ജനങ്ങൾക്കെതിരായി സി.പി.എം ഒന്നും ചെയ്യില്ല -എം.വി.ഗോവിന്ദൻ
text_fieldsശ്രീകണ്ഠപുരം: ജനങ്ങളാണ് അവസാനവാക്കെന്നും ജനങ്ങൾക്കെതിരായ ഒന്നും ഒരു കാലത്തും സി.പി.എം. ചെയ്യില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥക്ക് ശ്രീകണ്ഠപുരത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2025ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാനാണ് ആർ.എസ്.എസ്. ശ്രമിക്കുന്നത്. ഇന്ത്യ ഹിന്ദു രാഷ്ട്രമായാൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ഹിന്ദുക്കളായിരിക്കും. വിശ്വാസിയേയും വിശ്വാസത്തെയും മുതലെടുക്കുന്ന വർഗീയ വാദികളാണ് ഇന്ത്യ ഭരിക്കുന്നത്. വർഗീയവാദി വിശ്വാസിയല്ല. വിശ്വാസി വർഗീയ വാദിയുമല്ല.
ഈ ഫാഷിസത്തെ പ്രതിരോധിച്ചില്ലെങ്കിൽ ഇന്ത്യയുണ്ടാവില്ലെന്നും കേന്ദ്ര നിലപാടുകളെ സി.പി.എം ജനകീയമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. ജില്ല സെക്രട്ടേറിയറ്റംഗം പി.വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. പി.കെ. ബിജു, കെ.ടി. ജലീൽ എം.എൽ.എ, എം. സ്വരാജ്, സി.എസ്. സുജാത, ജയ്ക് സി. തോമസ്, ഏരിയ സെക്രട്ടറി എം.സി. രാഘവൻ, ടി.വി. രാജേഷ്, സജി കുറ്റ്യാനിമറ്റം തുടങ്ങിയവർ സംസാരിച്ചു.
തളിപ്പറമ്പ്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി. രക്തസാക്ഷി ധീരജിന്റെ ജന്മദിനത്തിന്റെ ഭാഗമായി മാതാപിതാക്കൾ ഐ.ആർ.പി.സിക്ക് നൽകുന്ന തുക സമ്മേളന വേദിയിൽ വെച്ച് എം.വി. ഗോവിന്ദൻ ഏറ്റുവാങ്ങി.
ജില്ലാ സെക്രട്ടേറിയറ്റ് മെംബർ ടി.കെ. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.ടി. ജലീൽ, പി.കെ. ബിജു, എം. സ്വരാജ്, ജെയ്ക്ക് സി. തോമസ്, സി.എസ്. സുജാത, എം.വി. ജയരാജൻ, പി. ജയരാജൻ, ടി.വി. രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു. ഏരിയ സെക്രട്ടറി കെ. സന്തോഷ് സ്വാഗതം പറഞ്ഞു.
തളിപ്പറമ്പ് പ്ലാസ ജങ്ഷനിൽ ജാഥയെ മുത്തുക്കുടളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. നിരവധി കലാരൂപങ്ങളും സ്വീകരണ ജാഥയിൽ അണിനിരന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.