വരുമോ, ചെങ്ങളായി-കൊളന്തക്കടവ് പാലം?
text_fieldsശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ തവറൂലിനെയും മലപ്പട്ടം പഞ്ചായത്തിലെ കൊളന്തയെയും ബന്ധിപ്പിക്കുന്ന കൊളന്തക്കടവ് പാലം പണിയണമെന്ന നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യത്തിന് ഇനിയും പരിഹാരമായില്ല. 35 വർഷമായി പാലത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്.
നിരവധി തവണ നിവേദനങ്ങളടക്കം നൽകിയിട്ടും പാലം യാഥാർഥ്യമായില്ല. നേരത്തെ ഇവിടെ കടത്തുതോണിയുണ്ടായിരുന്നെങ്കിലും വർഷങ്ങളായി ഇതും നിലച്ചു. പുഴയുടെ ഇരുഭാഗത്തും കൃഷിഭൂമിയുള്ള നിരവധി കർഷകരുണ്ട്. ഇവരെല്ലാം അഞ്ച് കിലോമീറ്റർ ചുറ്റിയാണ് ഇപ്പോൾ പോകുന്നത്. ഒരു നടപ്പാലമെങ്കിലും കിട്ടിയെങ്കിൽ വലിയ ആശ്വാസമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. 100 മീറ്ററിൽ താഴെയാണ് ഇവിടെ പുഴയുടെ വീതി. നേരത്തെ പ്രദേശവാസികൾ കവുങ്ങും മുളയും ഉപയോഗിച്ച് നടപ്പാലം കെട്ടിയിരുന്നെങ്കിലും മഴക്കാലത്ത് അത് ഒലിച്ചുപോയിട്ട് നാളുകൾ കഴിഞ്ഞു.
ബജറ്റിൽ മാത്രമുള്ള പാലം
2014-15 മുതൽ എല്ലാ ബജറ്റുകളിലും ടോക്കൺ പദ്ധതിയായി കൊളന്തക്കടവ് പാലമുണ്ടാകാറുണ്ടെങ്കിലും ഇതുവരെ തുക അനുവദിക്കുകയോ മറ്റു നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. 2015ൽ കെ.സി. ജോസഫ് എം.എൽ.എയുടെ ആവശ്യം പരിഗണിച്ച് പൊതുമരാമത്ത് വകുപ്പ് പാലത്തിനായുള്ള പ്രാഥമിക നടപടികൾ തുടങ്ങിയിരുന്നു.
ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾക്കുശേഷം പാലത്തിനും സമീപന റോഡിനുമുള്ള അലൈൻമെന്റ് തയാറാക്കുകയും പാലത്തിന്റെ രൂപരേഖ അംഗീകരിക്കുകയും ചെയ്തിരുന്നു. ചെങ്ങളായി-കൊയ്യം റോഡിൽനിന്ന് തവറുൽ കടവിനെയും കൊളന്ത ഭാഗത്ത് അഡൂർ പള്ളികടവിൽ ചേരുന്ന അഡൂർ-മലപ്പട്ടം റോഡിനെയും ബന്ധിപ്പിച്ചുള്ള പാലത്തിനും സമീപന റോഡിനും മറ്റ് അനുബന്ധ പ്രവൃത്തികൾക്കുമായി അന്ന് 10.50 കോടി രൂപയുടെ എസ്റ്റിമേറ്റും തയാറാക്കി നൽകി. എന്നാൽ, തുടർന്നുള്ള ബജറ്റിൽ ടോക്കൺ പദ്ധതികളിലുൾപ്പെടുത്തിയതല്ലാതെ കൂടുതൽ തുക അനുവദിച്ചിട്ടില്ല. പാലത്തോടുചേർന്ന് തവറുൽ ഭാഗത്ത് 240 മീറ്ററും കൊളന്ത ഭാഗത്ത് 140 മീറ്ററും പുതുതായി സമീപന റോഡും നിർമിക്കാൻ നിർദേശമുണ്ടായിരുന്നു. മൊത്തം സംഖ്യയുടെ 20 ശതമാനമെങ്കിലും ബജറ്റിൽ ഉൾപ്പെടുത്തിയാൽ മാത്രമേ ഭരണാനുമതിക്കും ടെൻഡർ നടപടിക്കും സാധിക്കുകയുള്ളൂ. പാലം എന്ന് യാഥാർഥ്യമാകുമെന്നാണ് കൊളന്ത, തവറൂൽ മേഖലയിലെ ജനം ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.