അന്തർ സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ്; വട്ടംകറങ്ങി പൊലീസ്
text_fieldsശ്രീകണ്ഠപുരം: ജില്ലയിലടക്കം അന്തർ സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പിൽ താളപ്പിഴ. ഇക്കാര്യത്തിൽ തൊഴിൽ വകുപ്പും സാമൂഹ്യക്ഷേമ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും കൈമലർത്തുമ്പോൾ നിന്നുതിരിയാൻ സമയമില്ലാതെ പൊലീസ് നെട്ടോട്ടമോടുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ച് കൃത്യമായ വിവരം സർക്കാറിന് ലഭ്യമല്ല. നിർമാണമേഖല, ചെങ്കൽ - കരിങ്കൽ മേഖല തുടങ്ങി എല്ലാ രംഗത്തും ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.
ഏജന്റുമാരാണ് ഇവരെ ഇവിടെയെത്തിച്ച് ലാഭക്കൊയ്ത്ത് നടത്തുന്നത്. എന്നാൽ, എത്രപേർ വന്നിട്ടുണ്ടെന്ന കണക്കോ, അവരുടെ രേഖകളോ അധികൃതരുടെ കൈയിലില്ല. തൊഴിലാളി വിതരണ ഏജന്റുമാർ മുഖേന കൃത്യമായ വിവരങ്ങൾ തൊഴിൽ വകുപ്പിനും തദ്ദേശ സ്ഥാപനങ്ങൾക്കും ലഭിക്കും. എന്നാൽ, അതിന് അവർ മെനക്കെടുന്നില്ല. പലയിടത്തും നമ്പറില്ലാത്തതും വൃത്തിഹീനവുമായ കെട്ടിടങ്ങളിലടക്കം കുത്തിനിറച്ചാണ് തൊഴിലാളികളെ പാർപ്പിക്കുന്നത്.
എന്തെങ്കിലും പ്രശ്നങ്ങളുണ്ടാവുമ്പോൾ കണക്കെടുപ്പിന് ഉത്തരവിടാറുണ്ടെങ്കിലും അതൊന്നും ഫലപ്രദമല്ല.കോവിഡിന് മുമ്പ് തൊഴിൽ വകുപ്പ് ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തിയെങ്കിലും അതു പിന്നീട് നിലച്ചു. കോവിഡ് കാലത്ത് 33,438 പേർ ജില്ലയിൽനിന്ന് നാട്ടിലേക്ക് മടങ്ങിയെന്ന കണക്കാണ് തൊഴിൽ വകുപ്പ് അന്ന് നൽകിയത്. ഇത് കൃത്യമായിരുന്നില്ല. പിന്നീട് തിരികെയെത്തിയവരുടെ കണക്ക് ലഭിച്ചിട്ടില്ല.
തദ്ദേശ സ്ഥാപനങ്ങളിലും ഇവരുടെ കണക്കില്ല. മറുനാടൻ തൊഴിലാളികളെ എത്തിച്ച് പണി ചെയ്യിക്കുന്നവർ തൊഴിൽ വകുപ്പിനും ലോക്കൽ പൊലീസിനും തിരിച്ചറിയൽ കാർഡ് സഹിതം വിവരം കൈമാറണമെന്നാണ് നിയമമെങ്കിലും കരാറുകാരും ഏജന്റുമാരും ഇതൊന്നും പാലിക്കുന്നില്ല.
ലഹരി വിൽപന, മോഷണം, പാൻ ഉത്പന്നങ്ങൾ കടത്തൽ, പീഡനം തുടങ്ങി തീവണ്ടി ആക്രമണം വരെ നിരവധി കേസുകളിൽ ഇതര സംസ്ഥാന തൊഴിലാളികൾ പ്രതികളായുള്ള സാഹചര്യത്തിൽ വിവരശേഖരണം കർശനമാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം മുതൽ പൊലീസിനു തന്നെ ഇതിന്റെ ചുമതല സർക്കാർ നൽകിയിട്ടുണ്ട്.
മറ്റ് വകുപ്പുകൾ അനാസ്ഥ തുടരുമ്പോൾ പൊലീസുകാർ തന്നെ വിവരശേഖരണത്തിനിറങ്ങേണ്ട സ്ഥിതിയാണ്. ജില്ലയിൽ 50,000 ത്തിനും 60,000ത്തിനും ഇടയിൽ ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് ഏകദേശ കണക്ക്.ഒഡീഷ, ബംഗാൾ, ബീഹാർ, അസം, രാജസ്ഥാൻ, യു.പി, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ഏറെയും ഇവിടെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.