കൊറിയയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍
text_fieldsശ്രീകണ്ഠപുരം: സൗത്ത് കൊറിയയില്‍ ജോലി വാഗ്ദാനം ചെയ്ത് 5,54,000 രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി കൊളക്കാട് കൊല്ലങ്കോട് അയ്യപ്പന്‍ പുഴയിലെ വളപ്പില മാര്‍ട്ടിനെയാണ് (44) ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശന്റെ നിര്‍ദേശാനുസരണം എസ്.ഐ പി.പി. അശോക് കുമാർ അറസ്റ്റ് ചെയ്തത്.
ചെമ്പന്തൊട്ടി നിടിയേങ്ങ തോപ്പിലായിയിലെ മംഗലത്ത് കരോട്ട് റോണി സെബാസ്റ്റ്യന്റെ പരാതിയിലാണ് മാര്‍ട്ടിനെതിരെ കേസെടുത്തത്. മാര്‍ട്ടിന്റെ ഭാര്യ സിലി പൗലോസ്, ബന്ധു അരുണ്‍ പൗലോസ് എന്നിവരും കേസില്‍ പ്രതികളാണ്.
2021 ജനുവരിയിൽ പല തവണകളായാണ് പണം തട്ടിയെടുത്തത്. മാര്‍ട്ടിന്‍, സിലി എന്നിവരുടെ അക്കൗണ്ടിലാണ് പണം അയച്ചത്. എന്നാല്‍, വിസ ലഭിച്ചില്ല. പണം തിരിച്ചുചോദിച്ചപ്പോള്‍ നല്‍കിയതുമില്ല. ഇതേത്തുടര്‍ന്നാണ് പരാതി നല്‍കിയത്. പ്രതികളെല്ലാം ഗള്‍ഫില്‍ ജോലി ചെയ്യുന്നവരാണ്. ഇവരെ പിടികിട്ടാത്തതിനെത്തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ വിവരം അറിയിച്ചിരുന്നു. മാര്‍ട്ടിന്‍ നാട്ടിലേക്ക് വരുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ശ്രീകണ്ഠപുരം പൊലീസ് നെടുമ്പാശ്ശേരിയിലെത്തി കാത്തുനില്‍ക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റ്. സി.പി.ഒ വിനില്‍, ഡ്രൈവര്‍ നവാസ് എന്നിവരും മാര്‍ട്ടിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. മാര്‍ട്ടിനെ ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ മാർട്ടിനെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.