രാത്രിയായാൽ ബസുകളും കടകളുമില്ല; ശ്രീകണ്ഠപുരത്ത് ദുരിതയാത്ര
text_fieldsശ്രീകണ്ഠപുരം: ഇരുട്ടിത്തുടങ്ങിയാൽ ശ്രീകണ്ഠപുരമില്ലെന്നാണ് നിലവിലെ അവസ്ഥ. ജില്ലയിൽ തന്നെ ആദ്യം ഉറങ്ങുന്ന നഗര കേന്ദ്രം എന്ന പേരുദോഷവും. രൂപവത്കരിച്ച് 10 വർഷമാകാറായിട്ടും ഇത് മാറ്റാൻ ശ്രീകണ്ഠപുരം നഗരസഭക്ക് കഴിഞ്ഞിട്ടില്ല. ഇരിക്കൂർ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനം, മലയോര കേന്ദ്രം എന്നിങ്ങനെ വിശേഷണങ്ങളേറെയുണ്ടെങ്കിലും സന്ധ്യമയങ്ങുന്നതോടെ ശ്രീകണ്ഠപുരം നഗരം ചലനമില്ലാതെയാകും. മലയോര മേഖലയിലുള്ളവരുടെ പ്രധാന ആശ്രയ കേന്ദ്രമായ ഇവിടെ ഏഴ് മണി കഴിഞ്ഞാൽ ബസോട്ടം പേരിന് മാത്രമാണ്. അതുകൊണ്ടുതന്നെ രാത്രി 7.30ഓടെ നഗരത്തിലെ കടകളെല്ലാം അടച്ചു തുടങ്ങും.
പണ്ട് മുതലേ ഭൂരിഭാഗം കച്ചവടക്കാരും ഇരിക്കൂർ ഭാഗത്തുള്ളവരായതിനാൽ അവർ കടകൾ നേരത്തെ അടച്ച് ബസിന് തിരിച്ച് വീട്ടിലേക്ക് പോകുന്ന ശീലമാണ് ഉണ്ടായിരുന്നത്. ബസുകളില്ലാത്തതിനാൽ ഇത് ഇന്നും തുടരുന്നതാണ്. സന്ധ്യ കഴിഞ്ഞാൽ ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് വിജനമാണ്. നേരത്തെ തളിപ്പറമ്പ്- ഇരിട്ടി റൂട്ടിൽ രാത്രി എട്ടിനു ശേഷം രണ്ട് കെ.എസ്.ആർ.ടി.സി. ബസുകൾ ഓടിയിരുന്നു. എന്നാൽ, കോവിഡിന് ശേഷം ഈ സർവിസുകൾ നിർത്തി. മൈസൂരുവിൽ നിന്ന് രാത്രി 9.30ന് ശ്രീകണ്ഠപുരത്ത് എത്തി തളിപ്പറമ്പിലേക്ക് ഓടിയിരുന്ന ബസും മാനന്തവാടിയിൽ നിന്ന് രാത്രി 8.30ന് ശ്രീകണ്ഠപുരമെത്തിയിരുന്ന ബസും ഉണ്ടായിരുന്നു. ഈ മേഖലയിലുള്ളവർ രാത്രി യാത്രകൾക്ക് ആശ്രയിച്ചിരുന്ന ഈ രണ്ട് സർവിസുകളും ഇപ്പോഴില്ല. ഏഴു മണിക്ക് ശേഷം ആളുകളുണ്ടാകാറില്ലെന്നും അതുകൊണ്ടാണ് കടകൾ നേരത്തെ അടക്കുന്നതുമെന്നാണ് വ്യാപാരികൾ പറയുന്നത്. ശ്രീകണ്ഠപുരത്ത് നിന്ന് രാത്രിയിൽ ചെമ്പേരി, പയ്യാവൂർ, നടുവിൽ, ഇരിക്കൂർ, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് രാത്രി 10 വരെയെങ്കിലും പുതിയ ബസ് റൂട്ടുകൾ അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഗതാഗത വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയെന്ന് എം.എൽ.എ
ശ്രീകണ്ഠപുരം മേഖലയിൽ രാത്രിയിലെ ബസ് സർവിസുകളുടെ ആവശ്യകതയെപ്പറ്റി ഗതാഗത വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് സജീവ് ജോസഫ് എം.എൽ.എ അറിയിച്ചു. മലയോരത്തെ യാത്ര ദുരിതത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഡി.ടി.ഒ, ആർ.ടി.ഒ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരെയല്ലാം ഉൾപ്പെടുത്തി വിപുലമായ യോഗം ചേർന്നിരുന്നു. ഇതിൽ ചർച്ച ചെയ്ത ആവശ്യങ്ങൾ റിപ്പോർട്ടാക്കി ഗതാഗത വകുപ്പിന് കൈമാറിട്ടുണ്ടെന്നും തുടർ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.