ഇനി പ്രതീക്ഷയുടെ കടവിൽ അലക്സ് നഗർ പാലം
text_fieldsശ്രീകണ്ഠപുരം: കരാറുകാരന്റെ അനാസ്ഥകാരണം പാതിവഴിയില്‍ ഉപേക്ഷിച്ച കാഞ്ഞിലേരി-അലക്‌സ് നഗര്‍ പാലത്തിന്റെ നിർമാണം പുനരാരംഭിക്കുന്നു. റീടെൻഡർ നടപടിക്രമങ്ങൾ പൂർത്തിയായി. റീ ടെൻഡറിൽ കെ.കെ ബില്‍ഡേഴ്സാണ് നിർമാണ ചുമതല ഏറ്റെടുത്തത്.
10.10 കോടി രൂപയാണ് നേരത്തെ പാലത്തിന്റെ നിര്‍മാണത്തിന് വകയിരുത്തിയത്. ഇതില്‍ ഐച്ചേരി-അലക്‌സ് നഗര്‍ റോഡ് നിര്‍മാണവും ഉള്‍പ്പെടും. പുതിയ ടെൻഡറിൽ റോഡ് നിര്‍മാണം ഒഴിവാക്കി 5.84 കോടി രൂപയാണ് വകയിരുത്തിയതെന്ന് സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു.
2017ല്‍ കരാറുകാരന്‍ പ്രവൃത്തി ആരംഭിച്ചെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ പാലത്തിന്റെ 50 ശതമാനം പോലും പ്രവൃത്തി പൂർത്തീകരിക്കാത്തതിനാൽ എം.എൽ.എ മുൻകൈയെടുത്ത് കരാറുകാരനെ നീക്കിയിരുന്നു. തുടർന്നാണ് റീ ടെൻഡർ ചെയ്യാൻ തീരുമാനിച്ചത്.
അഞ്ചുവർഷം മുമ്പ് നിർമാണം തുടങ്ങിയ ഈ പാലം എങ്ങുമെത്താത്ത സ്ഥിതിയിലാണ്. ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കുമെന്ന വ്യവസ്ഥയിൽ നിർമാണം തുടങ്ങിയ പാലത്തിന്റെ ആറ് തൂണുകളുടെ പകുതി മാത്രമാണ് പൂർത്തിയായത്.
നിർമാണം നിലച്ചതോടെ തൂണുകളുടെ കമ്പികളെല്ലാം തുരുമ്പെടുത്ത് നശിച്ചു. പല ഭാഗങ്ങളിലും കാടുകയറി. 113.75 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ള പാലമാണ് നിർമിക്കുന്നത്. ഇതിൽ 1.5 മീറ്റർ വീതിയിൽ ഇരുവശത്തുമായി നടപ്പാതയും ഒരുക്കും.
പാലം യാഥാർഥ്യമായാൽ...
കാഞ്ഞിലേരി- അലക്‌സ് നഗർ പാലം വരുന്നതോടെ കാഞ്ഞിലേരി, മൈക്കിൾഗിരി, ഇരൂഡ് ഭാഗങ്ങളിലുള്ളവർക്ക് ഐച്ചേരി, പയ്യാവൂർ, ശ്രീകണ്ഠപുരം ഭാഗങ്ങളിലെത്താൻ എളുപ്പമാർഗമാകും. കണിയാർ വയൽ- കാഞ്ഞിലേര - ഉളിക്കൽ റോഡ് നിർമാണം പൂർത്തിയായാൽ അലക്സ് നഗർ ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ ഉളിക്കലിലേക്കും കണിയാർ വയലിലേക്കും എത്താനാകും.
നിലവിൽ സമീപത്തുള്ള തൂക്കുപാലമാണ് ഇവിടത്തുകാരുടെ ഏക യാത്രാമാർഗം. മിക്ക വർഷങ്ങളിലും അറ്റകുറ്റപ്പണി നടത്തിയാണ് തൂക്കുപാലം സഞ്ചാരയോഗ്യമാക്കുന്നത്. വിദ്യാർഥികളടക്കം നിരവധി പേരാണ് അപകടാവസ്ഥയിലുള്ള തൂക്കുപാലത്തിലൂടെ ദിനംപ്രതി യാത്ര ചെയ്യുന്നത്.
നിരവധി പരാതികൾക്കും നിവേദനങ്ങൾക്കും ശേഷമാണ് കുടിയേറ്റ പ്രദേശമായ അലക്സ് നഗറിനെയും കാഞ്ഞിലേരിയെയും ബന്ധിപ്പിക്കുന്ന കോൺക്രീറ്റ് പാലം നിർമാണം തുടങ്ങിയത്. പാലത്തിനും മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള ഐച്ചേരി- അലക്സ് നഗർ റോഡിനും കൂടിയായിരുന്നു തുക അനുവദിച്ചത്.
പാലംപണി നിലച്ചതോടെ ഇതോടൊപ്പം പൂർത്തിയാക്കേണ്ട സമീപന റോഡായ അലക്സ് നഗർ - ചെരിക്കോട്- ഐച്ചേരി റോഡിന്റെ വികസന പ്രവൃത്തികളും ആരംഭിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.