തദ്ദേശ സ്ഥാപനങ്ങളിൽ സ്പോർട്സ് കൗൺസിൽ; ആർക്കും താൽപര്യമില്ല
text_fieldsകണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിൽ സ്പോർട്സ് കൗൺസിലുകൾ രൂപവത്കരിക്കണമെന്ന സർക്കാർ നിർദേശത്തോട് മുഖംതിരിച്ച് പഞ്ചായത്തുകളും നഗരസഭകളും. കായികരംഗം പരിപോഷിപ്പിക്കാനായി നടപ്പാക്കുന്ന തീരുമാനത്തോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ നിസ്സഹകരണ നിലപാടാണ് സ്വീകരിക്കുന്നത്. ജനുവരിയോടെ തദ്ദേശസ്ഥാപനങ്ങളിൽ സ്പോർട്സ് കൈകാര്യം ചെയ്യാനുള്ള കൗൺസിൽ രൂപവത്കരിക്കാൻ കായിക വകുപ്പും തദ്ദേശ വകുപ്പും ചേർന്ന് തീരുമാനിച്ചെങ്കിലും നടപ്പായില്ല.
മാർച്ച് 15നുള്ളിൽ തദ്ദേശസ്ഥാപനങ്ങളിൽ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ക്ലബുകൾ ജില്ല സ്പോർട്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചെങ്കിലും ഇതുവരെ ആരും മുന്നോട്ടുവന്നില്ല. ക്ലബുകളെ തദ്ദേശ സ്പോർട്സ് കൗൺസിലുകളുടെ ഭാഗമാക്കാൻ തദ്ദേശ സ്ഥാപനങ്ങളും താൽപര്യമെടുക്കുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു. ചില ക്ലബുകൾ രജിസ്ട്രേഷൻ ഫോറം വാങ്ങിപ്പോയെങ്കിലും തുടർനടപടിയുണ്ടായില്ല.
നല്ലരീതിയിൽ പ്രവർത്തിക്കുന്ന പ്രാദേശിക ക്ലബുകളെ കൗൺസിലിന്റെ ഭാഗമാക്കാനും അതുവഴി പുതുതലമുറയെ കായിക മേഖലയോട് അടുപ്പിക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് താൽപര്യമില്ല. ക്ലബുകളെ രജിസ്റ്റർ ചെയ്യിക്കാനുള്ള നീക്കവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. കായിക മേഖലയുടെ പുരോഗതിക്ക് താഴെ തട്ടിൽ ജനപങ്കാളിത്തത്തോടെ പദ്ധതി ആസൂത്രണം ചെയ്യാനാണ് പ്രാദേശികമായി സ്പോർട്സ് കൗൺസിലുകൾ രൂപവത്കരിക്കാൻ ലക്ഷ്യമിട്ടത്. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ രജിസ്റ്റർ ചെയ്ത സ്പോർട്സ് സംഘടനകളുടെയും ക്ലബുകളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്നതാണ് പ്രധാന ദൗത്യം.
പ്രാദേശികമായി കളിസ്ഥലങ്ങളും കോർട്ടുകളും അടക്കമുള്ള അടിസ്ഥാന സൗകര്യം പോലും ആവശ്യത്തിനില്ലാത്ത പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കായിക വികസനത്തിന് സാധ്യമാകുന്ന തരത്തിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ സ്പോർട്സ് കൗൺസിൽ വഴിതുറക്കും.
പ്രാദേശിക കൗൺസിലുകളെ ജില്ല സ്പോർട്സ് കൗൺസിലുമായി അഫിലിയേറ്റ് ചെയ്താൽ ഇതുവഴി പുതിയ കായികതാരങ്ങളെ കണ്ടെത്താനും പരിശീലനം നൽകുന്നതിനായി വിവിധ പദ്ധതികൾ തയാറാക്കാനും കഴിയും.
മദ്യത്തിനും മയക്കുമരുന്നിനും അടിമകളാവുന്ന കുട്ടികളെയും യുവാക്കളെയും കായികമേഖലയോട് അടുപ്പിക്കാനും തദ്ദേശ സ്പോർട്സ് കൗൺസിലുകൾക്കാവും. നിലവിൽ ജില്ല സ്പോർട്സ് കൗൺസിലുകൾക്കു താഴെ ഘടകങ്ങൾ ഇല്ല. കൗൺസിലുകൾ രൂപവത്കരിക്കാൻ സർക്കാർ റിട്ടേണിങ് ഓഫിസർമാരെ ചുമതലപ്പെടുത്തിയിരുന്നു.
കോർപറേഷനുകളിൽ കലക്ടർമാരും നഗരസഭകളിൽ പഞ്ചായത്ത് അസി. ഡയറക്ടറും പഞ്ചായത്തുകളിൽ ബി.ഡി.ഒമാരുമാണ് വരണാധികാരികൾ. ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, പൊലീസ്, ആരോഗ്യം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, കായിക രംഗത്ത് കഴിവുതെളിയിച്ചവർ, കായികാധ്യാപകർ തുടങ്ങിയവരാണ് തദ്ദേശ കൗൺസിലിന്റെ ഭാഗമാവുക.
തദ്ദേശീയമായി സ്പോർട്സ് കൗൺസിൽ രൂപവത്കരിക്കണമെന്നും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും പറയുമ്പോഴും സർക്കാർ വ്യക്തമായ സമയക്രമമോ നിബന്ധനകളോ കൊണ്ടുവന്നിട്ടില്ല. അതുകൊണ്ടുതന്നെ തദ്ദേശ സ്ഥാപനങ്ങൾ ഒച്ചിഴയും വേഗത്തിലാണ് നടപടികളുമായി മുന്നോട്ടുപോകുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് സ്പോർട്സ് കൗൺസിൽ രൂപവത്കരിക്കാനുള്ള സർക്കാർ തീരുമാനത്തെ ഏറെ ആവേശത്തിൽ വരവേറ്റ ജില്ലയിലെ സ്പോർട്സ് പ്രേമികൾ നടപടികളുടെ മെല്ലെപ്പോക്കിൽ നിരാശയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.