സുന്ദരക്കാഴ്ചകൾ മങ്ങില്ല; വരും ടൂറിസം സർക്യൂട്ട് പദ്ധതി...
text_fieldsശ്രീകണ്ഠപുരം: കാഴ്ചകളുടെ സുന്ദര ലോകം ഒന്നിച്ചു നൽകാൻ പ്രതീക്ഷ നൽകി ടൂറിസം സർക്യൂട്ട് പദ്ധതി. മലയോര ടൂറിസം വികസനം ലക്ഷ്യമാക്കി പാലക്കയംതട്ട്- പൈതൽമല - കാഞ്ഞിരക്കൊല്ലി - കാപ്പിമല എന്നീ ടൂറിസം കേന്ദ്രങ്ങൾ സംയോജിപ്പിച്ചുള്ള ഇരിക്കൂർ ടൂറിസം സർക്യൂട്ട് പദ്ധതി യാഥാർഥ്യമാവുമോയെന്ന കാത്തിരിപ്പിലാണ് വിനോദ സഞ്ചാരികൾ. അവിസ്മരണീയ ദൃശ്യവിരുന്നുകളാണ് ഈ കാനന മാമലകളിൽ കാണാനാവുക.
പൈതൽമല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി, കാപ്പിമല, കാലാങ്കി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്താൻ കർമപദ്ധതികളാണ് ആദ്യഘട്ടമെന്ന നിലയിൽ നടത്തുക. ഇതിന്റെ ഭാഗമായി സജീവ് ജോസഫ് എം.എല്‍.എയുടെയും അസി. കലക്ടറുടെയും നേതൃത്വത്തില്‍ മാസങ്ങൾക്ക് മുമ്പ് ഉന്നതതല സംഘം വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദർശിച്ചു. പാലക്കയം തട്ടിൽ അവലോകന യോഗവും ചേർന്നു.
അടിസ്ഥാന സൗകര്യങ്ങളും യാത്ര സൗകര്യവും മെച്ചപ്പെടുത്തി കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും ഇതുവഴി മലയോര ടൂറിസം മേഖല വികസിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരത്തില്‍ 4124 ഏക്കര്‍ പ്രദേശത്ത് പരന്നുകിടക്കുന്ന പൈതല്‍മലയും 3500ലധികം അടി ഉയരത്തിൽ എട്ട് ഏക്കർ പ്രദേശത്തായി പാലക്കയം തട്ടുമാണ് മലയോരത്ത് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നത്. ഇവിടെ വനം വകുപ്പുമായി ചേർന്നാണ് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്.
കാഞ്ഞിരക്കൊല്ലി അളകാപുരി, ഏഴരക്കുണ്ട്, കാപ്പിമല വെള്ളച്ചാട്ടങ്ങൾ മൺസൂൺ ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താവുന്നവയാണ്. ആലക്കോട് പഞ്ചായത്തിലെ കാപ്പിമല, വൈതൽക്കുണ്ട്, നടുവിൽ പഞ്ചായത്തിലെ പാലക്കയം തട്ടിനടുത്തുള്ള ജാനകിപ്പാറ, ഏഴരക്കുണ്ട്, വഞ്ചിയം, പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിലെല്ലാം ടൂറിസം വികസിപ്പിക്കേണ്ടതുണ്ട്. പാലക്കയംതട്ടിൽ 3.5 കോടി രൂപയുടെയും പൈതൽമല, കാപ്പിമല മേഖലയിൽ ഒരു കോടി രൂപയുടെയും മാസ്റ്റർ പ്ലാനാണ് യഥാക്രമം ടൂറിസം വകുപ്പും വനം വകുപ്പും തയാറാക്കി വരുന്നതെന്ന് സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു.
ഇതിനു പുറമെ എം.പി. ഫണ്ടും എം.എൽ.എ ഫണ്ടും ഉപയോഗപ്പെടുത്തി വിവിധ കേന്ദ്രങ്ങളിൽ പ്രധാന സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. പാലക്കയംതട്ട് ടൂറിസം കേന്ദ്രത്തിന്റെ ടെൻഡർ നടപടികളും നടന്നു. കാഞ്ഞിരക്കൊല്ലിയിലും പൈതൽ മലയിലും കാപ്പിമലയിലും വനംവകുപ്പിന്റെ പദ്ധതികൾ വേഗത്തിലാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. പൈതൽ മലയിലെ റിസോർട്ട് ഉൾപ്പെടെ മലയോരത്ത് പൂട്ടിക്കിടക്കുന്ന ഡി.ടി.പി.സി സ്ഥാപനങ്ങൾ നവീകരിക്കാനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്.
മലപ്പട്ടത്തെ മലബാർ റിവർ ക്രൂയിസ് പദ്ധതി പൂർത്തിയായാൽ ബോട്ടുകളിലെത്തുന്നവർക്കും മലയോര കാഴ്ചകൾ ആസ്വദിക്കാനാകും. മലയോര മേഖലകളിലേക്കുള്ള കവാടമായാണ് മലപ്പട്ടം മുനമ്പിനെ കണക്കാക്കുന്നത്. പറശ്ശിനിക്കടവിൽ നിന്ന് ആരംഭിക്കുന്ന ബോട്ട് യാത്ര മുനമ്പ് കടവിൽ അവസാനിക്കുന്ന രീതിയിലാണ് റിവർ ക്രൂയിസ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്ക് പൈതൽമല, ശശിപ്പാറ, കാഞ്ഞിരക്കൊല്ലി, എന്നിവിടങ്ങളിലെ കാഴ്ചകൾ ആസ്വദിച്ച് വൈകീട്ട് ബോട്ടിൽ തന്നെ തിരിച്ചു പോകാനാകും.
മാമാനിക്കുന്ന് ക്ഷേത്രം, ചെമ്പേരി ലൂർദ് മാത ബസിലിക്ക, നിലാമുറ്റം, പഴയങ്ങാടി മാലിക് ദിനാർ പള്ളി, കുന്നത്തൂർ പാടി തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ള തീർഥാടന ടൂറിസം സാധ്യതകളും പരിശോധിക്കുന്നുണ്ട്. തുടക്കത്തിലേ നിരാശക്കാഴ്ചയായിരുന്നു റിവർ ക്രൂയിസ് പദ്ധതിയിൽ ഉണ്ടായത്. സർക്കാർ നന്നായി ഇടപെട്ട് ടൂറിസം കേന്ദ്രങ്ങളോട് കനിഞ്ഞാൽ ജില്ലയിലെത്തുന്ന സഞ്ചാരികളുടെ കാഴ്ചക്ക് പത്തരമാറ്റ് വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.