കുണ്ടും കുഴിയും; കൂട്ടുംമുഖം-കൊയിലി റോഡിൽ യാത്രാദുരിതം
text_fieldsശ്രീകണ്ഠപുരം: നഗരസഭയിലെ കൂട്ടുംമുഖം-കൊയിലി-മടമ്പം റോഡിൽ കൂട്ടുംമുഖം മുതൽ കൊയിലി അംഗൻവാടി വരെയുള്ള ഭാഗം തകർന്നതിനാൽ പ്രദേശവാസികൾ ദുരിതത്തിൽ. 1.1 കിലോമീറ്റർ നീളമുള്ള റോഡിന്റെ ഭൂരിഭാഗം സ്ഥലവും തകർന്ന നിലയിലാണ്. ആറ് മീറ്റർ വീതി മാത്രമുള്ള റോഡ് തകർന്ന് കുഴികൾ നിറഞ്ഞതോടെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്.
ഏറെക്കാലമായി അറ്റകുറ്റപ്പണിപോലും നടത്തിയിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു. മഴ പെയ്താൽ റോഡിലെ കുഴികളിൽ ചളിവെള്ളം കെട്ടിനിൽക്കുന്നത് പതിവാണ്. എള്ളരിഞ്ഞി എൽ.പി സ്കൂളിലെ കുട്ടികളടക്കം തകർന്ന റോഡിലൂടെയാണ് യാത്ര ചെയ്യേണ്ടിവരുന്നത്.
ചെമ്പേരി, ചെമ്പന്തൊട്ടി, പയ്യാവൂർ ഭാഗങ്ങളിൽനിന്ന് ശ്രീകണ്ഠപുരം നഗരത്തിൽ പോകാതെ മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജ് കടന്ന് എളുപ്പത്തിൽ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽ എത്തിച്ചേരാൻ സഹായിക്കുന്ന ലിങ്ക് റോഡാണിത്. സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്.
ശ്രീകണ്ഠപുരം നഗരസഭയിലെ 13, 14 വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡുമാണിത്. ഇതിൽ 14ാം വാർഡിൽ ഉൾപ്പെടുന്ന കൊയിലി അംഗൻവാടി മുതലുള്ള ഭാഗം 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിൽ റീ ടാറിങ് ചെയ്തിരുന്നു. ഈ റോഡിലെ കലുങ്ക് പുതുക്കി പണിയാൻ വാർഡ് കൗൺസിലർ ഏഴ് ലക്ഷം രൂപയുടെ പദ്ധതിയും സമർപ്പിച്ചിട്ടുണ്ട്.
13ാം വാർഡിൽ ഉൾപ്പെടുന്ന കൂട്ടുംമുഖം മുതൽ കൊയിലി അംഗൻവാടി വരെയുള്ള ഭാഗം 2020-21 വാർഷിക പദ്ധതിയിലുൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ ചെലവിൽ നവീകരിച്ചെങ്കിലും നിലവിൽ ഈ ഭാഗത്ത് കുഴികൾ നിറഞ്ഞിരിക്കുകയാണ്.
വിദ്യാർഥികളടക്കം നിരവധി പേർ ആശ്രയിക്കുന്ന റോഡ് നന്നാക്കാൻ അടിയന്തര നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.