ഡ്രൈവിങ് പഠനം; നിയമലംഘനത്തിന് അധികൃതർ കൂട്ട്
text_fieldsശ്രീകണ്ഠപുരം: ഏതു നിയമവും ലംഘിക്കാൻ മോട്ടോർ വാഹന വകുപ്പിൽ ചിലർ കൂട്ടുള്ളപ്പോൾ ഡ്രൈവിങ് സ്കൂളുകൾക്കും ഡ്രൈവിങ് പരിശീലനത്തിനും ഇവിടെ എന്തുമാവാം. കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം നടത്തിയ ഓപറേഷൻ സ്റ്റെപ്പിനിയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്. ഡ്രൈവിങ് സ്കൂളുകളിലും പരിശീലനം നൽകുന്ന വാഹനങ്ങളിലും ആർ.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടുകളിലുമായിരുന്നു പരിശോധന.
കർശന നിയമവും മാർഗനിർദേശങ്ങളും കടലാസിൽ ചുരുട്ടിവെച്ച് പരസ്യമായി നിയമലംഘനം നടത്തുന്ന നിരവധി ഡ്രൈവിങ് സ്കൂളുകൾ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തുകയായിരുന്നു. തളിപ്പറമ്പ് ചിറവക്ക്, ടൗണ്‍, പഴയങ്ങാടി, കണ്ണൂര്‍ ടൗണ്‍, തലശ്ശേരി എന്നിവിടങ്ങളിലെ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളിലെല്ലാം വന്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂര്‍ ആര്.ടി.ഒ ഓഫിസിന് സമീപത്തെ ഹുസ്ന ഡ്രൈവിങ് സ്കൂള്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. 2021ല്‍ ലൈസന്‍സ് കാലാവധി കഴിഞ്ഞതാണ് ഈ ഡ്രൈവിങ് സ്കൂളിന്റേത്. എന്നാല്‍ ഡ്രൈവിങ് പരിശീലനം ഉള്‍പ്പെടെ എല്ലാ ഇടപാടുകളും ഇവിടെനിന്ന് നടത്തുന്നതായാണ് കണ്ടെത്തിയത്.
ഇതിനു സമീപത്തായി അനധികൃതമായി പ്രവർത്തിച്ചതിനാൽ നേരത്തെ വിജിലൻസ് ഇടപെടലിലൂടെ പൂട്ടിച്ച ഡ്രൈവിങ് സ്കൂൾ ഇപ്പോൾ പേരുമാറ്റി ഡ്രൈവിങ് സഹായകേന്ദ്രമായി പ്രവർത്തിക്കുന്നതായും കണ്ടെത്തി. പരിശീലന കേന്ദ്രങ്ങളില്‍ വേണ്ടത്ര യോഗ്യതയില്ലാത്തവരാണ് പഠിപ്പിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
പഠിപ്പിക്കുന്ന വാഹനങ്ങളില്‍ ഡ്യുവല്‍ സിസ്റ്റം വേണമെന്നാണ് നിയമം. പഠിതാവിനും പഠിപ്പിക്കുന്നയാള്‍ക്കും വാഹനം നിയന്ത്രിക്കാന്‍ കഴിയുന്നതാണ് ഇരട്ട സംവിധാനം. എന്നാല്‍, അപൂര്‍വം വാഹനങ്ങളില്‍ മാത്രമാണ് ഈ സംവിധാനമുള്ളതെന്ന് കണ്ടെത്തി.
മോട്ടോർ വാഹന വകുപ്പിന്റെ യഥാർഥ അനുമതിയില്ലാതെ തോന്നിയപോലെ വിവിധ വണ്ടികളിൽ ഇരട്ട ഡ്രൈവിങ് നിയന്ത്രണ സംവിധാനം ഒരുക്കിയതായും കണ്ടെത്തി. പഠിതാക്കളെ കേന്ദ്രങ്ങളില്‍ ഇരുത്തി ഡ്രൈവിങ് നിയമങ്ങളെക്കുറിച്ചും മറ്റും പഠിപ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍ മിക്ക ഡ്രൈവിങ് സ്കൂളുകള്‍ക്കും നിലവാരമുള്ള ഓഫിസ് പോലുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
വാഹനങ്ങളുടെ എൻജിന് ഭാഗങ്ങളെപറ്റിയും ഡ്രൈവിങ് ടെസ്റ്റിന് എത്തുന്നവരെ പഠിപ്പിക്കണം. എന്നാല്‍ ഇത്തരമൊരു സംവിധാനം ഡ്രൈവിങ് സ്കൂളുകളില്‍ പലയിടത്തും ഇല്ല. പ്രാക്ടിക്കല്‍ പഠനം പോലും കൃത്യമായല്ല നടക്കുന്നത്. പല ഡ്രൈവിങ് സ്കൂളുകള്‍ക്കും ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ അവ നിയമാനുസരണം രേഖകളും മറ്റും സൂക്ഷിച്ച് തുറന്ന് പ്രവര്‍ത്തിക്കാറില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
തോന്നിയതുപോലുള്ള ഫീസാണ് വിവിധ ഡ്രൈവിങ് സ്കൂളുകളില്‍ നിന്ന് ഈടാക്കുന്നതെന്നും വ്യക്തമായി. രജിസ്റ്റര്‍ തുടങ്ങിയവയും സൂക്ഷിക്കാറില്ല. ആളുകളെ വണ്ടി ഓടിക്കാൻ പഠിപ്പിക്കുന്ന റൂട്ട് ആര്.ടി.ഒ ഓഫിസില്‍ അറിയിക്കണമെന്ന് നിയമമുണ്ടെങ്കിലും അത് പാലിക്കാറില്ലെന്നും കണ്ടെത്തി.
എ.ഐ കാമറ സ്ഥാപിക്കാൻ മത്സരിച്ചിറങ്ങിയ മോട്ടോർ വാഹന വകുപ്പ് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിലെ കാമറ പ്രവർത്തിപ്പിക്കാൻ തയാറല്ലെന്നും കണ്ടെത്തി. ചിലയിടങ്ങളിൽ തകരാറിലായതും മറ്റിടങ്ങളിൽ മനഃപൂർവം തകരാറാക്കിയതാണെന്നും തെളിഞ്ഞു.
തളിപ്പറമ്പില്‍ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ മാസങ്ങളായി കാമറ പ്രവര്‍ത്തനരഹിതമാണ്. ഇതുകാരണം ഒട്ടേറെ ക്രമക്കേടുകള്‍ നടത്താന്‍ കഴിയുന്നുണ്ടെന്നും വ്യക്തമായി. ഡ്രൈവിങ് സ്കൂളുകളുടെ ബോർഡ് സ്ഥാപിച്ചാൽ പിന്നെ ആർ.ടി.ഒ ഓഫിസ് പരിസരത്ത് ചുറ്റിക്കറങ്ങി ഇടപാടുകൾ തരപ്പെടുത്തിക്കൊടുക്കുന്ന വലിയ ഏജൻറുമാർ തന്നെ പ്രവർത്തിക്കുന്നുണ്ട്.
ഇവരാണ് വാഹന സംബന്ധമായ ആവശ്യങ്ങൾക്ക് എത്തുന്നവരെ സമീപിച്ച് വൻ തുക കൈമടക്ക് വാങ്ങി ഉദ്യോഗസ്ഥർക്ക് നൽകുന്നതെന്നും വ്യക്തമായി. കൈമടക്ക് കൃത്യമായി കിട്ടുന്നതിനാൽ ഏജൻറുമാരുടെ മുന്നിൽ ഉദ്യോഗസ്ഥർക്ക് എതിരഭിപ്രായമുണ്ടാവാറില്ല. അതു തന്നെയാണ് ഡ്രൈവിങ് സ്കൂളുകളും പരിശീലനവും തോന്നിയപോലെയായിട്ടും അധികൃതർ കണ്ണടക്കുവാൻ കാരണം.
കണ്ണൂരിലും തലശ്ശേരിയിലും തളിപ്പറമ്പിലും പയ്യന്നൂരിലും ആർ.ടി.ഒ ഓഫിസുകളിൽ വൻ തുക കൈക്കൂലി പണമായി ദിനംപ്രതി എത്തുന്നുണ്ടെന്ന് വിജിലൻസിന് വിവരം ലഭിച്ചിട്ടുമുണ്ട്. മുൻ വർഷങ്ങളിൽ ഇവിടങ്ങളിൽ നിന്നെല്ലാം കൈക്കൂലി പിടികൂടിയ സംഭവവുമുണ്ടായിരുന്നു. ഏജന്റുമാരാണ് പണം വാങ്ങി ഉദ്യോഗസ്ഥർക്ക് നൽകുന്നത് എന്നതിനാൽ അവരെക്കൂടി പ്രതിചേർക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഓൺലൈൻ സംവിധാനം വന്നിട്ടുപോലും അതേപ്പറ്റി ജനങ്ങളെ ബോധവത്കരിക്കാത്തതിനാലാണ് മോട്ടോർ വാഹന വകുപ്പിൽ ഇപ്പോഴും ക്രമക്കേട് നടക്കുന്നത്. ഏജൻറുമാരെ കണ്ട് പണം നൽകിയാൽ വണ്ടിയുടെ ആർ.സി മാറ്റം, ബ്രേക്ക് എടുക്കൽ, ഡ്രൈവിങ് ടെസ്റ്റ് തുടങ്ങിവയെല്ലാം ആവശ്യക്കാർ പോകാതെതന്നെ നടന്നു കിട്ടുന്നതായും ചിലർ വിജിലൻസിന് വിവരം നൽകിയിട്ടുണ്ട്.
തട്ടിപ്പ് തുടരുന്ന സാഹചര്യത്തിൽ ഡ്രൈവിങ് സ്കൂളുകളിലും ഗ്രൗണ്ടുകളിലും ആർ.ടി.ഒ ഓഫിസുകളിലും തുടർപരിശോധന നടത്തുമെന്നും കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് നടപടിക്ക് ശിപാർശ ചെയ്യുമെന്നും ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് പറഞ്ഞു. തളിപ്പറമ്പില്‍ വിജിലൻസ് സി.ഐ വിനോദ്, എസ്.ഐ ഗിരീഷ്, കണ്ണൂരില്‍ സി.ഐ അജിത്കുമാര്‍, തലശ്ശേരിയില്‍ സി.ഐ രാജേഷ്കുമാര്‍ എന്നിവരും പരിശോധനക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.