ഭർത്താവ് അവധിയെടുത്ത് പിന്തുടരും, മൃതദേഹത്തിൽ കടിയേറ്റ മുറിവ്; മാധ്യമ പ്രവര്‍ത്തകയുടെ മരണത്തിൽ അന്വേഷണം ഊർജിതം
text_fieldsശ്രീകണ്ഠപുരം: യുക്തിവാദി നേതാവും എഴുത്തുകാരനും റിട്ട. അധ്യാപകനുമായ നാരായണന് പേരിയയുടെ മകളും റോയിറ്റേഴ്സിലെ സബ് എഡിറ്ററുമായ കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിനി എന്‍. ശ്രുതിയുടെ (36) ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജിതം. ശ്രുതിയെ അനീഷ് ശാരീരികമായും മാനസികവുമായും നിരന്തരം പീഡിപ്പിച്ചുവെന്ന് എഫ്.ഐ.ആറിലുണ്ട്. ശ്രുതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്. കടിയേറ്റതിന്റെ മുറിവും ശ്രുതിയുടെ ദേഹത്തുണ്ടെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭര്‍ത്താവ് കോയാടൻ അനീഷിനെ തേടി ബംഗളൂരു പൊലീസ് ശ്രീകണ്ഠപുരം പൊലീസ് പരിധിയിലെ ചുഴലിയിലെത്തുമെന്നാണ് സൂചന. ശ്രുതിയുടെ ആത്മഹത്യ ഭര്‍തൃപീഡനത്തെത്തുടര്‍ന്നാണെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. അതനുസരിച്ചാണ് ബംഗളൂരു വൈറ്റ്ഫീല്‍ഡ് പൊലീസ് എഫ്.ഐ.ആര് രജിസ്റ്റർ ചെയ്തത്.
എൻജിനീയറായി ജോലി ചെയ്യുന്ന അനീഷ് അവധിയെടുത്തുപോലും ഭാര്യയെ പിന്തുടരാറുണ്ടത്രേ. ഓഫിസിലേക്ക് പോകുന്നതിനിടയില്‍ അവര്‍ ആരൊക്കെയുമായി സംസാരിക്കാറുണ്ടെന്നും എവിടെയൊക്കെ പോകാറുണ്ടെന്നും മനസ്സിലാക്കാനാണത്രെ പിന്തുടർന്നത്. ഇക്കാര്യം പറഞ്ഞ് ഫ്ലാറ്റിനകത്ത് നിരന്തരം വഴക്കുണ്ടാക്കാറുണ്ട്. ഇക്കാര്യം അയല്‍വാസികളും പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ശ്രുതിയുടെ ഫ്ലാറ്റിനകത്തെ ചലനങ്ങള്‍ വീക്ഷിക്കാന്‍ അനീഷ് സി.സി.ടി.വി കാമറ സ്ഥാപിച്ചിരുന്നു. എല്ലാ ദിവസവും സി.സി.ടി.വി ദൃശ്യങ്ങള്‍ അനീഷ് പരിശോധിക്കാറുണ്ടെന്നും ശ്രുതിയുടെ സംഭാഷണം റെക്കോഡ് ചെയ്യുന്ന ഉപകരണം ഫ്ലാറ്റിലെ മുറിയില്‍ സ്ഥാപിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. മിക്ക ദിവസവും ശ്രുതിയെ ഇയാള്‍ മര്‍ദിക്കാറുള്ളതായും അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്.
റോയിറ്റേഴ്സില് ഒമ്പതുവര്‍ഷമായി ജോലി ചെയ്യുന്ന ശ്രുതി അതിനുമുമ്പ് ഇംഗ്ലണ്ടിലും മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്തിരുന്നു. നാലുവര്‍ഷം മുമ്പായിരുന്നു വിവാഹം. വിവാഹശേഷം ബംഗളൂരു നല്ലൂറഹള്ളിയിലെ മേഫെയര്‍ അപ്പാർട്മെന്റിലായിരുന്നു ഭര്‍ത്താവിനൊപ്പം താമസിച്ചുവന്നത്. കഴിഞ്ഞ 20നാണ് ശ്രുതി ഫ്ലാറ്റില്‍ തൂങ്ങിമരിച്ചത്. അതിന് രണ്ടുദിവസംമുമ്പ് അനീഷ് നാട്ടിലേക്ക് മടങ്ങിയിരുന്നു. അടുത്തദിവസം ബംഗളൂരു പൊലീസ് ചുഴലിയില്‍ എത്തുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.