തേർളായി ദ്വീപിൽ ഇനി 50 മീറ്റർ ദൂരപരിധിയിൽ നിർമാണം നടത്താം
text_fieldsശ്രീകണ്ഠപുരം: തീരദേശ പരിപാലനനിയമത്തിന്റെ പരിധിയിൽ ഇളവുവേണമെന്ന തേർളായി ദ്വീപ് നിവാസികളുടെ ആവശ്യത്തിന് ഒടുവിൽ പരിഹാരമായി. ഇനി 50 മീറ്റർ ദൂരപരിധിയിൽ കെട്ടിടനിർമാണ പ്രവൃത്തികൾക്ക് പഞ്ചായത്തിന് അനുമതി നൽകാനാകും.
ജില്ലതല സി.സെഡ്.എം.എ അതോറിറ്റിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. വളപട്ടണം പുഴയിൽ സ്ഥിതിചെയ്യുന്ന തേർളായിക്ക്, ദ്വീപ് എന്ന പരിഗണന നൽകി തീരദേശ പരിപാലന നിയമത്തിലെ ഇളവ് അനുവദിക്കണമെന്നത് പ്രദേശവാസികളുടെ ഏറെനാളത്തെ ആവശ്യമായിരുന്നു.
ദ്വീപ് നിവാസികളുടെ ആശങ്കയും ആവശ്യവും സംബന്ധിച്ച് ‘മാധ്യമം’ നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെയാണ് അധികൃതർ അനുകൂല നടപടി സ്വീകരിച്ചത്.ചെങ്ങളായി പഞ്ചായത്തിലെ സി.ആർ.സെസ്- 3 കാറ്റഗറിയിൽ ഉൾപ്പെടുന്നതാണ് ഈ പ്രദേശം.
വളപട്ടണം പുഴയുടെ തീരത്തുള്ള സ്ഥലമായതിനാൽ തീരദേശ നിയമപ്രകാരം 100 മീറ്റർ ദൂരപരിധിയിൽ കെട്ടിടനിർമാണ അനുമതി നൽകാൻ സാധിക്കില്ല. എന്നാൽ, ദ്വീപുകൾക്ക് ഇക്കാര്യത്തിൽ സാധാരണ ഗതിയിൽ ഇളവുകൾ ഉള്ളതാണ്. ദ്വീപുകളിലെ നിർമാണ പ്രവൃത്തികൾക്ക് 50 മീറ്റർ ദൂരപരിധി പാലിക്കാനാണ് നിഷ്കർഷിക്കുന്നത്.
എന്നാൽ, തേർളായി ‘കായൽ ദ്വീപി’ന്റെ പരിഗണനയിൽ വരുന്നില്ലെന്നും പ്രസ്തുത ദ്വീപിൽ 100 മീറ്റർ ദൂരപരിധി ബാധകമാണെന്നും 2020ൽ തീരദേശ പരിപാലന അതോറിറ്റി ഗ്രാമപഞ്ചായത്തിന് അറിയിപ്പ് നൽകിയതാണ് ദ്വീപ് നിവാസികളെ ആശങ്കയിലാക്കിയത്.
സമാന സ്വഭാവമുള്ള മയ്യിൽ പഞ്ചായത്തിലെ കോർളായി ദ്വീപിൽ 50 മീറ്റർ ദൂരപരിധിയിൽ കെട്ടിടനിർമാണ പ്രവൃത്തികൾക്ക് അനുമതി ലഭിക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ ചെങ്ങളായി പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജേഷ് ഇക്കാര്യത്തിൽ സ്പഷ്ടീകരണം ലഭ്യമാകാൻ ജില്ലതല തീരദേശ പരിപാലന അതോറിറ്റിക്ക് വിശദാംശങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകി.
ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെയും ടൂറിസം സംരംഭകരുടെയും നിരന്തര പരാതികളും ഉയർന്നുവന്നിരുന്നു. പഞ്ചായത്തംഗം മൂസാൻകുട്ടി തേർളായി വിഷയം പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയിലും കൊണ്ടുവന്നു. സി.ആർ.സെഡുമായി ബന്ധപ്പെട്ട് തയാറാക്കിയ വികസന നിഷിദ്ധ മേഖലയുടെ മാപ്പിൽ തേർളായി ദ്വീപിനെ ശ്രീകണ്ഠപുരം എന്ന് തെറ്റായാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.
മാപ്പിലെ ലേബലിങ്ങിൽ വന്ന തെറ്റാണ് നിയമത്തിന്റെ ഇളവ് ലഭിക്കാത്തതെന്നാണ് ജില്ലതല സി.സെഡ്.എം.എ അതോറിറ്റി നൽകിയ വിശദീകരണം. പരാതികൾക്കൊടുവിൽ തീരദേശ നിയന്ത്രണ ദൂരപരിധി 50 മീറ്ററായി നിജപ്പെടുത്തിയതോടെ തേർളായി ദ്വീപ് നിവാസികളുടെ ഏറെനാളത്തെ ആവശ്യത്തിന് പരിഹാരമായി.
വളപട്ടണം പുഴയിലെ 198 ഏക്കർ വിസ്തൃതി മാത്രമുള്ള ഈ ദ്വീപിൽ ഇപ്പോൾ 124 കുടുംബാംഗങ്ങളാണുള്ളത്. നാലുഭാഗവും വളപട്ടണം പുഴയാൽ ചുറ്റപ്പെട്ട ദ്വീപിൽ വീടുകളോ മറ്റു കെട്ടിടങ്ങളോ നിർമിക്കാൻ കഴിയാത്തത് ജനങ്ങളെ പ്രയാസത്തിലാക്കിയിരുന്നു. പുതിയ ഉത്തരവ് വന്നതോടെ കാലങ്ങളായി നിലനിന്ന ആശങ്കക്കാണ് പരിഹാരമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.