വിദ്യാഭ്യാസ വായ്പ നിഷേധവുമായി ബാങ്കുകൾ
text_fieldsശ്രീകണ്ഠപുരം: സർക്കാറും കോടതിയും അനുകൂലമായിട്ടും സാധാരണക്കാരായ വിദ്യാർഥികളുടെ തുടർപഠന സ്വപ്നത്തിന് കരിനിഴൽ വീഴ്ത്തി ബാങ്കുകൾ. നഴ്സിങ്ങടക്കം വിവിധ കോഴ്സുകൾക്ക് ചേർന്ന നിരവധി വിദ്യാർഥികൾക്കാണ് ജില്ലയിലും സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലുമായി ബാങ്കുകാരുടെ നിഷേധാത്മക നിലപാട് കാരണം പഠനം തടസ്സപ്പെടുന്നത്.
സഹകരണ ബാങ്കുകളിലെ നൂലാമാലകൾ കാരണം ദേശസാത്കൃത ബാങ്കുകളെയാണ് ഏറെപ്പേരും വിദ്യാഭ്യാസ വായ്പക്കായി സമീപിക്കുന്നത്. മുൻകാലങ്ങളിലടക്കം ഒട്ടേറെ വിദ്യാർഥികൾക്ക് ഇത്തരം വായ്പകൾ ലഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇത്തവണ പല ബാങ്കുകളും വിദ്യാഭ്യാസ വായ്പക്കെത്തുന്ന വിദ്യാർഥികളെയും രക്ഷിതാക്കളെയും അവഹേളിച്ച് തിരിച്ചുവിടുന്ന സ്ഥിതിയാണുള്ളത്. ഇതു സംബന്ധിച്ച് വ്യാപക പരാതിയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞവർഷം മുതൽ വിദ്യാഭ്യാസ വായ്പ നൽകുന്നത് നിർത്തിയിരിക്കുകയാണെന്നും നേരത്തേ വായ്പയെടുത്ത പലരും തിരിച്ചടച്ചില്ലെന്നുമാണ് കേരള ഗ്രാമീൺ ബാങ്ക് പയ്യാവൂർ ശാഖ മാനേജർ പറഞ്ഞത്. സിൻഡിക്കേറ്റ് ബാങ്കുകൾ അതിർത്തി തർക്കം പറഞ്ഞ് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതായി മലയോരത്തെ നിരവധി വിദ്യാർഥികൾ പറയുന്നു.
തങ്ങളുടെ പരിധിയല്ലെന്നും നേരത്തേ മുതൽ മാതാപിതാക്കൾക്ക് അക്കൗണ്ടുള്ള ബാങ്കിൽ പോയി വായ്പക്ക് അപേക്ഷിക്കണമെന്നും പറഞ്ഞ് വിദ്യാർഥികളെ വട്ടം കറക്കുന്നുണ്ട്. ഓൺലൈൻ വഴി വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കുമ്പോൾ ഏറ്റവും അടുത്തുള്ള ബാങ്ക് എന്ന ക്രമത്തിലാണ് നൽകേണ്ടത്.
ഇത്തരത്തിൽ അപേക്ഷ നൽകിയ സാധാരണക്കാരായ നിരവധി വിദ്യാർഥികളെയാണ് ഇല്ലാത്ത ന്യായങ്ങൾ പറഞ്ഞ് ബാങ്കുകാർ നട്ടം തിരിക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.