എരുത്തുകടവ് തൂക്കുപാലം തകർന്നു; പുതിയ പാലം വന്നതുമില്ല
text_fieldsശ്രീകണ്ഠപുരം: ഏരുവേശ്ശി -പയ്യാവൂർ മേഖലകളെ ബന്ധിപ്പിക്കുന്ന മുയിപ്ര എരുത്തുകടവിൽ മറുകരയെത്താൻ വഴിമുട്ടി ജനങ്ങൾ. നേരത്തെ കടവിനുണ്ടായിരുന്ന തൂക്കുപാലം അറ്റകുറ്റപ്പണി നടത്താത്തതിനാൽ പൂർണമായി തകർന്നു. റഗുലേറ്റർ കം പാലം സ്ഥാപിക്കാൻ നടപടി തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. ഇതോടെ പ്രദേശവാസികൾ ദുരിതത്തിലായി. എളുപ്പവഴിയായിട്ടും പാലമില്ലാത്തതിനാൽ മറ്റ് വഴികളിലൂടെ ഏറെ ദൂരം ചുറ്റിക്കറങ്ങി വേണം അക്കരെയിക്കരെയെത്താൻ.
ഇവിടെ കാലങ്ങളായി ഉണ്ടായിരുന്ന തൂക്കുപാലത്തിലൂടെയാണ് മുയിപ്ര, ഏരുവേശ്ശി, കിഴക്കേമൂല, കൂട്ടക്കളം, വെമ്പുവ എന്നിവിടങ്ങളിലുള്ളവർ മറുകര കടന്നിരുന്നത്. കുറച്ച് വർഷമായി പഞ്ചായത്ത് അറ്റകുറ്റപ്പണിക്ക് തുക നീക്കിവെക്കാത്തതിനാൽ പാലം അപകടാവസ്ഥയിലായിരുന്നു. സമീപവാസികൾ മുൻകൈയെടുത്ത് രണ്ടുവർഷം അറ്റകുറ്റപ്പണി നടത്തിയാണ് അടുത്ത നാൾവരെ പാലം കടന്നിരുന്നത്. എന്നാൽ, തൂണുകളും കമ്പികളും മാറ്റാത്തതിനാൽ അറ്റകുറ്റപ്പണി ഫലം കണ്ടില്ല. ഇതോടെ പാലം പൂർണമായി തകരുകയായിരുന്നു. ചെറുകിട ജലസേചന വകുപ്പ് ഇവിടെ റഗുലേറ്റർ കം പാലം സ്ഥാപിക്കാൻ നടപടി ആരംഭിച്ചിട്ട് വർഷങ്ങളായി.
സർവേ നടപടികളും മണ്ണ് പരിശോധനയുമെല്ലാം കഴിഞ്ഞെങ്കിലും തുക അനുവദിക്കുകയോ കരാർ നൽകുകയോ ചെയ്തിട്ടില്ല. നാട്ടുകാരുടെ കമ്മിറ്റി ഇതിനായി പലതവണ അധികൃതരുമായി ബന്ധപ്പെട്ടിട്ടും മറുപടിയുണ്ടായില്ല. പ്രഖ്യാപനമിറക്കിയവർ പോലും ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ലെന്നതാണ് സ്ഥിതി. വേനലിൽ പുഴയിൽ വെള്ളം കുറയുന്നതിനാൽ ചപ്പാത്ത് വഴി വാഹനങ്ങൾക്ക് പോകാൻ കഴിയാറുണ്ട്. മഴക്കാലം ആരംഭിച്ചതോടെ ഇതും അസാധ്യമായി. വിവിധ ആവശ്യങ്ങൾക്കായി ഇരുകരകളിലും എത്തേണ്ടവർ ചുറ്റിക്കറങ്ങി സഞ്ചരിക്കുമ്പോൾ അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്.
റഗുലേറ്റർ കം പാലം നിർമിക്കാൻ സർക്കാറിൽ സമ്മർദം ചെലുത്തുമെന്നും ജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്നും ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡൻറ് ടെസ്സി ഇമ്മാനുവൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.