കണ്ണൂരിൽ കളി മാറും
text_fieldsകണ്ണൂർ: കായിക മേഖലയുടെ വികസനത്തിനായി ജില്ലയിലെ കളിക്കളങ്ങളുടെ മുഖം മാറുന്നു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി കൂടുതൽ സ്ഥലങ്ങളിൽ മൈതാനമൊരുങ്ങും.
കുഞ്ഞിമംഗലം, നെരുവമ്പ്രം, അഴീക്കോട് എന്നിവിടങ്ങളിലെ ആധുനിക കളിക്കളങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. ജില്ലയിൽ അന്താരാഷ്ട്ര സ്പോർട്സിന് ഉതകുന്ന രീതിയിൽ 60 കോടി രൂപ മുടക്കി രണ്ടു മാസത്തിനുള്ളിൽ പുതിയൊരു സ്റ്റേഡിയം നിർമാണത്തിന് തുടക്കം കുറിക്കുമെന്ന് മന്ത്രി പറഞ്ഞു.
കായിക പ്രവർത്തനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഇടം എന്ന നിലയിൽ ജില്ലയിൽ അന്താരാഷ്ട്ര നിലവാരത്തിൽ പുതിയ സ്റ്റേഡിയം നിർമിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ 60 കോടി രൂപ ചെലവിൽ പുതിയ സ്റ്റേഡിയം നിർമിക്കാൻ തീരുമാനിച്ചത്. കായിക മേഖലയിൽ ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ഈ സർക്കാർ എട്ട് വർഷം കൊണ്ട് 2000 കോടി രൂപയാണ് കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി മാറ്റിവെച്ചതെന്നും മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
കുഞ്ഞിമംഗലത്ത് ഒരേക്കറിൽ സ്റ്റേഡിയം
പയ്യന്നൂർ: ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി കുഞ്ഞിമംഗലം പഞ്ചായത്തിൽ ഒരുങ്ങുന്ന ആധുനിക സ്റ്റേഡിയത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.
എട്ടാം വാർഡിൽ പഞ്ചായത്ത് അധീനതയിലുള്ള ഒരേക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും സംസ്ഥാന സർക്കാർ കായിക വകുപ്പ് മുഖേന അനുവദിച്ച 50 ലക്ഷവും ഉൾപ്പെടെ ഒരു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി മൈതാനത്തെ ഉന്നത നിലവാരത്തിൽ ഉയർത്തി സ്റ്റെപ് ഗാലറി, ഫെൻസിങ്, ഡ്രൈനേജ് സംവിധാനം, റിട്ടെയിനിങ് വാൾ, ചുറ്റുമതിൽ, ഗേറ്റ്, ഫ്ലഡ് ലൈറ്റ് എന്നീ സംവിധാനങ്ങളാണ് ഒരുക്കുന്നത്. സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങിൽ എം. വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർഥന, വൈസ് പ്രസിഡന്റ് എം. ശശീന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം സി.പി. ഷിജു, കെ.പി. റീന, എം.വി. ദീബു, കെ. സുമയ്യ, വി. ശങ്കരൻ, വി.വി. രാഘവൻ, വി.കെ. കരുണാകരൻ, ടി.പി. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അഞ്ച് ലക്ഷം രൂപ മന്ത്രിക്ക് കൈമാറി.
ടെക്നിക്കൽ ഹൈസ്കൂളിൽ കളിക്കളം
പഴയങ്ങാടി: ഏഴോം പഞ്ചായത്തിലെ നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്കൂളിലാണ് ആധുനിക സ്റ്റേഡിയം നിർമിക്കുന്നത്. കായിക വകുപ്പ് മുഖേന ഒരു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി മൈതാനത്തെ ഉന്നത നിലവാരത്തിൽ ഉയർത്തി സ്റ്റെപ് ഗാലറി, സ്റ്റേജ്, ലോങ് ജംപ് പിറ്റ്, ഫെൻസിങ്, ഡ്രൈനേജ് സംവിധാനം, റിട്ടെയിനിങ് വാൾ, ചുറ്റുമതിൽ, ഗേറ്റ്, ഫ്ലഡ് ലൈറ്റ് എന്നീ സംവിധാനങ്ങൾ ഒരുക്കും. സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങിൽ എം. വിജിൻ എം.എൽ.എ അധ്യക്ഷനായി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. വിമല, പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ, വൈസ് പ്രസിഡന്റ് കെ.എൻ. ഗീത, പി.കെ. വിശ്വനാഥൻ, ഉഷാ പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 15,000 രൂപ മന്ത്രിക്ക് കൈമാറി. ഏഴോം ഗ്രാമപഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപയും പഞ്ചായത്ത് പ്രസിഡന്റും മറ്റ് അംഗങ്ങളും ചേർന്ന് മന്ത്രിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.