Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightതറികളുടെയും...

തറികളുടെയും തിറകളുടെയും നാട്ടിൽ ഇനി ജലക്കാഴ്ച

text_fields
bookmark_border
തറികളുടെയും തിറകളുടെയും നാട്ടിൽ ഇനി ജലക്കാഴ്ച
cancel

ശ്രീകണ്ഠപുരം: നദികളും നാടൻകലകളും കൈത്തറിയും കൈത്തൊഴിലും ലോകത്തിനുമുന്നിൽ അവതരിപ്പിക്കാൻ മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങൾ മലപ്പട്ടം മുനമ്പ് കടവിൽ പുരോഗമിക്കുന്നു. വളപട്ടണം, കുപ്പം പുഴകളിലൂടെയുള്ള ജലയാത്രയും സമീപ ഗ്രാമങ്ങളിലെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളും അനുഭവവേദ്യമാക്കുന്നതിനാണ് 80.37 കോടി ചെലവിൽ റിവർ ക്രൂയിസ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്.

ഇതിന്റെ ഭാഗമായി വളപട്ടണം മുതൽ മലപ്പട്ടം മുനമ്പ് കടവുവരെ 'മുത്തപ്പൻ ആൻഡ് മലബാറി ക്യൂസീൻ ക്രൂസ്' എന്ന പേരിൽ നടത്തുന്ന പദ്ധതിയുടെ പ്രവർത്തനങ്ങളാണ് മലപ്പട്ടത്ത് പുരോഗമിക്കുന്നത്. മുനമ്പ് കടവ്, കൊവുന്തല ഭാഗങ്ങളിലാണ് നിർമാണം നടക്കുന്നത്.

ഇവിടെ 3.85 കോടി ചെലവിലാണ് പ്രവൃത്തി നടത്തുന്നത്. പദ്ധതിയുടെ പ്രവർത്തനങ്ങളിൽ ബോട്ട് ജെട്ടിയൊഴികെയുള്ള പ്രവൃത്തികളുടെ 95 ശതമാനവും പൂർത്തീകരിച്ചു. വളപട്ടണം നദി -മുത്തപ്പൻ ആൻഡ്‌ മലബാറി ക്യൂസീൻ ക്രൂയിസ് എന്ന തീമാറ്റിക് ക്രൂയിസിന് കീഴിലാണ് മലപ്പട്ടം മുനമ്പ് കടവിൽ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇടക്ക് പണി മന്ദഗതിയിലായത് ഏറെ ചർച്ചയായിരുന്നു. 71 ലക്ഷം രൂപയുടെ രണ്ട് ബോട്ട് ജെട്ടികൾ, നാടൻ ഭക്ഷണങ്ങൾ ലഭിക്കുന്ന ഫുഡ്കോർട്ട്, കരകൗശല ഉൽപന്നങ്ങളുടെ നിർമാണം തത്സമയം കാണാനും ഉൽപന്നങ്ങൾ വാങ്ങുന്നതിനുമായി അഞ്ച് ആലകൾ, ചൂണ്ടയിട്ട് മത്സ്യം പിടിക്കുന്നതിനുള്ള ആംഗ്ലിങ് യാർഡുകൾ, മുനമ്പ് കടവ് മുതൽ കൊവുന്തല വരെ നടപ്പാത, ഇരിപ്പിടങ്ങൾ, റെസ്റ്റ് ഹൗസ്, സൗരോർജ വിളക്കുകൾ, പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനുള്ള കിയോസ്ക്, രണ്ട് ശൗചാലയങ്ങൾ എന്നിവയാണ് മലപ്പട്ടം മുനമ്പ് കടവിൽ നിർമിക്കുന്നത്.

ബോട്ട് ജെട്ടി നിർമിക്കുന്നതിന് ഉൾനാടൻ ജലഗതാഗത വകുപ്പിനെയും മറ്റു അനുബന്ധ നിർമാണങ്ങൾക്ക് കേരള ഇലക്ട്രിക്കൽസ് ആൻഡ് അലൈഡ് എൻജിനീയറിങ് ലിമിറ്റഡിനെയുമാണ് (കെ.ഇ.എൽ) ചുമതലപ്പെടുത്തിയിട്ടുള്ളത്.

ഇതിൽ കെ.ഇ.എൽ നടത്തുന്ന നിർമാണ പ്രവൃത്തികളാണ് നിലവിൽ നടക്കുന്നത്. ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ പ്രവർത്തനങ്ങളുടെ നടപടികളും പുരോഗമിച്ചുവരുന്നു.

ഇതുകൂടാതെ മലപ്പട്ടം പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയുടെ നടപ്പാതയും ഒരുക്കുന്നുണ്ട്. കണ്ണൂരിന്റെ മലയോര ടൂറിസം മേഖലകളിലേക്കുള്ള കവാടമായാണ് മുനമ്പിനെ കണക്കാക്കുന്നത്.

പറശ്ശിനിക്കടവിൽ നിന്ന് ആരംഭിക്കുന്ന ബോട്ടുയാത്ര മുനമ്പ് കടവിൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളെ പൈതൽമല, ശശിപ്പാറ, കാഞ്ഞിരക്കൊല്ലി, പഴശ്ശി ഡാം, മാലിക് ദിനാർ പള്ളി എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നതിനായി വാഹന സൗകര്യം ഏർപ്പെടുത്തും. സ്ഥലങ്ങൾ സന്ദർശിച്ച് വൈകീട്ടോടെ ബോട്ട് ജെട്ടിയിൽ തിരിച്ചെത്തിക്കും.

മലപ്പട്ടം ടൂറിസം സൊസൈറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നാടൻകല രൂപങ്ങളായ കോൽക്കളി, ഒപ്പന, തിരുവാതിരക്കളി തുടങ്ങിയവ സഞ്ചാരികളുടെ ആവശ്യാനുസരണം അവതരിപ്പിക്കുന്നതിനായുള്ള സൗകര്യവും ഒരുക്കും. ജില്ലയിൽ പലയിടങ്ങളിലുമെന്നപോലെ മലപ്പട്ടത്തും നിരവധി തെയ്യങ്ങളുണ്ട്.

ഫെബ്രുവരി മുതൽ മേയ് വരെ പ്രദേശത്ത് വിവിധയിടങ്ങളിലായി പലതരം തെയ്യങ്ങളാണ് അരങ്ങേറുന്നത്. പുഴയുമായി ബന്ധപ്പെട്ട ഐതിഹ്യം പറയുന്ന നീരാളമ്മ എന്ന തെയ്യം മലപ്പട്ടത്ത് മാത്രമാണുള്ളത്.

മുനമ്പ് കടവിനടുത്ത് അരങ്ങേറുന്ന തെയ്യം വിദേശ സഞ്ചാരികളെയും തെയ്യം പ്രേമികളെയും ആകർഷിക്കുമെന്നും പദ്ധതി അതിവേഗത്തിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും മലപ്പട്ടം ടൂറിസം സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:river cruise tourism
News Summary - Cruise Tour Project at a cost of `80.37 crore
Next Story