'സാരിയിൽ നിന്ന് സഞ്ചിയിലേക്ക്' ചെങ്ങളായി പഞ്ചായത്ത്
text_fieldsശ്രീകണ്ഠപുരം: ഒറ്റത്തവണ പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം ഉറപ്പുവരുത്തുന്നതോടൊപ്പം വ്യത്യസ്തമായ ബദൽ ഉൽപന്നത്തിന്റെ പ്രചാരണത്തിന് ചെങ്ങളായി ഗ്രാമപഞ്ചായത്ത് തുടക്കംകുറിച്ചു.
പഴയ സാരികൾ ശേഖരിച്ച് തുണിസഞ്ചി നിർമിച്ച് പൊതുജനങ്ങൾക്ക് വിതരണം ചെയ്യാനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. കുടുംബശ്രീയുടെ കൂടി സഹായം ലഭ്യമാക്കും. വിപണിയിൽ ലഭ്യമായ തുണിസഞ്ചികളേക്കാൾ ചില മേന്മകൾ സാരി ഉപയോഗിച്ച് തയ്ച്ചെടുക്കുന്ന സഞ്ചികൾക്കുണ്ട്. പോളിസ്റ്റർ/മിക്സഡ് സാരി സഞ്ചികൾ വിവിധ വർണങ്ങളിലും ഡിസൈനിലും തയാറാക്കാൻ സാധിക്കും.
വളരെക്കാലം ഈടുനിൽക്കുന്ന ഇത്തരം സഞ്ചികൾ പോക്കറ്റിലോ ചെറിയ പഴ്സിലോ കൊണ്ടുനടക്കാനും എളുപ്പവുമാണ്. ഒരു സാരിയിൽ നിന്ന് ചുരുങ്ങിയത് 20 സഞ്ചികൾ തയ്ച്ചെടുക്കാനാകും.
മിക്കവാറും വീടുകളിലെ ഷെൽഫുകളിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിട്ടുള്ള സാരികൾ ഫലപ്രദമായ രീതിയിൽ സ്വന്തം ആവശ്യത്തിനും സമൂഹത്തിനും വേണ്ടി ഉപയോഗിക്കാനുള്ള അവസരം കൂടിയാണിതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് വി.പി. മോഹനൻ നിർവഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ. രവി തുണിസഞ്ചികൾ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.