ബസുകൾ കയറാത്ത ചെമ്പേരി ബസ് സ്റ്റാൻഡ്
text_fieldsശ്രീകണ്ഠപുരം: മികച്ചരീതിയിൽ നിർമിച്ച് നാടിന് സമർപ്പിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ബസുകൾ കയറാതെ ചെമ്പേരി ബസ് സ്റ്റാൻഡ്. നിലവിൽ എല്ലാ ബസുകളും സ്റ്റാൻഡിൽ കയറാതെ ചെമ്പേരി ടൗണിൽവന്ന് തിരിച്ചുപോകുന്ന സ്ഥിതിയാണ്. ഏരുവേശി പഞ്ചായത്തിന്റെയും കുടിയാൻമല പൊലീസിന്റെയും അനാസ്ഥയാണ് ബസ് കയറാത്ത സ്റ്റാൻഡായി ചെമ്പേരി മാറാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
തദ്ദേശവാസികളുടെ നൂറുകണക്കിനു വാഹനങ്ങൾക്ക് പുറമെ ബസുകൾ കൂടി നിർത്തിയിടുന്നതോടെ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. 2002ൽ അലക്‌സാണ്ടർ കടുവകുന്നേൽ സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഏരുവേശി പഞ്ചായത്ത് ബസ് സ്റ്റാൻഡ് നിർമിച്ചത്.
ബസ് സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്‌സും ശൗചാലയവും നല്ലരീതിയിലാണ് ഒരുക്കിയിരുന്നത്. മാവേലി സ്റ്റോർ ഉൾപ്പെടെ പ്രവർത്തിക്കുന്നത് ഇവിടെയാണ്. ഇറച്ചിമാർക്കറ്റും ബസ് സ്റ്റാൻഡിനോട് ചേർന്ന കെട്ടിടത്തിലാണ്. നിത്യേന നിരവധിയാളുകൾ ഇവിടെയെത്തുന്നുണ്ട്. എങ്കിലും ശൗചാലയം തുറക്കാറേയില്ല. ബസുകൾ കയറാത്തതിനാൽ ലോറികളും മറ്റു സ്വകാര്യ വാഹനങ്ങളുമാണ് സ്റ്റാൻഡിൽ നിർത്തിയിടുന്നത്.
ലക്ഷങ്ങൾ ചെലവാക്കി നിർമിച്ച ബസ് സ്റ്റാൻഡും പരിസരവും വൈകീട്ടായാൽ സാമൂഹിക വിരുദ്ധരുടെ താവളമാണ്. ബസുകൾ സ്റ്റാൻഡിൽ കയറിയാൽ ചെമ്പേരി ടൗണിലെ ഗതാഗത പ്രശ്നത്തിനു പരിഹാരമാകുമെന്നും ഇതിനുവേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.