ചെങ്ങളായി അഡൂർകടവ് പാലം നിര്മാണം തുടങ്ങി
text_fieldsശ്രീകണ്ഠപുരം: ചെങ്ങളായി, മലപ്പട്ടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെങ്ങളായി-അഡൂർകടവ് പാലം പണി തുടങ്ങി. കഴിഞ്ഞ മാസം 30നാണ് മലപ്പട്ടത്ത് പാലം പ്രവൃത്തി എം.വി. ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനംചെയ്തത്. നിലവിൽ ചെങ്ങളായി ഭാഗത്താണ് പ്രവൃത്തി ആരംഭിച്ചിട്ടുള്ളത്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽ ചെങ്ങളായി ഭാഗത്തുനിന്ന് കടവിലേക്കുള്ള അനുബന്ധ റോഡ് നിർമാണമാണ് തുടങ്ങിയത്. പിന്നാലെ തൂൺ നിർമാണം ആരംഭിക്കും.
പൊതുമരാമത്ത് അധികൃതർ കഴിഞ്ഞദിവസം സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തി. ഊരാളുങ്കൽ സൊസൈറ്റിയാണ് പാലത്തിന്റെ ടെൻഡർ എടുത്തിട്ടുള്ളത്. 12 കോടി രൂപ ചെലവിലാണ് അഡൂർ കടവിൽ പാലം നിർമിക്കുന്നത്. 2018-19 വർഷത്തെ ബജറ്റിൽ 9.50 കോടി രൂപ പാലം നിർമാണത്തിന് അനുവദിച്ചിരുന്നു. സമീപന റോഡ് നിർമാണത്തിനായി നാട്ടുകാർ സൗജന്യമായി സ്ഥലം നൽകുകയും ചെയ്തിരുന്നു. എന്നാൽ, 2018-19 വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് പൊതുമരാമത്തുവകുപ്പ് പാലത്തിന്റെ പ്ലാനിലും എസ്റ്റിമേറ്റിലും റീകാസ്റ്റിങ് വരുത്തി. ഇതോടെ തുടർനടപടി നിലച്ചു. തുടര്ന്ന് എസ്റ്റിമേറ്റ് പുതുക്കി ഭരണാനുമതി നല്കുകയായിരുന്നു.
ചെങ്ങളായി ടൗണിനും പരിപ്പായി പെട്രോൾ പമ്പിനും ഇടയിലുള്ള കടവുഭാഗത്താണ് അഡൂരിനെ ബന്ധിപ്പിച്ച് പാലം പണിയുന്നത്. നിലവിൽ ഇവിടെ തൂക്കുപാലമാണ് ഏകആശ്രയം. ദിനംപ്രതി കുട്ടികളും പ്രായമായവരുമെല്ലാം തൂക്കുപാലം കടന്നാണ് മറുകരകളിലെത്തുന്നത്. തൂക്കുപാലം തുരുമ്പെടുത്ത് അപകടഭീതിയിലാണ്.
തൂക്കുപാലം സ്ഥിതി ചെയ്യുന്നിടത്തുനിന്ന് കുറച്ചുമാറിയാണ് കോൺക്രീറ്റ് പാലം ഒരുങ്ങുന്നത്. പുതിയ പാലം യാഥാർഥ്യമാവുന്നതോടെ മലപ്പട്ടം, മയ്യിൽ ഭാഗത്തുള്ളവർക്കെല്ലാം ശ്രീകണ്ഠപുരം പോകാതെ ചെങ്ങളായി മേഖലയിലേക്ക് എളുപ്പത്തിലെത്താൻ സാധിക്കും. പ്രളയകാലത്ത് ഇവിടങ്ങൾ ഒറ്റപ്പെടുന്നതും ഗതാഗതം മുടങ്ങുന്നതും പാലം വരുന്നതോടെ പഴങ്കഥയാവും. തളിപ്പറമ്പ്, ഇരിക്കൂർ നിയോജക മണ്ഡലങ്ങളെ കൂടിയാണ് പാലം ബന്ധിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.