വൈതൽമലയിലെത്തിയവർ കാട്ടാന ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു
text_fieldsശ്രീകണ്ഠപുരം: ''കാഴ്ച നുകരാനെത്തിയ സഞ്ചാരികൾക്ക് വഴികാട്ടി മടങ്ങുമ്പോഴാണ് ചിന്നംവിളി കേട്ടത്. അപകടമറിയും മുമ്പേതന്നെ വനമേഖലയിൽ നിന്നെത്തിയ കാട്ടാനകൾ ഓടിയടുക്കുകയായിരുന്നു. ആനക്കൂട്ടം പരാക്രമം തുടങ്ങിയതോടെ സഞ്ചാരികളെയും കൂട്ടി ജീവനും കൊണ്ട് ഓടി. മരണം മുന്നിൽക്കണ്ട ആദ്യ നിമിഷം. ജീവൻ തിരിച്ചുതന്നതിന് ദൈവത്തിന് നന്ദി...''ഇത് വൈതൽമലയിൽ ചൊവ്വാഴ്ച പകൽ ആനക്കൂട്ടത്തിെൻറ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട വനം വകുപ്പ് ജീവനക്കാരൻ മേനോൻ പറമ്പിൽ ആൻറണിയുടെ വാക്കുകൾ.
എട്ട് വിദ്യാർഥികളും ആൻറണിയും ഉൾപ്പെടുന്ന സംഘമാണ് ആനക്കൂട്ടത്തിെൻറ അഞ്ച് മീറ്റർ മുന്നിൽ ചെന്നുപെട്ടത്. നടുവിൽ സ്വദേശികളായ ആറുപേരും പൊട്ടൻ പ്ലാവ് സ്വദേശികളായ രണ്ടുപേരുമാണ് വൈതൽമലയിൽ എത്തിയത്. പെട്ടെന്ന് ചിന്നം വിളിച്ച് ഓടിയടുത്ത ആനകൾ അഞ്ഞൂറ് മീറ്ററോളം ഇവരെ പിന്തുടരുകയായിരുന്നു. വനപാലകനായ ആൻറണിക്ക് വഴികൾ അറിയാവുന്നതിനാൽ അതുവഴി സഞ്ചരിച്ചാണ് വൻ ദുരന്തം ഒഴിവാക്കിയത്. മലയിൽ നിന്ന് എതിർവശത്തെ വഴിയിലൂടെ അഞ്ച് കിലോമീറ്റർ വനത്തിലൂടെ ഓടി മൂന്നാം കൂപ്പ് വഴിയാണ് ഇവർ പുറത്തെത്തിയത്. ലോക്ഡൗണിൽ സഞ്ചാരികൾ എത്താത്തതിനാൽ മാസങ്ങളായി ആനകൾ മലയിൽതന്നെ തങ്ങുകയാണ്.
രണ്ട് കുഞ്ഞുങ്ങളുൾപ്പെടുന്ന ആഞ്ച് ആനകളാണ് ഉണ്ടായിരുന്നത്. മറ്റൊരാനക്കൂട്ടം മുന്നൂർ കൊച്ചി ഭാഗത്തും ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവിടെ കൃഷിയിടങ്ങളിലും മറ്റുമായി കഴിയുകയാണിവ. ആനകളെത്തിയാൽ സ്വീകരിക്കേണ്ട മുൻകരുതൽ വനപാലകൻ നേരത്തെ പറഞ്ഞുതന്നെങ്കിലും പെട്ടെന്ന് ആനക്കൂട്ടം മുന്നിലെത്തുമെന്ന് കരുതിയില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. കോടമഞ്ഞുള്ളതിനാൽ വഴികൾ കണ്ടെത്താനും പ്രയാസപ്പെട്ടു. കുത്തനെയുള്ള ഇറക്കത്തിലൂടെ ഇറങ്ങിയോടിയതിനാലാണ് രക്ഷയായത്. രാവിലെ 11ഒാടെ മലയിലെത്തിയ കുട്ടികൾ മൂന്ന് മണിക്കൂറോളം അവിടെ തങ്ങി കാഴ്ചകൾ ആസ്വദിച്ച് തിരിച്ചിറങ്ങാൻ തുടങ്ങുമ്പോഴാണ് ആനകളുടെ മുന്നിൽ ചെന്നുപെട്ടത്. കുഞ്ഞുങ്ങൾ കൂടെയുള്ളതിനാലാണ് ആനകൾ പരാക്രമത്തിന് ഒരുങ്ങിയത്.
നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെയാണ് തിങ്കളാഴ്ച മുതൽ വൈതൽമലയിലേക്കും വനത്തിലേക്കും പ്രവേശനം അനുവദിച്ചത്. തിങ്കളാഴ്ച ആറുപേരാണ് എത്തിയിരുന്നത്.ചൊവ്വാഴ്ചയും ആളുകൾ നാമമാത്രമായിരുന്നു. മൺസൂൺ കാലത്ത് വൈതൽമലയിലെത്തുന്ന ആനക്കൂട്ടം ആഗസ്റ്റ് ഒടുവിൽ മാത്രമേ കർണാടക വനത്തിലേക്ക് തിരികെ പോകാറുള്ളു. രണ്ട് വർഷമായി കോവിഡ് നിയന്ത്രണത്തെ തുടർന്ന് വൈതൽ വനവും പുൽമേടും മനുഷ്യ സാന്നിധ്യമില്ലാതെ കഴിയുകയാണ്. അതിനാൽ വന്യജീവികളെല്ലാം സ്വതന്ത്രമായി ഇറങ്ങി നടക്കുന്നത് പതിവുകാഴ്ചയാണ്. കാട്ടുനായ്, കടുവ തുടങ്ങിയ ജീവികളെയും വനത്തിൽ നേരത്തെ കണ്ടിരുന്നതായി വനപാലകർ പറയുന്നു. ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നതിനാൽ അപകട സാധ്യതയേറെയാണെന്നും സഞ്ചാരികളുടെ വരവ് നിയന്ത്രിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളെല്ലാം കൈയടക്കിയ ആനക്കൂട്ടം വ്യാപക നഷ്ടങ്ങളും വരുത്തിയിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ വനമേഖലയിൽ പ്രവേശിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.