ഉപകാരപ്പെടുമോ? ചമതച്ചാൽ-തിരൂർ റെഗുലേറ്റർ
text_fieldsശ്രീകണ്ഠപുരം: മലയോരത്തെ കാർഷിക മേഖലയിലെ ജലസേചനത്തിനും യാത്രസൗകര്യത്തിനുമായി നിർമിച്ച ചമതച്ചാൽ-തിരൂർ റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയിൽനിന്ന് നാലുവർഷം കഴിഞ്ഞിട്ടും പ്രയോജനം ലഭിച്ചില്ല. ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ പയ്യാവൂർ പഞ്ചായത്തിനെയും മട്ടന്നൂർ മണ്ഡലത്തിലെ പടിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് തിരൂര്‍-ചമതച്ചാല്‍ പുഴക്ക് കുറുകെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിച്ചത്.
19 കോടി രൂപയാണ് ഇതിനായി ചെലവാക്കിയത്. 93.6 മീറ്റര്‍ നീളമുള്ള പാലവും മെക്കാനിക്കല്‍ ഷട്ടര്‍ സംവിധാനത്തോടുകൂടിയ റെഗുലേറ്ററും 7.5 മീറ്റര്‍ വീതിയില്‍ വാഹന ഗതാഗതത്തിനനുയോജ്യമായ പാലവുമാണ് നിര്‍മിച്ചിട്ടുള്ളത്. 2020ലാണ് ഉദ്ഘാടനം നടത്തിയത്. റെഗുലേറ്ററില്‍ 10 ലക്ഷം ക്യുബിക് മീറ്റര്‍ ജലം സംഭരിക്കാന്‍ കഴിയും. പയ്യാവൂര്‍-പടിയൂര്‍ പഞ്ചായത്തുകളിലെ 2331 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യവും പദ്ധതിയുടെ ലക്ഷ്യമായിരുന്നു.
വേനൽക്കാലത്ത് ഷട്ടർ അടച്ചാൽ നുച്ചിയാട് പാലംവരെ ആറുമീറ്റർ ഉയരത്തിൽ വെള്ളം നിറയുമെന്നാണ് വിലയിരുത്തിയിരുന്നത്. ചമതച്ചാൽ, തോണിക്കടവ്, തേർമല, തിരൂർ, മുണ്ടാ നൂർ തുടങ്ങിയ സ്ഥലങ്ങളിലെ കർഷകർക്ക് ജലസേചനവും ലക്ഷ്യമിട്ടിരുന്നു. എന്നാൽ, ഈ വേനലിൽ പദ്ധതിയുടെ ഗുണം ലഭിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഷട്ടർ ഇട്ടാൽ പുഴയിൽ വെള്ളമുണ്ടാകുമെങ്കിലും കരകവിഞ്ഞ് സമീപത്തെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളമെത്തുന്ന അവസ്ഥയുണ്ട്. അതുകൊണ്ട് വേനലിൽ ഷട്ടർ പൂർണമായി അടക്കുന്നത് ഒഴിവാക്കുകയായിരുന്നു. തിരൂർ ഭാഗത്ത് പുഴയോരത്തും അനുബന്ധമായി വരുന്ന തോടിനും ബണ്ട് കെട്ടിയാൽ മാത്രമേ വീടുകളിൽ വെള്ളം കയറുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമാകുകയുള്ളു.
സമീപ റോഡും തകർന്നു
ചമതച്ചാൽ, തിരൂർ പ്രദേശങ്ങളെ ബന്ധിച്ചാണ് പാലം നിർമിച്ചത്. തിരൂര്‍, കൊശവന്‍വയല്‍, കാഞ്ഞിലേരി, മഞ്ഞാങ്കരി നിവാസികള്‍ക്ക് മലയോര ഹൈവേയിലൂടെ ഇരിട്ടി ഭാഗത്തേക്ക് യാത്ര ചെയ്യാൻ പാലമുള്ളതുകൊണ്ട് എളുപ്പം സാധിക്കുമെങ്കിലും തിരൂരിൽ നിന്നുള്ള സമീപന റോഡ് തകർന്നത് ഇതിനും തടസ്സമാകുന്നു. നിലവിൽ തിരൂർ ഭാഗത്തുനിന്ന് പാലത്തിലേക്ക് വീതി കുറഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.