞില്ലെങ്കിലും ഇവയൊന്ന് റോഡിൽ നിന്നും മാറ്റിയാൽ അപകടമെങ്കിലും ഒഴിവാക്കാമല്ലോയെന്നാണ് നാട്ടുകാർ പറയുന്നത്.
പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.
അപകടാവസ്ഥയിലായ ലൈറ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനും കേടായവ നന്നാക്കുന്നതിന് കൺസൽട്ടൻസിക്കും കരാർ കമ്പനിക്കും നിർദേശം നൽകിയതായും കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയർ ഷാജി തയ്യിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.