വന്നെത്തി, പ്രതീക്ഷയുടെ കശുവണ്ടിക്കാലം
text_fieldsശ്രീകണ്ഠപുരം: വിലക്കുറവും വിളനാശവുമെല്ലാം കരിനിഴൽ വീഴ്ത്തിയ കർഷക സ്വപ്നങ്ങൾക്ക് നിറമുള്ള പ്രതീക്ഷ നൽകി മറ്റൊരു കശുവണ്ടിക്കാലംകൂടി വന്നെത്തി. ഇത്തവണയെങ്കിലും കടബാധ്യത തീരുമെന്ന വലിയ കാത്തിരിപ്പിലാണ് കർഷകർ കശുവണ്ടി സീസണിനെ വരവേറ്റത്.
കണ്ണൂർ, കാസർകോട് ജില്ലകളിലെ കശുവണ്ടിപ്പരിപ്പിന് അന്താരാഷ്ട്ര മാർക്കറ്റുകളിലടക്കം വൻ ഡിമാൻഡാന്നുള്ളത്. ഉൽപാദനം കൂടുകയും മെച്ചപ്പെട്ട വില ലഭിക്കുകയും ചെയ്താൽ കർഷക പ്രതീക്ഷ തിളങ്ങും. റബറും കുരുമുളകും അടക്കയും ഉൾപ്പെടെ വിലയിടിവും രോഗബാധയും ചതിച്ചതിനാൽ കർഷകൻ കശുവണ്ടിയെയാണ് കാത്തിരിക്കുന്നത്. അതു കൊണ്ടുതന്നെ വായ്പയെടുത്തും മറ്റും ഏക്കറുകണക്കിന് കശുവണ്ടിത്തോട്ടങ്ങളാണ് കർഷകർ പാട്ടത്തിനെടുത്തത്.
മുൻ വർഷങ്ങളിൽ കശുവണ്ടിയും കർഷകനെ കൈയൊഴിഞ്ഞ സ്ഥിതിയായതിനാൽ പാട്ടത്തിനെടുത്തവർ കടബാധ്യതയിലായിരുന്നു. ഇത്തവണ കിലോക്ക് 125-130 വരെയാണ് തുടക്കത്തിലെ വില. എന്നാൽ, ഉൽപാദനം നന്നേ കുറഞ്ഞതിനാൽ കടകളിലേക്ക് ഇതുവരെ എത്തിയ കശുവണ്ടി തീരെ കുറവാണെന്ന് മലഞ്ചരക്ക് വ്യാപാരികൾ പറയുന്നു.
ഉൽപാദനക്കുറവ് വന്നതിനാൽ ഡിമാൻഡ് വർധിക്കും. അപ്പോൾ വില കൂടും. കൂടുതൽ വിളവുണ്ടായാൽ വില കുറക്കുന്ന അവസ്ഥയാണ് പതിവായി ഉണ്ടാവുന്നത്. മുൻകാലങ്ങളിലെ സ്ഥിതി അതായിരുന്നു.
കഴിഞ്ഞ വർഷം 100 രൂപ കിലോക്ക് സീസൺ തുടക്കത്തിൽ ലഭിച്ചിരുന്ന കശുവണ്ടിക്ക് സീസൺ പകുതിയായപ്പോൾ 80 മുതൽ 50 വരെ മാത്രമായി വിലയിടിഞ്ഞു. മൊത്ത കച്ചവട ലോബിയുടെ ഇടപെടലിലാണ് വിലയിടിവ് ഉണ്ടായത്. ഗൾഫ് രാജ്യങ്ങളിലടക്കം ഇവിടെ നിന്നും കയറ്റിയയക്കുന്ന കശുവണ്ടി പരിപ്പിന് വൻ തുകയും ഏറെ ആവശ്യക്കാരുമുണ്ടെന്നിരിക്കെയാണ് കർഷകർക്ക് കുറഞ്ഞ വില മാത്രം നൽകുന്നത്.
50 ഗ്രാം കശുവണ്ടി പരിപ്പ് പാക്കറ്റിലാക്കി ഇവിടെ കടകളിലെത്തുമ്പോൾ 50 മുതൽ 65 രൂപ വരെയും അതിലധികവും വില ഈടാക്കുന്നുണ്ട്. എന്നാൽ, കർഷകന് ഒരു കിലോക്ക് കിട്ടുന്നത് നാമമാത്ര തുക മാത്രമാണ്. വില സ്ഥിരതയില്ലാത്തതും സർക്കാർ സംഭരണ കേന്ദ്രങ്ങൾ തുടങ്ങാത്തതും സ്വകാര്യ കശുവണ്ടി ശേഖരണ ലോബികൾക്ക് ഗുണകരമാവുകയും കർഷകർക്ക് തിരിച്ചടിയാവുകയും ചെയ്തു.
കൊല്ലത്തെ കശുവണ്ടി ഫാക്ടറിയിലേക്ക് എത്തേണ്ടുന്ന ഗുണനിലവാരമുള്ള കശുവണ്ടി പോലും മറുനാടൻ കച്ചവട സംഘങ്ങൾ സ്വന്തമാക്കുന്ന സ്ഥിതിയാണുള്ളത്. കി.ഗ്രാമിന് 160 രൂപ വരെ നേരത്തെ കർഷകന് ലഭിച്ച കാലമുണ്ടായിരുന്നു. പിന്നീട് വില കുറഞ്ഞ സീസണുകളാണുണ്ടായത്. 180-200 വരെയെങ്കിലും ഒരു കിലോ കശുവണ്ടിക്ക് സീസൺ തീരും വരെ ലഭ്യമാക്കാൻ സർക്കാർ ഇടപെട്ടാൽ കർഷക ദുരിതങ്ങൾക്ക് ഒരു പരിധി വരെ ശമനമാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തോടെ തന്നെ കശുവണ്ടി നന്നായി വിപണിയിലെത്തിയിരുന്നെങ്കിലും ഇത്തവണ ജനുവരിയായിട്ടും നാമമാത്ര കശുവണ്ടിയാണ് കടകളിലെത്തിയത്. പുതിയ കശുമാവിൻ തൈകൾക്ക് ഗുണനിലവാരമില്ലാത്തതും പ്രാണികളുടെ അക്രമവും ഉൽപാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിലവിൽ മികച്ച രീതിയിൽ പൂവും കശുവണ്ടിയും വിരിഞ്ഞു തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനവും തേയിലക്കൊതുക് ശല്യവും ഉൾപ്പെടെ ബാധിച്ചില്ലെങ്കിൽ മികച്ച കശുവണ്ടി ഉൽപാദനം ഉണ്ടാവുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.