കുഴിയും വെള്ളക്കെട്ടും പിന്നെ കാടും... ഇതെന്ത് സംസ്ഥാന പാത
text_fieldsശ്രീകണ്ഠപുരം: തളിപ്പറമ്പ്-ശ്രീകണ്ഠപുരം-ഇരിട്ടി സംസ്ഥാന പാതയിൽ ഇരുവശങ്ങളിലും ഓടയില്ലാത്തതിനാൽ മഴ പെയ്താൽ വെള്ളം റോഡിൽ തന്നെ. പല ഭാഗങ്ങളിലും കുഴികളും. നടപ്പാതയില്ലാത്തതിനാൽ റോഡിന്റെ വശങ്ങളിൽ നിറയെ കാടും കയറിയിട്ടുണ്ട്. സംസ്ഥാന പാതയിലെ കുറുമാത്തൂർ, നിടുമുണ്ട, വളക്കൈ, നിടുവാലൂർ, ചേരൻകുന്ന്, ചെങ്ങളായി, പരിപ്പായി, ശ്രീകണ്ഠപുരം, കോട്ടൂർ, കണിയാർ വയൽ, പെരുവളത്ത് പറമ്പ് ഭാഗങ്ങളിലെല്ലാം മഴയിൽ ദുരിതയാത്രയാണ്. ഓടയില്ലാത്തതിനാൽ വെള്ളം മുഴുവൻ റോഡിലൂടെയാണ് ഒഴുകുന്നത്.
ഈ ഭാഗങ്ങളിലൂടെ കാൽനട യാത്രികരുടെ ദേഹത്ത് ചളിവെള്ളം തെറിപ്പിച്ചാണ് വലിയ വണ്ടികൾ കടന്നുപോകുന്നത്. കുറുമാത്തൂരിൽ കാമറ ഭാഗത്തും വളക്കൈ കള്ള് ഷാപ്പ് ഭാഗത്തും നിടുവാലൂരിലും ചെങ്ങളായി മാർക്കറ്റ് പരിസരത്തും തുമ്പേനിയിലും ദിവസങ്ങളോളം റോഡിൽ വെള്ളം കെട്ടിനിൽക്കുന്ന കാഴ്ചയാണുള്ളത്. ചെങ്ങളായി അരിമ്പ്ര റോഡിൽനിന്നടക്കം ചളിയും മാലിന്യങ്ങളും നിറഞ്ഞ വെള്ളം കഴിഞ്ഞ ദിവസത്തെ മഴയിലടക്കം കുത്തിയൊലിച്ച് ടൗണിലെ സംസ്ഥാന പാതയിലേക്കാണെത്തിയത്. ഇത് വ്യാപാരികൾക്കും കാൽനടയാത്രികർക്കും മറ്റും വൻ ദുരിതമാണുണ്ടാക്കിയത്.
വർഷങ്ങൾക്ക് മുമ്പ് നിർമിച്ച റോഡിന്റെ വശങ്ങളിൽ ശാസ്ത്രീയ ഓവുചാലുകൾ ഒരുക്കാത്തതാണ് ഈ ദുരിതത്തിന് പ്രധാന കാരണം. ശ്രീകണ്ഠപുരം നഗരത്തിൽ മാത്രം ഓവുചാലും നടപ്പാതയും ഒരുക്കൽ പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും ഓട നിർമാണം ശാസ്ത്രീയമല്ലാത്തതിനാൽ ചളിവെള്ളം റോഡിൽകൂടി തന്നെ ഒഴുകുന്ന സ്ഥിതി തുടരുകയാണ്. കുറുമാത്തൂർ, നിടുമുണ്ട ഭാഗങ്ങളിലടക്കം കുഴികളിൽ നിരവധി ഇരുചക്രവാഹനങ്ങൾ വീഴുകയും യാത്രികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വീതി കുറഞ്ഞ പാതയോരത്ത് നാമമാത്ര ടൗണുകളിലൊഴിച്ചാൽ ഒരിടത്തും നടപ്പാതയുമില്ല. കരിമ്പം വളവു മുതൽ കുറുമാത്തൂർ വരെയും നിടുമുണ്ട ഭാഗങ്ങളിലും നിടുവാലൂർ, ചേരൻകുന്ന്, തുമ്പേനി, കണിയാർവയൽ, പെരുവളത്ത് പറമ്പ്, പടിയൂർ പൂവത്തിനും കുയിലൂരിനുമിടയിലുള്ള ഭാഗം എന്നിവിടളിലെല്ലാം റോഡിന്റെ വശങ്ങളിൽ മുള്ളും കാടുകളും കയറിക്കിടക്കുകയാണ്.
എതിർവശങ്ങളിൽനിന്നുള്ള വാഹനങ്ങളെ പോലും കാണാൻ സാധിക്കാത്ത അവസ്ഥയാണ് ചേരൻകുന്ന് വളവിലും കുയിലൂർ-പൂവം ഭാഗങ്ങളിലുമുള്ളത്. ചില ഭാഗങ്ങളിൽ കാൽനട യാത്രികർ മുൾപ്പടർപ്പിലൂടെ നടക്കേണ്ട ഗതികേടാണുള്ളത്.
ഡ്രൈവർമാരും യാത്രക്കാരും പലതവണ പരാതി അറിയിച്ചിട്ടും പൊതുമരാമത്ത് വകുപ്പ് പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷവും ഇതേ സ്ഥിതിയുണ്ടായിട്ടും അപകടങ്ങൾ നടന്നിട്ടും ബന്ധപ്പെട്ടവർ മൗനം നടിക്കുകയാണ്. ഇത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്. പ്രധാന സംസ്ഥാന പാതയായിട്ടും വളവു പ്രദേശങ്ങളിലടക്കം പലയിടത്തും തെരുവ് വിളക്കുകൾ പോലും സ്ഥാപിച്ചിട്ടില്ല. ഇതും രാത്രി യാത്രികർക്ക് മഴക്കാലത്ത് വലിയ ദുരിതമാണുണ്ടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.