സ്വത്ത് തട്ടിയെടുക്കാന്‍ അമ്മയെ മനോരോഗിയാക്കാന്‍ ശ്രമം; മകന് അറസ്റ്റില്‍
text_fieldsശ്രീകണ്ഠപുരം: ഇളയ മകള്‍ക്ക് സ്വത്ത് നല്കിയ വിരോധത്തിന് അമ്മയെ തട്ടിക്കൊണ്ടുപോയി മനോരോഗിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ച മകന് അറസ്റ്റില്‍. സംഭവത്തിൽ ഇവരുടെ മറ്റ് മക്കളായ സലോമി കല്ലോടി, സീജ ചന്ദനക്കാംപാറ, കുര്യന്റെ ഭാര്യ മോളി കുര്യന് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഏരുവേശ്ശി വലിയരീക്കാമലയിലെ താഴത്തുവീട്ടില്‍ കുര്യനെയാണ് (54) കുടിയാന്മല സി.ഐ മെല്ബിന് ജോസ്, എസ്.ഐ നിബിന് ജോയ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കുര്യന്റെ അമ്മ ഏലിയാമ്മയെ തട്ടിക്കൊണ്ടുപോയി മനോരോഗിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഏലിയാമ്മക്ക് നാല് പെൺമക്കളും കുര്യനും ഉൾപ്പെടെ അഞ്ച് മക്കളാണുള്ളത്. ഇവരുടെ ഇളയ മകള്‍ കന്യാസ്ത്രീയാകാന്‍ മഠത്തിൽ പോയിരുന്നു. എന്നാല്‍, വിവാഹിതയാകാൻ താൽപര്യമുള്ളതിനാൽ പിന്നീട് കന്യാസ്ത്രീയാകാതെ തിരിച്ചുവന്നു.
മകളുടെ വിവാഹത്തിനായി ഏലിയാമ്മ തന്റെ സ്വത്തില്‍ കുറച്ചുഭാഗം വിറ്റ് പണം നല്കാന് തീരുമാനിച്ചിരുന്നു. സ്വത്ത് വില്പന നടന്നതോടെ കുര്യനും രണ്ട് പെണ്മക്കളും അതിനെതിരെ രംഗത്തുവന്നു. ഇവരുടെ നീക്കത്തിനെതിരെ അഭിഭാഷകയായ മറ്റൊരു മകളും ഇളയ മകളും അമ്മക്കൊപ്പം നിലയുറപ്പിച്ചു.
മകളുടെ വിവാഹം കഴിഞ്ഞതോടെ സ്വത്ത് വിൽപന റദ്ദാക്കണമെന്ന വാദവുമായി കുര്യനും മറ്റും രംഗത്തുവന്നു. ഈ ആവശ്യം മാതാവ് തള്ളിക്കളയുകയായിരുന്നു. ഇതിൽ പ്രകോപിതനായ കുര്യൻ മറ്റുള്ളവരുടെ സഹായത്തോടെ കഴിഞ്ഞ ദിവസം ഏലിയാമ്മയെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റി കണ്ണൂരിലേക്ക് കൊണ്ടുപോയി. മനോരോഗ ചികിത്സ കൂടിയുള്ള കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് ഏലിയാമ്മയെ കൊണ്ടുപോയത്. അവിടെ മനോരോഗിയാണെന്ന് പറഞ്ഞ് അഡ്മിറ്റ് ചെയ്യാനായിരുന്നത്രെ പദ്ധതി.
വിവരമറിഞ്ഞ് അഭിഭാഷകയായ മകളും ഇളയ മകളും കുടിയാന്മല പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തി ഏലിയാമ്മയെ മോചിപ്പിച്ചു. ഏലിയാമ്മക്ക് മനോരോഗമുണ്ടെന്ന് ചിത്രീകരിച്ച് ആശുപത്രി രേഖയുണ്ടാക്കാനും അത് ഹാജരാക്കി വിൽപന നടത്തിയ ഭൂമിയുടെ ആധാരം റദ്ദ് ചെയ്യിക്കാനുമായിരുന്നു കുര്യന്റെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.