'ലോക്കാ'യി കശുവണ്ടി വിൽപന; സങ്കടക്കയത്തിൽ കർഷകർ
text_fieldsശ്രീകണ്ഠപുരം: കശുവണ്ടി ഉൽപാദനം കൂടിയ സമയത്ത് മറ്റൊരു ലോക് ഡൗൺകൂടി വന്നതോടെ സങ്കടക്കയത്തിലായി കർഷകർ. വിലയിടിവും പൂക്കരിച്ചിലും കാരണം പ്രതിസന്ധിയിലായ കർഷകർക്ക് ലോക്ഡൗൺ കൂടിയായപ്പോൾ ഇരുട്ടടിയായി. ഒരാഴ്ചയായി എവിടെയും കശുവണ്ടി വിൽപന നടക്കുന്നില്ല. മലഞ്ചരക്ക് കടകൾ തുറക്കാത്തതിനാൽ വീടുകളിൽതന്നെ കശുവണ്ടി കൂട്ടിയിട്ട കാഴ്ചയാണുള്ളത്.
കശുവണ്ടി സംഭരണകേന്ദ്രങ്ങൾ സർക്കാർ ആരംഭിക്കാത്തതും കർഷകർക്ക് വൻ തിരിച്ചടിയായി. കഴിഞ്ഞ വർഷവും ലോക്ഡൗണിനെ തുടർന്ന് ആഴ്ചകളോളം കശുവണ്ടി വിൽപന മുടങ്ങിയിരുന്നു. തുടർന്ന് സർക്കാർ ഇടപെട്ട് സഹകരണ ബാങ്കുകൾവഴി കശുവണ്ടി ശേഖരിച്ചിരുന്നു. കുറഞ്ഞവിലയാണ് ലഭിച്ചതെങ്കിലും അന്ന് കർഷകർക്ക് ഏറെ ആശ്വാസമായിരുന്നു. എന്നാൽ, ഇത്തവണ കശുവണ്ടി സംഭരിക്കാനും കർഷകർക്ക് രക്ഷയേകാനും ബദൽ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. തോട്ടങ്ങളിൽനിന്ന് ശേഖരിച്ച കശുവണ്ടികൾ വീടുകളിൽ കൂട്ടിയിട്ട കർഷകർ ഇനിയെന്ത് ചെയ്യുമെന്നാണ് ചോദിക്കുന്നത്. ബാങ്കുകളിൽനിന്നും കുടുംബശ്രീകളിൽനിന്നും ഉൾപ്പെടെ വൻതുക വായ്പയെടുത്ത് കശുമാവിൻതോട്ടം പാട്ടത്തിനെടുത്ത കർഷകരാണ് ഏറെയും. കടം തീർക്കാനാവും മുമ്പേതന്നെ പ്രതിസന്ധി നേരിടേണ്ടി വന്നതോടെയാണ് കർഷകർ ദുരിതത്തിലായത്. സംസ്ഥാനത്ത് ഏറ്റവും മികച്ച കശുവണ്ടി തോട്ടങ്ങൾ ഉള്ളത് കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോരങ്ങളിലാണ്. ഗുണമേന്മയുള്ള കശുവണ്ടി ഉൽപാദനം നടക്കുമ്പോഴും കർഷകർക്ക് അതിെൻറ ഗുണം ലഭിക്കുന്നില്ല. ഗൾഫ് നാടുകളിലേക്കടക്കം ഇവിടെ നിന്നും കശുവണ്ടിപ്പരിപ്പ് കയറ്റി അയക്കുന്നുണ്ട്.
വൻ വിലയ്ക്കാണ് വിൽപന. അന്താരാഷ്ട്ര മാർക്കറ്റിലടക്കം വൻ ഡിമാൻഡുണ്ടായിട്ടും കശുവണ്ടി ശേഖരിച്ച് വിൽപന നടത്തുന്ന കർഷകന് നാമമാത്ര വിലയാണ് കിട്ടുന്നത്. 100 ഗ്രാം കശുവണ്ടിപ്പരിപ്പ് പാക്കറ്റുകളിലാക്കിയെത്തുമ്പോൾ 70- 100 രൂപ വരെയും അതിന് മുകളിലും വിലയുണ്ട്. ഗുണനിലവാരമനുസരിച്ച് വില കൂടുതൽ ഈടാക്കുന്നുമുണ്ട്. അതേസമയം, ഏക്കറുകണക്കിന് തോട്ടം പാട്ടത്തിനെടുത്ത് കശുവണ്ടി ശേഖരിക്കുന്ന കർഷകന് കി.ഗ്രാമിന് ഇത്തവണ സീസൺ തുടക്കത്തിൽ കിട്ടിയത് 98- 110 രൂപ മാത്രമാണ്. പിന്നീട് ഉൽപാദനം കൂടാൻ തുടങ്ങിയപ്പോൾ വിലയിടിക്കാൻ കച്ചവട ലോബികളും ശ്രമിച്ചു.
വേനൽമഴകൂടി പെയ്തതോടെ വില കിലോക്ക് 90-80 വരെയാക്കി. ലോക്ഡൗൺ തുടങ്ങുന്നതിെൻറ തലേന്ന് കശുവണ്ടി വില 70 രൂപ മാത്രമായിരുന്നു. പ്രയത്നത്തിെൻറ കൂലിപോലും ലഭിക്കാത്ത സാഹചര്യമാണ് ഇത്തവണ വിലയിടിവിലൂടെ സംഭവിച്ചതെന്ന് കർഷകർ പറയുന്നു. പിന്നാലെ കശുവണ്ടി വിൽപനയും നിലച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന് വരവേറ്റ കശുവണ്ടിക്കാലവും കൈവിട്ട അവസ്ഥയിലാണ് കർഷകർ. രണ്ട് വർഷം മുമ്പ് പ്രഖ്യാപിച്ച കശുമാങ്ങ സംഭരണവും കടലാസിലൊതുങ്ങുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ 100 രൂപയെങ്കിലും കിലോക്ക് നൽകി സർക്കാർ കശുവണ്ടി സംഭരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. സഹകരണ സ്ഥാപനങ്ങൾക്ക് കീഴിൽ ഇത്തരം സംഭരണകേന്ദ്രങ്ങൾ തുടങ്ങാൻ എളുപ്പവുമാണ്. മലഞ്ചരക്ക് കടകൾ തുറക്കാൻ അനുമതി നൽകി കശുവണ്ടിക്ക് വിലസ്ഥിരത ഉറപ്പാക്കിയാലും കർഷകർക്ക് സഹായകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.