മൂന്നുതവണ കുഴിയടച്ചിട്ടും റോഡ് തകർന്നു; വാഹനങ്ങൾക്ക് അപകടക്കെണി
text_fieldsതളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ടാറിങ് നടത്തി കുഴികളടച്ച ചെങ്ങളായി പരിപ്പായി ഭാഗം വീണ്ടും തകർന്നപ്പോൾ
ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ മൂന്നുതവണ കുഴിയടക്കൽ പ്രവൃത്തി നടത്തിയ ഭാഗങ്ങളിൽ പലയിടത്തും വീണ്ടും തകർച്ച. നിരവധി വാഹനങ്ങൾ പോകുന്ന സംസ്ഥാന പാതയിൽ ചെങ്ങളായി പരിപ്പായി പെട്രോൾപമ്പിനു സമീപത്തെ ഭാഗമാണ് വീണ്ടും തകർന്ന് അപകടക്കെണിയായത്.
ഇവിടെ മെക്കാഡം ടാറിങ് തകർന്ന് കുഴി രൂപപ്പെട്ട അവസ്ഥയായിരുന്നു. തുടർന്നാണ് അധികൃതർ ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് കുഴികളിൽ ടാറിങ് നടത്തി ദുരിതം ഒഴിവാക്കിയത്. എന്നാൽ, അറ്റകുറ്റപ്പണി കാട്ടിക്കൂട്ടലായതോടെയാണ് റീ ടാറിങ് നടത്തിയ ഭാഗത്ത് വീണ്ടും കുഴികൾ രൂപപ്പെട്ടത്. വിവാദമായതോടെ കഴിഞ്ഞ മാസം വീണ്ടും രണ്ടുതവണ ടാറിങ് നടത്തി.
റീ ടാറിങ് നടത്തിയ സ്ഥലത്ത് നാലാം തവണയും കുഴികൾ രൂപപ്പെട്ടതോടെ ഇരുചക്രവാഹനങ്ങൾക്കടക്കം വലിയ അപകടക്കെണിയായി. മൈസൂരുവിലേക്കും വയനാട്ടിലേക്കും കണ്ണൂർ വിമാനത്താവളത്തിലേക്കും ഉൾപ്പെടെ വാഹനങ്ങൾ കടന്നുപോകുന്ന സംസ്ഥാന പാതയാണിത്.
പാതയിൽ നിടുമുണ്ട, നിടുവാലൂർ, ചേരൻകുന്ന്, കണിയാർ വയൽ, ഇരിക്കൂർ, പടിയൂർ ഭാഗങ്ങളിലെല്ലാം വീതികുറവും ഇരുവശവും കാടുകയറിയ സ്ഥിതിയുമാണ്. പലയിടത്തും നടപ്പാതയില്ലാത്തതിന്റെ ദുരിതം വേറെയുമുണ്ട്. നേരത്തെ തകർന്ന നിടുമുണ്ട ഭാഗത്തടക്കം അടുത്തിടെയാണ് ടാറിങ് നടത്തിയത്. കുറുമാത്തൂർ പൊക്കുണ്ട് ഭാഗത്തും റീടാറിങ്ങിനു ശേഷം മൂന്നാംതവണയും കുഴി രൂപപ്പെട്ടിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.