കോൺക്രീറ്റ് പാലം പാതിവഴിയിൽ; പുഴ കടക്കാൻ തൂക്കുപാലം തന്നെ ആശ്രയം
text_fieldsശ്രീകണ്ഠപുരം: പാലം നിർമാണം പാതിവഴിയിൽ കിടക്കുന്ന അലക്സ് നഗറിൽ ഇക്കുറി മഴക്കാലത്ത് ധൈര്യത്തിൽ പുഴ കടക്കാം. നാട്ടുകാരുടെയും നഗരസഭ കൗൺസിലർ ത്രേസ്യാമ്മ മാത്യുവിന്റെയും ഇടപെടലിനെ തുടർന്ന് ഒടുവിൽ പഴയ തൂക്കുപാലം ബലപ്പെടുത്തി. പലക ഇളകി അപകടാവസ്ഥയിലായ തൂക്കുപാലത്തിലൂടെയായിരുന്നു കുട്ടികളടക്കമുള്ള പ്രദേശവാസികൾ ആടിയുലഞ്ഞ് ജീവൻ പണയപ്പെടുത്തി ഇതുവരെ യാത്ര ചെയ്തിരുന്നത്.
അലക്സ് നഗറിൽനിന്ന് കാഞ്ഞിലേരിയിലെത്താൻ തൂക്കുപാലത്തിന് പകരം ഇവിടെ പുതിയ പാലം നിർമാണം തുടങ്ങിയിട്ട് അഞ്ചു വർഷം കഴിഞ്ഞു. എന്നാൽ, പകുതിപോലും നിർമാണം പൂർത്തിയായിട്ടില്ല. തൂണുകൾ ഭാഗികമായി കോൺക്രീറ്റ് ചെയ്തതല്ലാതെ മറ്റൊന്നും ചെയ്തില്ല. 2017 ഫെബ്രുവരിയിൽ നിർമാണം തുടങ്ങിയ പാലം നിർമാണം ഇഴഞ്ഞുനിങ്ങുന്നത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. പാലത്തിന് കൊണ്ടുവന്ന നിർമാണസാമഗ്രികളും മറ്റും നശിച്ചിട്ടുണ്ട്. തികഞ്ഞ കെടുകാര്യസ്ഥത കാട്ടിയതിനാൽ ജനകീയപ്രതിഷേധം കണക്കിലെടുത്ത് കരാറുകാരനെ ഒഴിവാക്കി റീ ടെൻഡർ നടത്താനുള്ള നടപടി സർക്കാർതലത്തിൽ തുടങ്ങിയിട്ടുണ്ട്.
109 മീറ്റർ നീളമുള്ള പാലത്തിന് വേണ്ട ആറ് തൂണുകളുടെ നിർമാണം മാത്രമാണ് ഭാഗികമായെങ്കിലും ഇത്രയും വർഷംകൊണ്ട് നടത്തിയത്. നിർമാണം നിലച്ചതോടെ തൂണുകളുടെ കമ്പികളെല്ലാം തുരുമ്പെടുത്ത് നശിക്കുകയാണ്. പല ഭാഗങ്ങളിലും കാടുകയറിയിട്ടുണ്ട്. 10.10 കോടി ചെലവിലാണ് നിർമാണം തുടങ്ങിയത്. പാലത്തിനും മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള ഐച്ചേരി-അലക്സ് നഗർ റോഡിനും കൂടിയായിരുന്നു തുക അനുവദിച്ചത്. എന്നാൽ, പണിതുടങ്ങി പലതവണ മുടങ്ങി ഇഴഞ്ഞുനീങ്ങി. പിന്നീട് പാതിവഴിയിൽ ഉപേക്ഷിച്ചു.
പാലം യാഥാർഥ്യമാവാൻ വൈകുന്നതിനാൽ മഴക്കാലദുരിതമടക്കം കണക്കിലെടുത്താണ് തൂക്കുപാലം ബലപ്പെടുത്താൻ ശ്രീകണ്ഠപുരം നഗരസഭ തീരുമാനിച്ചത്. 75,000 രൂപ ചെലവിലാണ് തൂക്കുപാലം നവീകരിച്ചത്. ദ്രവിച്ച പലകയെല്ലാം മാറ്റി പുതിയവ സ്ഥാപിച്ചിട്ടുണ്ട്. പാലം ബലപ്പെട്ടതോടെ താൽക്കാലികമായി അപകടഭീതി മാറിയ ആശ്വാസത്തിലാണ് കുട്ടികളും നാട്ടുകാരും. അതേസമയം, അലക്സ് നഗർ പാലം നിർമാണം വേഗത്തിലാക്കാൻ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് ചേർന്ന പി.ഡബ്ല്യൂ.ഡി ഉന്നതതല യോഗത്തിൽ തീരുമാനിച്ചിട്ടുണ്ടെന്നും വേഗത്തിൽ പണി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.