കണ്ണൂരിൽ കഴിഞ്ഞവർഷം 2177 മയക്കുമരുന്ന് കേസുകൾ
text_fieldsശ്രീകണ്ഠപുരം: ജില്ലയിൽ മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും വർധിച്ചതിനുപിന്നാലെ നടപടി കർശനമാക്കാൻ എക്സൈസ് -പൊലീസ് തീരുമാനം. മയക്കുമരുന്നുകളുമായി നിരവധി യുവാക്കളെയും വിദ്യാർഥികളെയുമാണ് അധികൃതർ ഇതിനോടകം പിടികൂടിയിട്ടുള്ളത്.
പൊലീസ് കുറച്ച് ദിവസങ്ങൾക്കുള്ളിലാണ് നടപടി കടുപ്പിച്ചത്. എക്സൈസ് സംഘം പതിവായി ഇത്തരം കേസുകൾ പിടികൂടുന്നുണ്ട്. കഴിഞ്ഞ ഒരുവർഷം മാത്രം ജില്ലയിൽ 2177 കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 383 മയക്കുമരുന്ന് കേസുകളും 1794 അബ്കാരി കേസുകളുമാണുള്ളത്. യുവാക്കളും മധ്യവയസ്കരുമാണ് വാഹനങ്ങളും വിവിധയിനം ലഹരി വസ്തുക്കളുമായി പിടിയിലായിട്ടുള്ളത്. കഞ്ചാവ് -291.89 കി.ഗ്രാം, കഞ്ചാവ് ചെടി - 87 എണ്ണം, ഹാഷിഷ് ഓയിൽ - 459.37 ഗ്രാം, എൽ.എസ്.സി സ്റ്റാമ്പ് - 697 മില്ലിഗ്രാം,
എം.ഡി.എം.എ -162.27 ഗ്രാം, ആംഫെറ്റമിൻ - 138.09 ഗ്രാം, ട്രമഡോൾ -137.02 ഗ്രാം, മറ്റ് വിവിധയിനം ഗുളികൾ -3.05 ഗ്രാം എന്നിങ്ങനെയാണ് മയക്കുമരുന്നുകളായി കഴിഞ്ഞ വർഷം പിടികൂടിയത്. 29 എം.ഡി.എം.എ കേസുകൾ മാത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്. അബ്കാരി കേസിൽ റാക്ക് -1216.05 ലിറ്റർ, കേരള നിർമിത വിദേശമദ്യം -4861.05 ലിറ്റർ, മാഹി മദ്യം - 5131.03 ലിറ്റർ, ബിയർ - 177.45 ലിറ്റർ, വാഷ് - 82027 ലിറ്റർ, കള്ള് - 376.08 ലിറ്റർ എന്നിങ്ങനെയും പിടികൂടിയിട്ടുണ്ട്.
മയക്കുമരുന്നും മദ്യവും കടത്തിയതിന് 112 വാഹനങ്ങളാണ് കഴിഞ്ഞവർഷം കസ്റ്റഡിയിലെടുത്തത്. വില കൂടിയ കാറുകളും ബൈക്കുകളും ഇതിൽ ഉൾപ്പെടും. 2022ൽ ഒരു മാസം കൊണ്ടുതന്നെ നിരവധി കേസുകൾ വേറെയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിമാരകമായ മയക്കുമരുന്നുകളാണ് വിദ്യാർഥികളെയും ചെറുപ്പക്കാരെയും ലക്ഷ്യമിട്ട് ജില്ലയിലേക്കെത്തുന്നതെന്നും രക്ഷിതാക്കളടക്കം ജാഗ്രത പാലിക്കണമെന്നും കർശന നടപടി തുടരുമെന്നും കണ്ണൂർ എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ.എസ്. ഷാജി 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.