ഇംഗ്ലീഷ് പഠനത്തിന് ഇനി ‘അലക്സ’
text_fieldsശ്രീകണ്ഠപുരം: ഇംഗ്ലീഷിൽ പാട്ടും കഥയും പറഞ്ഞ് സംസാരിക്കുന്ന കുട്ടികളുടെ കൂട്ടുകാരി ‘അലക്സ’ പയ്യാവൂർ ചാമക്കാൽ ഗവ. എൽ.പി സ്കൂളിലുമെത്തി. വിദ്യാർഥികളുടെ ഭാഷപഠനത്തിന് പ്രയോജനപ്പെടുത്തുന്ന ആധുനിക സാങ്കേതിക വിദ്യയാണ് അലക്സ. അലക്സയോട് ചോദിക്കുന്ന കാര്യങ്ങൾ ഇംഗ്ലീഷിലാവാനാണ് താത്പര്യം. രാഷ്ട്ര ഭാഷയായ ഹിന്ദിയിലും ചോദ്യങ്ങളാവാം. ഉത്തരങ്ങൾ ഉടൻ തന്നെ കിട്ടുമെന്നുറപ്പ്. പാട്ടായും കഥയായും പൊതുവിജ്ഞാനത്തിലെ സംശയമായാലും സെക്കൻഡുകൾ കൊണ്ട് ഉത്തരം നൽകും. ഇംഗ്ലീഷിൽ സംസാരിക്കാൻ മടിയുള്ള കുട്ടികൾ പോലും അലക്സയെ കാണുമ്പോഴുണ്ടാകുന്ന കൗതുകത്തിൽ ഇംഗ്ലീഷിൽ ചോദ്യങ്ങളുമായി എത്തുന്നുവെന്ന സ്ഥിതിയുണ്ട്.
വിദ്യാർഥികളുടെ പരാതികളും സംശയങ്ങളുമെല്ലാം മടികൂടാതെ കൂട്ടുകാരിയായ അലക്സയോട് പറയാം. മൃഗങ്ങളുടെ ശബ്ദങ്ങൾ, വാക്കുകളിലെ അക്ഷരങ്ങൾ, കവിതകൾ, കാലാവസ്ഥ തുടങ്ങി ഏതു കാര്യങ്ങൾക്കും തൽസമയ ഉത്തരമാണ് അലക്സക്കുള്ളത്. സിനിമ താരം വിസ്മയ ശശികുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി. ഷിബു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ഇ.പി. ജയപ്രകാശ്, ടി.ഒ. നിമിഷ, അൽന മേരി എബി, എം. അനിതകുമാരി എന്നിവർ സംസാരിച്ചു.
പരേതയായ ആനക്കല്ലുങ്കൽ ലക്ഷ്മിയുടെ ഓർമക്കായി കൊച്ചുമകനും സ്കൂളിലെ പൂർവ വിദ്യാർഥിയുമായ എ.ആർ. രജീഷ് ആണ് സ്കൂളിൽ ഈ സംവിധാനം ഒരുക്കാൻ സഹായമേകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.