കോവിഡായാൽ പരിയാരത്ത് പോസ്റ്റുമോര്‍ട്ടമില്ല
text_fields
ശ്രീകണ്ഠപുരം: മൃതദേഹങ്ങൾ കോവിഡ് പോസിറ്റിവായാൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്താത്തതിനാൽ പഴികേൾക്കുന്നതും നട്ടം തിരിയുന്നതും പൊലീസ്.
ആത്മഹത്യയും അപകടമരണങ്ങളും സംഭവിച്ചാല്‍ മൃതദേഹങ്ങൾ പൊലീസ് പരിശോധന പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനയക്കുകയാണ് പതിവ്.
ജില്ലയിലെ ഭൂരിഭാഗം പൊലീസ് സ്റ്റേഷൻ പരിധികളിലുമുള്ള മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം പരിയാരത്തു നിന്നാണ് നടത്തുന്നത്. എന്നാൽ, പരിയാരം മെഡിക്കൽ കോളജിലെത്തിക്കുന്ന മൃതദേഹം കോവിഡ് പരിശോധനയിൽ പോസിറ്റിവ് ആയാല്‍ പോസ്റ്റുമോര്‍ട്ടം നടത്തില്ലെന്നുപറഞ്ഞ് മടക്കിവിടുകയാണ് ചെയ്യുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതോടെ മൃതദേഹവുമായി പൊലീസ് നെട്ടോട്ടമോടണം.
പിന്നാലെ മരിച്ചവരുടെ ബന്ധുക്കളുടെ പഴി മുഴുവന്‍ പൊലീസുകാര്‍ കേൾക്കുകയും വേണം. പരിയാരത്ത് പോസ്റ്റുമോര്‍ട്ടം നടത്താതിരിക്കുമ്പോള്‍ ജില്ല ആശുപത്രി, തലശ്ശേരി ഗവ. ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെല്ലാം പോസ്റ്റുമോര്‍ട്ടം നടത്തുന്നുമുണ്ട്.
പരിയാരത്തുനിന്ന് മടക്കുന്ന കോവിഡ് പോസിറ്റിവായ മൃതദേഹങ്ങൾ കണ്ണൂരിലും മറ്റും കൊണ്ടുപോയി പോസ്റ്റുമോർട്ടം നടത്തിയാണ് നിലവിൽ പൊലീസുകാർ ബന്ധുക്കൾക്ക് കൈമാറുന്നത്.
കോവിഡ് പോസിറ്റിവായാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തേണ്ട എന്ന നിയമമുണ്ടെന്നുപറഞ്ഞാണ് പരിയാരത്തുനിന്ന് അധികൃതര്‍ മടക്കുന്നതത്രെ.
പോസ്റ്റുമോർട്ടം നടത്തുന്ന മറ്റ് സർക്കാർ ആശുപത്രികളിലെല്ലാം കൃത്യമായി അവ ചെയ്യുമ്പോൾ ഇവിടെ മാത്രമായി ഒരു നിയമമുണ്ടോയെന്നാണ് പൊലീസും ജനങ്ങളും ചോദിക്കുന്നത്. കഴിഞ്ഞയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് പോസിറ്റിവായ 10 മൃതദേഹങ്ങളാണ് ഒറ്റദിവസം പോസ്റ്റുമോര്‍ട്ടം ചെയ്തത്.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്ന് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ തീപ്പൊള്ളലേറ്റു മരിച്ചവരുടേതടക്കമുള്ള മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നിന്ന് കോവിഡ് പോസിറ്റിവ് പറഞ്ഞ് മടക്കിയിരുന്നു. ഇവയെല്ലാം പിന്നീട് ജില്ല ആശുപത്രിയിൽ നിന്നാണ് പോസ്റ്റുമോർട്ടം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.