പ്രതിഷേധക്കനലിൽ കർഷകന് യാത്രാമൊഴി
text_fieldsശ്രീകണ്ഠപുരം: ചൊവ്വാഴ്ച മലയോര മണ്ണിനെ നനയിച്ചത് വെറും മഴയായിരുന്നില്ല. പ്രതിഷേധവും സങ്കടവും സമ്മേളിച്ച കണ്ണീർ മഴയായിരുന്നത്. ഓരോ കുടിയേറ്റ കർഷകന്റെയും നെഞ്ചിടിപ്പിന്റെ കടലിരമ്പമുള്ള മഴ.
കടെക്കണിയും കാര്‍ഷിക മേഖലയിലെ വില തകര്‍ച്ചയും വന്യജീവി ആക്രമണവും കാരണം ആത്മഹത്യ ചെയ്യേണ്ടിവന്ന കര്ഷകന് നടുവിൽ പാത്തന്‍പാറ നൂലിട്ടാമല കരാമരംതട്ടിലെ ഇടപ്പാറക്കല്‍ ജോസിനാണ് കർഷക മക്കൾ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകിയത്. ചൊവ്വാഴ്ച രാവിലെ ജോസിന്റെ മൃതദേഹം കരുവന്ചാലില്നിന്ന് പാത്തന്‍പാറയിലെ വീട്ടിലെത്തിച്ചപ്പോള്‍ ജീവിതത്തിന്റെ നാനാ തുറകളിലുള്ള നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയത്. വായ്പയെടുത്ത് രാപകൽ അധ്വാനിച്ചുണ്ടാക്കിയ 2500 ഓളം വാഴകൃഷി കാട്ടുപന്നികൾ നശിപ്പിച്ചു.
കട ബാധ്യത വേറെയും. നാമമാത്ര ഭൂമിയിൽ അസൗകര്യങ്ങൾ മാത്രമുള്ള ഒരു കൂര മാത്രം. പ്രതിസന്ധികൾ തീരുമെന്ന് ഓരോ ദിനവും കിനാവു കണ്ട് മണ്ണിൽ വിയർപ്പൊഴുക്കിയ കർഷകൻ ജീവനൊടുക്കിയതിന്റെ ആഘാതത്തിലാണ് നാട്.
സജീവ് ജോസഫ് എം.എൽ.എ, നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിൽ, ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്ട്ടിന് ജോര്‍ജ്, സി.പി.എം നേതാവ് എം. പ്രകാശന്, കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍, യു.ഡി.എഫ് ജില്ല ചെയര്മാന് പി.ടി. മാത്യു, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയന്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി സജി കുറ്റിയാനിമറ്റം, ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന, എ.ഡി. സാബൂസ്, ടോമി കുമ്പിടിയാംമാക്കല്‍, വി.എ. റഹീം തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം പാത്തന്‍പാറ സെന്റ് ആന്റണീസ് പള്ളിയില്‍ സംസ്കരിച്ചു. ഇടവക വികാരി ഫാ. മാത്യു കുന്നേലിന്റെ കാര്‍മികത്വത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.